ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്രത്തിലെ സംഭാവന കൈകാര്യം ചെയ്യുന്നതിൽ ക്രമക്കേടുകൾ നടന്നതായി റിപ്പോർട്ട് ചെയ്ത മാദ്ധ്യമപ്രവർത്തകൻ അഭിഷേക് ഉപാദ്ധ്യായയ്ക്ക് സുപ്രീം കോടതിയുടെ ഇടക്കാല സംരക്ഷണം. വാഹനാപകടവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഉപാദ്ധ്യായയ്ക്കെതിരെ നിർബന്ധിത നടപടികൾ സ്വീകരിക്കരുതെന്ന് കോടതി നിർദേശിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തർപ്രദേശ് സർക്കാരിന് നോട്ടീസ് അയച്ചത്.
ഗാസിയാബാദിലെ ഇന്ദിരാപുരം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിന്റെ പകർപ്പ് ഉപാദ്ധ്യായയ്ക്ക് നൽകണമെന്നും കോടതി നിർദേശിച്ചു. ഭാവിയിൽ ഉത്തർപ്രദേശ് പൊലീസ് അദ്ദേഹത്തിനെതിരെ രജിസ്റ്റർ ചെയ്യുന്ന മറ്റ് എഫ്ഐആറുകളിലും ഇടക്കാല സംരക്ഷണം ബാധകമായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, എഫ്ഐആർ റദ്ദാക്കണമെന്ന ആവശ്യവുമായി അലഹബാദ് ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീം കോടതി ഉപാദ്ധ്യായയോട് നിർദേശിച്ചു. കേസ് സെപ്തംബർ ഏഴിലേക്ക് മാറ്റിവച്ചു. തനിക്ക് എഫ്‌ഐആറിന്റെ പൂർണപകർപ്പ് നൽകിയിട്ടില്ലെന്നും സംഭവസമയത്തെ സിസിടിവി ദൃശ്യങ്ങൾ ഇല്ലാതാക്കാൻ സമീപത്തെ കടയുടമകളിൽ പൊലീസ് സമ്മർദം ചെലുത്തുകയാണെന്നും ഉപാദ്ധ്യായ ഹർജിയിൽ ആരോപിച്ചു. ഉത്തർപ്രദേശിലെ അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണാത്മക റിപ്പോർട്ടിംഗിന്റെ പേരിൽ തന്നെ വേട്ടയാടാനാണ് വ്യാജ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.
ഓഗസ്റ്റ് 18നാണ് അഭിഷേക് ഉപാദ്ധ്യായക്കെതിരായ കേസിനാസ്പദമായ സംഭവം നടക്കുന്നത്. സ്‌കൂളിൽനിന്ന് മകളേയും കൂട്ടി കാറിൽ വരുമ്പോൾ ഗാസിയാബാദിലെ ഷിപ്രാ മാളിനടത്തുവച്ച് മോട്ടോർ സൈക്കിളിലെത്തിയ വ്യക്തി പ്രശ്നങ്ങളുണ്ടാക്കുകയായിരുന്നെന്ന് ഉപാദ്ധ്യായ പറഞ്ഞു. ബൈക്കിൽ കാർ തട്ടിയെന്നാരോപിച്ചായിരുന്നു പ്രശ്നം ഉണ്ടാക്കിയത്. എന്നാൽ, മകൾകൂടി കാറിലുണ്ടായിരുന്നതിനാൽ താൻ പ്രശ്നങ്ങളൊന്നുമുണ്ടാക്കാതെ അവിടെനിന്ന് പോയി. പിന്നീട് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് ഓഗസ്റ്റ് 20ന് തന്റെ വീട്ടിൽ പരിശോധന നടത്തിയെന്നും അറസ്റ്റ് ചെയ്യാനിടയുണ്ടെന്നും ഉപാദ്ധ്യായ ചൂണ്ടിക്കാട്ടി.
The Supreme Court granted interim protection to journalist Abhishek Upadhyay, who reported on alleged irregularities in Ayodhya Ram Temple donations. The court directed Uttar Pradesh police not to take coercive action against him in a car accident case, which Upadhyay claims is fabricated to target his investigative reporting. The UP government received a notice, and Upadhyay was advised to approach the Allahabad High Court.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |