മുംബയ്: ഇന്ത്യ വിടണമെന്ന നിർദേശത്തിൽ നിന്ന് നടൻ ഇമ്രാൻ ഖാന് താൽക്കാലിക ആശ്വാസം. വിദേശികളുടെ രജിസ്ട്രേഷൻ വിഭാഗം പുറപ്പെടുവിച്ച ലീവ് ഇന്ത്യ നോട്ടീസിന്റെ നടപടിയാണ് ബോംബെ ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തത്. കേസ് നവംബർ രണ്ടിന് വീണ്ടും പരിഗണിക്കും. അതുവരെ ഇമ്രാൻ ഖാനെതിരെ നിർബന്ധിത നടപടികൾ സ്വീകരിക്കില്ലെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു.
ഒക്ടോബർ 28നുള്ളിൽ ഇന്ത്യ വിടണമെന്നായിരുന്നു ഇമ്രാൻ ഖാന് ലഭിച്ചിരുന്ന നിർദേശം. ഇതിനെ ചോദ്യം ചെയ്ത് താരം ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്നാണ് നടപടി. ഇന്ത്യൻ പൗരനല്ലാത്ത ഇമ്രാൻ ഖാൻ പ്രതിഷേധത്തിൽ പങ്കെടുത്തതിനെത്തുടർന്ന് ഇമിഗ്രേഷൻ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം നടപടിയെടുക്കുമെന്നാണ് ലീവ് ഇന്ത്യ നോട്ടീസിൽ വ്യക്തമാക്കിയിരുന്നത്. അമേരിക്കൻ പൗരത്വമുള്ള ഇമ്രാൻ ഖാൻ ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) കാർഡ് ഉടമയാണ്. കോടതി ഹർജി പരിഗണിക്കവെ കേസിൽ മറുപടി നൽകാൻ കേന്ദ്രസർക്കാർ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെത്തുടർന്നാണ് അടുത്ത വാദം നവംബർ രണ്ടിലേക്ക് മാറ്റിയത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനാണ് കേസ് വീണ്ടും പരിഗണിക്കുക.
ഇമ്രാനുവേണ്ടി മുതിർന്ന അഭിഭാഷകൻ വെങ്കടേഷ് ധോണ്ടും കേന്ദ്രസർക്കാരിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയും കോടതിയിൽ ഹാജരായി. നിശ്ചയിച്ച സമയപരിധി അടുത്ത ദിവസമായതിനാൽ അടിയന്തരമായി കേസ് പരിഗണിക്കണമെന്ന് ഇമ്രാന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് ഉറപ്പ് ലഭിച്ചതിനെത്തുടർന്ന് ലീവ് ഇന്ത്യ നോട്ടീസിന്റെ നടപടി അടുത്ത വാദം വരെ കോടതി താൽക്കാലികമായി നിർത്തിവച്ചു. അതിനാൽ ഈ കാലയളവിൽ ലീവ് ഇന്ത്യ നോട്ടീസിന്റെ അടിസ്ഥാനത്തിൽ ഇമ്രാനെതിരെ നിർബന്ധിത നടപടികൾ ഉണ്ടാകില്ല.
ഒക്ടോബർ 10ന് എസ്ഐആറുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെയാണ് ഇമ്രാൻ ഖാനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അദ്ദേഹത്തിന്റെ പങ്കാളി ലേഖ വാഷിംഗ്ടണും ബന്ധുവായ സെയ്ൻ മേരി ഖാനും കസ്റ്റഡിയിലായിരുന്നു. സംഭവത്തിന് പിന്നാലെ ഒക്ടോബർ 14ന് വിദേശികളുടെ രജിസ്ട്രേഷൻ വിഭാഗം ഇമ്രാന് ഇന്ത്യ വിടാനുള്ള നോട്ടീസ് നൽകുകയായിരുന്നു. ഒക്ടോബർ 28നകം രാജ്യം വിടണമെന്നായിരുന്നു നിർദേശം.
Actor Imran Khan, an OCI cardholder, secured temporary relief as the Bombay High Court stayed a "Leave India" notice from the Foreigners Registration Department. Khan had challenged the notice, issued after his custody during a protest. The court adjourned the case to November 2, with the Central government assuring no coercive action against him until then.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |