SignIn
Kerala Kaumudi Online
Monday, 26 October 2026 2.22 AM IST

‘ഭദ്രം’ ശ്രേണിയുമായി കേരളാ പെയിന്റ്സ്

kerala-paints

ആരോഗ്യ സൗഹൃദ പെയിന്റിംഗ് സംസ്കാരം ലക്ഷ്യം

കൊച്ചി: പ്രകൃതിദത്ത റബർ ലാറ്റക്സ് സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ച ‘ഭദ്രം’ പെയിന്റ് ശ്രേണി വിപണിയിൽ അവതരിപ്പിച്ച് കേരളാ പെയിന്റ്സ്. റബർ ബോർഡിന് കീഴിലുള്ള റബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ വികസിപ്പിച്ച സാങ്കേതികവിദ്യയാണിത്. പെയിന്റിന്റെ ഭംഗിക്കും ഈടിനുമൊപ്പം വീടിനുള്ളിലെ വായുവിന്റെ ഗുണനിലവാരത്തിനും പ്രാധാന്യം നൽകുന്ന ഉൽപ്പന്നങ്ങൾ വികസിപ്പിക്കുകയാണ് ലക്ഷ്യം.

ജൈവകൃഷി, ആരോഗ്യം, സുസ്ഥിര ജീവിതശൈലി തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചിരുന്ന വിദഗ്ധരുടെ കൂട്ടായ്മയിലാണ് കേരളാ പെയിന്റ്സ് എന്ന ആശയം രൂപപ്പെട്ടത്. എറണാകുളം ജില്ലയിൽ ആരംഭിച്ച ‘ആനന്ദകേന്ദ്രം’ എന്ന ജീവിതശൈലി സംരംഭത്തിലെ അനുഭവങ്ങളും ദൈനംദിന ജീവിതത്തിലെ രാസവസ്തുക്കളെക്കുറിച്ചുള്ള പഠനങ്ങളുമാണ് പുതിയ പെയിന്റ് സാങ്കേതികവിദ്യയിലേക്ക് വഴിയൊരുക്കിയത്.

ഒന്നര വർഷത്തെ ഗവേഷണത്തിന്റെ നേട്ടം

പെയിന്റുകളിലും വുഡ് പോളിഷുകളിലും അടങ്ങിയിരിക്കാവുന്ന അസ്ഥിര ജൈവസംയുക്തങ്ങളായ വി.ഒ.സി (വോളറ്റൈൽ ഓർഗാനിക് കോമ്പൗണ്ട്സ്) ചില സാഹചര്യങ്ങളിൽ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാം. ഇവയുടെ അളവ് കുറയ്ക്കുന്നതിനൊപ്പം കവറേജ്, വാഷബിലിറ്റി, ഫിനിഷ്, ഈട് തുടങ്ങിയ ഗുണങ്ങൾ നിലനിർത്തുകയെന്നതായിരുന്നു ഗവേഷണത്തിലെ പ്രധാന വെല്ലുവിളി.

ഒന്നരവർഷത്തെ ഗവേഷണത്തിനൊടുവിൽ പ്രകൃതിദത്ത റബർ ലാറ്റക്സും കാൽസ്യം അധിഷ്ഠിത പ്രകൃതിദത്ത വസ്തുക്കളും സംയോജിപ്പിച്ച സാങ്കേതികവിദ്യ വികസിപ്പിച്ചു. കഴിഞ്ഞ വർഷം കോട്ടയത്തെ റബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയിൽ നിന്ന് സാങ്കേതികവിദ്യ കേരളാ പെയിന്റ്സ് ഔദ്യോഗികമായി ഏറ്റുവാങ്ങി.

വിപണിയിൽ വ്യത്യസ്തത ലക്ഷ്യം

കുറഞ്ഞ വി.ഒ.സി അളവ്, രൂക്ഷമായ രാസഗന്ധത്തിന്റെ അഭാവം, മികച്ച കവറേജ്, വാഷബിലിറ്റി, ഷീൻ ഫിനിഷ്, നിറങ്ങളുടെ വൈവിധ്യം എന്നിവയാണ് ‘ഭദ്രം’ ഇന്റീരിയർ എമൾഷന്റെ സവിശേഷതകളെന്ന് കമ്പനി പറയുന്നു. പെയിന്റ് തിരഞ്ഞെടുക്കുമ്പോൾ നിറം, വില, ഈട് എന്നിവയ്ക്കൊപ്പം അതിന്റെ രാസഘടനയും വീടിനുള്ളിലെ ഉപയോഗത്തിന് അനുയോജ്യതയും പരിഗണിക്കണമെന്ന സന്ദേശമാണ് കമ്പനി മുന്നോട്ടുവയ്ക്കുന്നത്. കുറഞ്ഞ വി.ഒ.സി ഉള്ള പെയിന്റ് ഉപയോഗിക്കുന്നതിനൊപ്പം ശരിയായ വായുസഞ്ചാരവും ഈർപ്പനിയന്ത്രണവും ഉറപ്പാക്കേണ്ടതും പ്രധാനമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA PAINTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360