ബംഗളൂരു: ഓൺലൈൻ വിതരണ ശൃംഖലയായ സ്വിഗ്ഗിയുടെ ഇൻസ്റ്റമാർട്ട് വഴി പാചകവാതകം ഇനി വീടുകളിൽ വിതരണം ചെയ്യും. സ്വിഗ്ഗിയും ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷനും (എച്ച്പിസിഎൽ) സംയുക്തമായി ചേർന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്. നാളെ മുതൽ ഇത് നിലവിൽ വരും. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിൽ സേവനം നടപ്പാകുന്നത്. 14.2 കിലോയാണ് നിലവിൽ കമ്പനികൾ വിതരണം ചെയ്യുന്ന ഗാർഹികാവശ്യത്തിനായുള്ള സിലിണ്ടറിനുള്ള അളവ്. എന്നാൽ ഇൻസ്റ്റമാർട്ട് വഴി വിതരണം ചെയ്യുക 5കിലോ, 10 കിലോ സിലിണ്ടറുകളാകും. ആദ്യഘട്ടത്തിൽ മലയാളികൾ നിരവധിയുള്ള ബംഗളൂരു നഗരത്തിലാകും ഇവ വിതരണം ചെയ്യുക.
സിലിണ്ടർ വാങ്ങാൻ ഒരു എച്ച്‌പി കണക്ഷൻ ആവശ്യമില്ല എന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. എന്നാൽ വിലവിവരം പുറത്തുവന്നിട്ടില്ല. ആദ്യം ബംഗളൂരുവിൽ നടപ്പാക്കി ക്രമേണ രാജ്യത്തെ മറ്റ് നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും. 10 കിലോയുടെയോ അഞ്ച് കിലോയുടെയോ കുറ്റികൾ ഓർഡർ ചെയ്യാം. ആദ്യത്തേത് പുതിയ ഓർഡറായും രണ്ടാമത്തേത് റീഫില്ലായും ഓർഡർ ചെയ്യാം. ഈ സമയം ഒഴിഞ്ഞ എച്ച്‌പിസിഎൽ കുറ്റികൾ കൈമാറണം.
എച്ച്പിസിഎല്ലിന്റെ പരിശീലനം ലഭിച്ചയാളാകും ഗ്യാസ് കുറ്റി വീട്ടിലെത്തിക്കുക. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാകും ഡെലിവറി. ആദ്യത്തെ തവണ വിതരണം ചെയ്യുമ്പോൾ തിരിച്ചറിയൽ രേഖകളും ഡെലിവറി രേഖകളും പൂർത്തിയാക്കണം. നിലവിൽ ലോകത്തിലെ രണ്ടാമത് വലിയ എൽപിജി ഉപഭോക്തൃ രാജ്യം ഇന്ത്യയാണ്. വിതരണ കമ്പനികളിൽ പ്രധാനപ്പെട്ടവ സർക്കാർ ചുമതലയുള്ള ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവയാണ്.
Swiggy Instamart has partnered with Hindustan Petroleum Corporation Limited (HPCL) to introduce doorstep delivery of LPG cylinders through its quick-commerce platform. The service, which begins tomorrow, is the first of its kind in India. Initially, customers in Bengaluru will be able to order 5 kg and 10 kg LPG cylinders via Instamart, while the standard 14.2 kg domestic LPG cylinders will continue to be distributed through existing channels.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |