SignIn
Kerala Kaumudi Online
Monday, 05 October 2026 6.27 PM IST

പുതിയ സമവാക്യം?​ ഹർദീപ് പുരിക്ക് സീറ്റ് ഇല്ല; യുപിയിൽ എട്ട് രാജ്യസഭാ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി

hardeep-puri-
കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരി

ന്യൂഡൽഹി: ഉത്തർപ്രദേശിൽ നടക്കാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിനായി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. ജാതി സാമുദായിക സ​മവാക്യങ്ങൾ പരിഗണിച്ചാണ് സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഒക്ടോബർ 16നാണ് ഉത്തർപ്രദേശിലെ രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരിയുടെ പേര് പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. വീണ്ടും രാജ്യസഭയിലേക്ക് പരിഗണിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്ന നേതാവാണ് ഹർദീപ് പുരി. കൂടാതെ,​ കേന്ദ്ര സഹമന്ത്രി ബി എൽ വർമയുടെയും മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെയും പേരുകൾക്കും പട്ടികയിൽ ഇടം ലഭിച്ചിട്ടില്ല.

ഉത്തർപ്രദേശ് മന്ത്രി ധരംപാൽ സിംഗ്, അഭിഭാഷകൻ രാധാകാന്ത് ഓജ, സംസ്ഥാന ബിജെപി ഒബിസി മോർച്ച അദ്ധ്യക്ഷൻ പ്രകാശ് പാൽ, മുൻ എംപി വിദ്യാസാഗർ സോങ്കർ, ഗോപി കൃഷ്ണ പാണ്ഡെ, മുൻ എംപി പ്രിയങ്ക സിംഗ് റാവത്ത്, സംസ്ഥാന ജനറൽ സെക്രട്ടറി രാം പ്രതാപ് സിംഗ് ചൗഹാൻ, ജാർഖണ്ഡ് ഗവർണർ സന്തോഷ് ഗംഗ്വാറിന്റെ മകൾ ശ്രുതി ഗംഗ്വാർ എന്നിവരാണ് ബിജെപിയുടെ സ്ഥാനാർത്ഥികൾ.

ഉത്തർപ്രദേശിൽ ആകെ പത്ത് രാജ്യസഭാ സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഇതിൽ ഏഴ് സീറ്റുകളിൽ ബിജെപിക്ക് വിജയസാദ്ധ്യത ഉറപ്പാണെന്നാണ് നിലവിലെ അംഗബലം സൂചിപ്പിക്കുന്നത്. എട്ടാമത്തെ സീറ്റും നേടുന്നതിനാണ് ബിജെപി ശ്രമിക്കുന്നത്. സമാജ്‌വാദി പാർട്ടി ഇതിനകം രണ്ട് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നാമതൊരു സ്ഥാനാർത്ഥിയെ കൂടി മത്സരിപ്പിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ബിജെപി പ്രഖ്യാപിച്ച എട്ട് സ്ഥാനാർത്ഥികളും നാളെ രാവിലെ 11.30ന് ലക്നൗവിൽ നാമനിർദേശ പത്രിക സമർപ്പിക്കും. മുഖ്യമന്ത്രി യോഗി ആദിത്യനാഥും സംസ്ഥാന ബിജെപി അദ്ധ്യക്ഷൻ പങ്കജ് ചൗധരിയും ചടങ്ങിൽ പങ്കെടുക്കും. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കൂടി കണക്കിലെടുത്താണ് സ്ഥാനാർത്ഥി നിർണയത്തിൽ വിവിധ ജാതി-സാമുദായിക വിഭാഗങ്ങൾക്ക് ബിജെപി പ്രാതിനിധ്യം നൽകിയത്. മൂന്ന് ഒബിസി വിഭാഗക്കാരും മൂന്ന് ജനറൽ വിഭാഗക്കാരും രണ്ട് പട്ടികജാതി വിഭാഗക്കാരുമാണ് പട്ടികയിലുള്ളത്. രണ്ട് വനിതകളും സ്ഥാനാർത്ഥി പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

അതേസമയം, ഹർദീപ് പുരിയെയും ബിഎൽ വർമയെയും പട്ടികയിൽ നിന്ന് ഒഴിവാക്കിയതോടെ കേന്ദ്രമന്ത്രിസഭയിൽ മാറ്റം ഉണ്ടായേക്കുമെന്ന ചർച്ചകളും സജീവമായിട്ടുണ്ട്. എന്നാൽ മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് ബിജെപി ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

English Summary

The BJP has announced eight candidates for the upcoming Rajya Sabha elections in Uttar Pradesh, scheduled for October 16. Union Ministers Hardeep Singh Puri, B.L. Verma, and former minister Smriti Irani were notably excluded from the list. The selection prioritizes caste and community representation, with candidates including three OBC, three general, two SC, and two women.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HARDEEP PURI, UP RAJYA SABHA ELECTION, BJP RAJYA SABHA CANDIDATES, UTTAR PRADESH BJP, RAJYA SABHA ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360