SignIn
Kerala Kaumudi Online
Saturday, 13 June 2026 2.17 AM IST

മദ്ധ്യപ്രദേശ് രാജ്യസഭാ തിര. വിവാദം, മീനാക്ഷിക്ക് ആശ്വാസമില്ല, ഹർജിയിൽ ഇടപെടാതെ സുപ്രീംകോടതി

e


 ഹൈക്കോടതിയിൽ തിര. ഹർജി നൽകാം

ന്യൂഡൽഹി: രാജ്യസഭാ തിരഞ്ഞെടുപ്പിലെ നാമനിർദ്ദേശപത്രിക തള്ളിയതിനെ ചോദ്യം ചെയ്ത് കോൺഗ്രസ് നേതാവ് മീനാക്ഷി നടരാജൻ നൽകിയ ഹർജിയിൽ ഇടപെടാതെ സുപ്രീംകോടതി. തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചുകഴിഞ്ഞാൽ ഇടപെടാൻ അധികാരമില്ലെന്ന് സുപ്രീംകോടതി അറിയിച്ചു. ഭരണഘടനയിലെ അനുച്ഛേദം 329 പ്രകാരം ഇടപെടാൻ വിലക്കുണ്ട്. ഹർജിയുടെ മെരിറ്റിലേക്ക് കടക്കുന്നില്ല. രാജ്യസഭാ തിരഞ്ഞെടുപ്പ് പ്രക്രിയ പ‌ൂർണമായ ശേഷം മീനാക്ഷിക്ക് ഹൈക്കോടതിയിൽ ജനപ്രാതിനിദ്ധ്യ നിയമപ്രകാരമുള്ള തിരഞ്ഞെടുപ്പ് ഹർജി നൽകാം. വരണാധികാരിയുടെ നടപടികളിൽ പിഴവുകളുണ്ടെങ്കിൽ കോടതിക്ക് ഇടപെടാനാകുമെന്ന വാദം ഈ ഘട്ടത്തിൽ പരിഗണിക്കാനാകില്ലെന്നും ജസ്റ്റിസുമാരായ പ്രശാന്ത് കുമാർ മിശ്ര,എ.എസ്. ചന്ദുർകർ എന്നിവരടങ്ങിയ ബെഞ്ച് നിലപാടെടുത്തു. ഹ‌ർജിയെ തിരഞ്ഞെടുപ്പ് കമ്മിഷൻ എതിർത്തു.

മദ്ധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാ സീറ്റിൽ മത്സരരംഗത്തുണ്ടായിരുന്ന മീനാക്ഷിയുടെ പത്രിക വരണാധികാരി തള്ളിയതോടെ ബി.ജെ.പി സ്ഥാനാർത്ഥി മഹേഷ് കേവാത്ത് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതുചോദ്യം ചെയ്‌താണ് അവർറിട്ട് ഹ‌ർജി സമർപ്പിച്ചത്.

സ്വകാര്യ ഹർജി

മടക്കി നൽകി

കോൺഗ്രസ് നേതാവ് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ തെലങ്കാനയുടെ ചുമതലയുള്ള മീനാക്ഷി നടപടി സ്വീകരിച്ചില്ലെന്നതാണ് പത്രിക തള്ളിയതിനുപിന്നിൽ കാരണമായ കേസ്. മീനാക്ഷി നടപടിയെടുത്തില്ലെന്നുള്ള ഹൈദരാബാദ് നൻപള്ളി മജിസ്ട്രേട്ട് കോടതിയിലുള്ള ഹർജി കോടതി പരാതിക്കാരിക്ക് മടക്കിനൽകി. തങ്ങളുടെ അധികാരപരിധിയിലുള്ള കേസല്ല എന്നാണ് ഹ‌ർജിക്കാരിയോട് പറഞ്ഞത്. സ്വകാര്യ ഹർജിയിൽ നോട്ടീസ് അയയ്ക്കുക മാത്രമാണ് മജിസ്ട്രേട്ട് കോടതി ചെയ്‌തിരിക്കുന്നതെന്ന് അഭിഭാഷകൻ അഭിഷേക് മനു സിംഗ്‌വി ഇന്നലെ സുപ്രീംകോടതിയിൽ വാദിച്ചിരുന്നെങ്കിലും അംഗീകരിക്കപ്പെട്ടില്ല.

കോൺഗ്രസ്

പ്രതിഷേധം

ഡൽഹിയിൽ മദ്ധ്യപ്രദേശ് പി.സി.സി അദ്ധ്യക്ഷൻ ജിതു പട്‌വാരി,അവിടുത്തെ പ്രതിപക്ഷ നേതാവ് ഉമംഗ് സിംഗർ എന്നിവരുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധമുയർത്തി. 'സീറ്റ് ചോരി" ആരോപിച്ച് ജന്തർ മന്ദറിൽ സത്യാഗ്രഹ സമരം നടത്തി. രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്താൻ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. നേതാക്കളെയും പ്രവർത്തകരെയും അറസ്റ്റുചെയ്‌തു നീക്കി. സന്ദർശനത്തിന് അനുമതി തേടിയെങ്കിലും രാഷ്ട്രപതി ദ്രൗപദി മുർമു സമയം നൽകിയില്ലെന്ന് നേതാക്കൾ കുറ്റപ്പെടുത്തി.

ബി.ജെ.പിക്ക് മുമ്പിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ കീഴ്പ്പെട്ടു. പൊതുജനങ്ങൾക്കു മുന്നിൽ ഇക്കാര്യം തുറന്നുകാട്ടപ്പെട്ടു.

-മീനാക്ഷി നടരാജൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360