ടെൽ അവീവ്: ഇറാൻ തന്റെ മകനെ വധിക്കാൻ ലക്ഷ്യമിട്ടിരുന്നുവെന്ന വെളിപ്പെടുത്തലുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രയേലിലെ ചാനൽ 14ൽ ഫോൺ മുഖേന നടത്തിയ അഭിമുഖത്തിലാണ് നെതന്യാഹുവിന്റെ വെളിപ്പെടുത്തൽ. 'അവിശ്വസനീയമായ കാര്യമാണ് സംഭവിച്ചത്. ഇറാൻ എന്റെ മക്കളിൽ ഒരാളെ ലക്ഷ്യമിട്ടു. എന്റെ മകനെ കൊല്ലാൻ ഇറാൻ ശ്രമിച്ചു,' നെതന്യാഹു പറഞ്ഞു. എന്നാൽ വധശ്രമം എപ്പോൾ എങ്ങനെയാണ് നടന്നതെന്നത് സംബന്ധിച്ച വിവരങ്ങൾ അദ്ദേഹം പുറത്തുവിട്ടിട്ടില്ല. നെതന്യാഹുവിന്റെ മക്കളായ യായിർ, അവ്നർ എന്നിവരിൽ ആരെയാണ് ലക്ഷ്യമിട്ടതെന്നും വ്യക്തമല്ല.
ഗാദി ഐസൻകോട്ട് ഉൾപ്പെടെയുള്ള പ്രധാനമന്ത്രി സ്ഥാനാർത്ഥികൾക്ക് ഷിൻ ബെറ്റ് സുരക്ഷ നൽകുന്നതുമായി ബന്ധപ്പെട്ട വിവാദത്തിനിടെയാണ് നെതന്യാഹുവിന്റെ പ്രതികരണം. പ്രധാനമന്ത്രി സ്ഥാനാർത്ഥിയായ ഐസൻകോട്ടിന് സുരക്ഷാ ഉദ്യോഗസ്ഥനെ നൽകാൻ ആഭ്യന്തര സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റ് വിസമ്മതിച്ചെന്ന റിപ്പോർട്ടുകളെക്കുറിച്ചുള്ള ചർച്ചയ്ക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
തന്റെ കുടുംബത്തിന് നൽകുന്ന സുരക്ഷ ആഡംബരമല്ലെന്നും നെതന്യാഹു വ്യക്തമാക്കി. തിരഞ്ഞെടുപ്പിൽ താൻ പരാജയപ്പെട്ടാലും ഭാര്യയ്ക്കും മക്കൾക്കും കുറഞ്ഞത് അഞ്ച് വർഷത്തേക്ക് സുരക്ഷ നൽകുന്നതുമായി ബന്ധപ്പെട്ട് ഷിൻ ബെറ്റുമായി ധാരണയായിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. 'ഈ സുരക്ഷയില്ലെങ്കിൽ അവർക്ക് എന്റെ മകനെ കൊല്ലുന്നതിൽ വിജയിക്കാനാകും. പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് എല്ലാവരും കുറച്ചെങ്കിലും സംയമനം പാലിക്കണം,'- നെതന്യാഹു പറഞ്ഞു.
നെതന്യാഹുവിന് രണ്ട് ആൺമക്കളും ഒരു മകളുമാണുള്ളത്. മൂത്ത മകൻ യായിർ 2024 മുതൽ മിയാമിയിലാണ് കഴിയുന്നത്. ഈ കാലയളവിൽ യായിറിന് ഷിൻ ബെറ്റ് സുരക്ഷ നൽകിയിരുന്നതായും റിപ്പോർട്ടുകളുണ്ട്. ഇളയ മകൻ അവ്നർ ഇസ്രയേലിലാണ് കൂടുതലും താമസിച്ചിട്ടുള്ളത്. യായിറിന് അമേരിക്കയിൽ സുരക്ഷ ഒരുക്കുന്നതിനായി നികുതിദായകരുടെ പണം ചെലവഴിക്കുന്നതിനെതിരെ നേരത്തെ തന്നെ വിമർശനമുയർന്നിരുന്നു. തെക്കൻ ഫ്‌ളോറിഡയിൽ ഇസ്രയേലിന്റെ ശത്രുക്കളിൽനിന്ന് ആക്രമണ ഭീഷണിയുണ്ടെന്ന പശ്ചാത്തലത്തിലാണ് സുരക്ഷ തുടരുന്നതെന്നാണ് റിപ്പോർട്ടുകൾ.
ഐസൻകോട്ടിന് സുരക്ഷ നൽകുന്നതുമായി ബന്ധപ്പെട്ട വിവാദത്തിലും നെതന്യാഹു പ്രതികരിച്ചു. 'ഏതൊരു പ്രധാനമന്ത്രി സ്ഥാനാർത്ഥിക്കും ആവശ്യമായ സുരക്ഷ നൽകണമെന്ന് ഞാൻ ഷിൻ ബെറ്റ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ട്,' അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 28ന് അമേരിക്കയ്‌ക്കൊപ്പം ഇറാനെതിരെ യുദ്ധനടപടികൾക്ക് തുടക്കം കുറിച്ചതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ പുതിയ വെളിപ്പെടുത്തൽ.
Israeli Prime Minister Benjamin Netanyahu has claimed that Iran attempted to assassinate one of his sons, though he did not reveal which son was targeted or provide details of the alleged plot. His remarks came amid controversy over security arrangements for his family and political candidates.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |