
കഴിഞ്ഞ വർഷവും അതേ സ്ഥലത്ത് ആത്മഹത്യക്ക് ശ്രമം
മുംബയ്: മഹാരാഷ്ട്രയിൽ കൊക്കയിൽ ചാടി മരിച്ച18കാരൻ കുനാൽ കഴിഞ്ഞവർഷവും ആത്മഹത്യാഭീഷണി മുഴക്കിയിരുന്നു.30,000ലേറെ ഫോളോവേഴ്സുള്ള യൂട്യൂബറാണ് കുനാലിന്റെ അമ്മ സംഗീത. കുടുംബപ്രശ്നങ്ങളും മാതാപിതാക്കൾ തമ്മിലുള്ള വഴക്കും കുനാലിനെ ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 6 വർഷങ്ങൾക്കുമുൻപ് സഹോദരൻ മരിച്ചു.സ്‌നേഹത്തിന് വില കൽപ്പിക്കാത്തയാൾക്കുവേണ്ടി എന്തുചെയ്തിട്ടും കാര്യമില്ലെന്ന് ഒരു വീഡിയോയിൽ സംഗീത പറയുന്നുണ്ട്.
ഛത്രപതി സംഭാജിനഗറിൽ കഴിഞ്ഞ ദിവസമാണ് കുനാൽ ആത്മഹത്യാ ഭീഷണി മുഴക്കിയതും രക്ഷിക്കാൻ ശ്രമിച്ച പിതാവും കുനാലും കൊക്കയിൽ വീണ് മരിച്ചതും. പിന്നാലെ അമ്മ സംഗീതയും കൊക്കയിൽ ചാടി മരിച്ചു. മൂത്ത സഹോദരന്റെ മരണത്തെത്തുടർന്നുണ്ടായ കുടുംബപ്രശ്നങ്ങളും മാതാപിതാക്കൾ തമ്മിലുള്ള വഴക്കും അവനെ ഈ കടുത്ത തീരുമാനത്തിലേക്ക് നയിച്ചിട്ടുണ്ടാകാമെന്ന് അധികൃതർ പറയുന്നു. സംഗീതയുടെ പല വീഡിയോയിലും കുനാലും പ്രത്യക്ഷപ്പെടുന്നുണ്ട്. എന്നാൽ വീഡിയോകളിൽ ഒന്നും തന്നെ ഭർത്താവ് പ്രത്യക്ഷപ്പെട്ടിരുന്നില്ല.
സംഗീതയും ഐ ഫോൺ ആയിരുന്നു ഉപയോഗിച്ചിരുന്നതെന്ന് വീഡിയോകളിൽ നിന്ന് വ്യക്തമാണ്. മരണത്തിന് തൊട്ടുമുമ്പ് ചിത്രീകരിച്ച വീഡിയോയിൽ സ്‌നേഹത്തിന് വില കൽപ്പിക്കാത്തയാൾക്കുവേണ്ടി എന്തുചെയ്തിട്ടും കാര്യമില്ല എന്നുള്ളതും ബന്ധങ്ങളുടെ മൂല്യത്തെക്കുറിച്ചുമൊക്കെയാണ് പറയുന്നത്. മറാത്തി ഭാഷയിലുള്ള ഒരുമിനിട്ട് ദൈർഘ്യമുള്ള വീഡിയോ പ്രചരിക്കുകയാണ്.
ഡ്രൈവറായി ജോലി ചെയ്തിരുന്ന ഭർത്താവുമായി സംഗീത അകന്ന് കഴിയുകയായിരുന്നുവെന്നാണ് വിവരം. ആറുവർഷങ്ങൾക്കുമുൻപ് അസുഖബാധിതനായി സംഗീതയുടെ മൂത്ത മകൻ മരിച്ചു. കുനാൽ കഴിഞ്ഞവർഷവും ആത്മഹത്യാഭീഷണി മുഴക്കി കുന്നിലെത്തിയിരുന്നുവെന്നും വിവരമുണ്ട്. കുനാൽ ഒരു ഐഫോൺ വാങ്ങിയിരുന്നെങ്കിലും അതിന്റെ തവണകൾ അടയ്ക്കാൻ സാധിച്ചിരുന്നില്ലെന്നും പൊലീസ് പറയുന്നു. സംഭവദിവസം കുനാലും പിതാവുമായി തർക്കമുണ്ടാവുകയും കൊക്കയ്ക്കരികിലേക്ക് ഓടിപ്പോവുകയുമായിരുന്നെന്നാണ് വിവരം.
ദുരൂഹമായ പോസ്റ്റ്
സംഗീത ചന്ദ്ഗുഡെയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളും കുടുംബത്തിനുള്ളിലെ അസ്വാരസ്യങ്ങളെക്കുറിച്ച് സൂചന നൽകിയിരുന്നു. 'സ്വത്തിൻമേലുള്ള എന്റേയും എന്റെ മകന്റേയും അവകാശം നിങ്ങൾ കവർന്നെടുത്തു. സഹോദരങ്ങളെയും മാതാപിതാക്കളെയും ഒന്നിച്ച് ചേരാൻ നിങ്ങൾ അനുവദിച്ചില്ല. നിങ്ങൾ എന്റെ സന്തോഷകരമായ കുടുംബത്തെ തകർത്തു. നിങ്ങൾ എന്റെ കുടുംബത്തിൽ വിഷം കലർത്തി. എന്റെ മകനെ അവന്റെ മാതാപിതാക്കളിൽ നിന്ന് നിങ്ങൾ അകറ്റി. ഈ പാപത്തിന് നിങ്ങളുടെ വരുംതലമുറകൾ, ഏഴ് തലമുറകൾ വരെ അനുഭവിക്കേണ്ടിവരും. ഇതാണ് എന്റെ ശാപം,' സമീപകാലത്തായി പുറത്തുവിട്ട ഒരു വീഡിയോയിൽ അവർ പറഞ്ഞു. ആരെക്കുറിച്ചാണ് സംഗീത പരാമർശിച്ചതെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |