തേനി: തമിഴ്നാട്ടിലെ തേനി ജില്ലാ ജയിലിൽനിന്ന് രക്ഷപ്പെട്ട 17 വിചാരണത്തടവുകാരിൽ എട്ടുപേരെക്കൂടി പൊലീസ് പിടികൂടി. ഇതോടെ പിടിയിലായവരുടെ എണ്ണം 13 ആയി. ഇനി നാലുപേരെക്കൂടി കണ്ടെത്താനുണ്ട്. ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണം ഉൾപ്പെടെ ശക്തമായ തിരച്ചിലാണ് പൊലീസ് നടത്തുന്നത്. ജയിൽ ചാടിയ അഞ്ചുപേരെ നേരത്തേ വിവിധ സ്ഥലങ്ങളിൽനിന്ന് പൊലീസ് പിടികൂടിയിരുന്നു. തുടർന്ന്, തടവുകാർ രക്ഷപ്പെടാൻ സാധ്യതയുള്ള സ്ഥലങ്ങളിലും ജയിലിന് സമീപത്തെ കാടുപിടിച്ച പ്രദേശങ്ങളിലും ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് എട്ടുപേരെക്കൂടി കണ്ടെത്തി കസ്റ്റഡിയിലെടുത്തത്. ശേഷിക്കുന്ന നാലുപേർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
ആണ്ടിപ്പെട്ടിക്ക് സമീപം തേക്കംപെട്ടിയിലാണ് തേനി ജില്ലാ ജയിൽ സ്ഥിതി ചെയ്യുന്നത്. വിവിധ ജില്ലകളിൽനിന്നുള്ള 334 തടവുകാരാണ് ജയിലിലുള്ളത്. ഇവരെ നാല് ബ്ലോക്കുകളിലായാണ് പാർപ്പിച്ചിരുന്നത്. രാത്രി 10.30ഓടെയാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. ജയിലിലെ മൂന്നാം ബ്ലോക്കിലുണ്ടായിരുന്ന ഒരു തടവുകാരൻ അപസ്മാരം ബാധിച്ചതായി അഭിനയിച്ചു. തുടർന്ന് ഇയാളെ ആശുപത്രിയിലെത്തിക്കണമെന്ന് സഹതടവുകാർ ജയിൽ ജീവനക്കാരോട് ആവശ്യപ്പെട്ടു.
ഇതനുസരിച്ച് സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ജീവനക്കാർ ബ്ലോക്ക് തുറന്നതോടെ തടവുകാർ കൂട്ടത്തോടെ ഇവരെ ആക്രമിച്ചു. ജീവനക്കാർക്ക് പരിക്കേൽപ്പിച്ചശേഷം തടവുകാർ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ബ്ലോക്കിന്റെ ഗേറ്റ് പൂട്ടി. പ്രധാന കവാടത്തിൽ തടയാൻ ശ്രമിച്ച രണ്ട് സുരക്ഷാ ജീവനക്കാരെയും സംഘം ആക്രമിച്ചു. ഇവരിൽനിന്ന് താക്കോൽ കൈക്കലാക്കിയശേഷമാണ് തടവുകാർ പ്രധാന കവാടം തുറന്ന് പുറത്തുകടന്നത്. രക്ഷപ്പെട്ടവരിൽ മൂന്നുപേർ കൊലക്കേസ് പ്രതികളാണെന്നാണ് വിവരം.
സംഭവമറിഞ്ഞയുടൻ മധുര റേഞ്ച് ഐ.ജി ഉൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ജയിലിലെത്തി. തുടർന്ന് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ച് തിരച്ചിൽ ആരംഭിച്ചു. സമീപത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് വിവരങ്ങൾ കൈമാറുകയും പരിശോധന ശക്തമാക്കുകയും ചെയ്തു. കേരളത്തിൽ ഇടുക്കി ജില്ലയുമായി അതിർത്തി പങ്കിടുന്ന പ്രദേശമായതിനാൽ തടവുകാർ ഇടുക്കിയിലേക്കോ പാലക്കാട് ജില്ലയിലേക്കോ കടക്കാനുള്ള സാധ്യതയും പൊലീസ് കണക്കിലെടുത്തിരുന്നു. ഇതിന്റെ ഭാഗമായി കേരള പൊലീസിന്റെ സഹായവും തേടി. ഇടുക്കിയിലേക്കുള്ള മൂന്ന് പ്രധാന വഴികളിൽ പരിശോധന ശക്തമാക്കി. നിലവിൽ 25 പൊലീസ് സംഘങ്ങളെയാണ് രക്ഷപ്പെട്ട തടവുകാരെ കണ്ടെത്തുന്നതിനായി നിയോഗിച്ചിരിക്കുന്നത്. ശേഷിക്കുന്ന നാലുപേരെക്കൂടി പിടികൂടാനുള്ള ശ്രമം ഊർജിതമായി തുടരുകയാണ്.
Tamil Nadu police have apprehended eight more undertrial prisoners who escaped from Theni District Jail, bringing the total to 13. Seventeen prisoners initially fled after attacking guards. A massive search operation, including drones and inter-state coordination, is underway to locate the remaining four escapees, some of whom are accused in murder cases.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |