SignIn
Kerala Kaumudi Online
Sunday, 28 June 2026 2.06 AM IST

നീറ്റിലും തീരുന്നില്ല; മഹാ ടെറ്റിലും ചോർച്ച,​ പരീക്ഷ റദ്ദാക്കി

e

മുംബയ്: നീറ്റ് യു.ജി ചോദ്യപേപ്പ‌‌ർ ചോർച്ചയിൽ നിന്ന് അധികൃതർ പാഠം ഉൾക്കൊള്ളുന്നില്ല. ചോദ്യപേപ്പർ വ്യാപകമായി ചോർന്നുവെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന മഹാരാഷ്ട്ര ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (മഹാ ടെറ്റ്) റദ്ദാക്കി. വെള്ളിയാഴ്ച താനെയിൽ ചോദ്യപേപ്പറിന് സമാനമായ നാല് സെറ്റ് പേപ്പറുകളുമായി മൂന്ന് പേർ അറസ്റ്റിലായതോടെയാണ് ചോർച്ച പുറത്തായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഘത്തെ പിടികൂടിയത്. പ്രതികൾ ചോദ്യപേപ്പറുമായി ഡൽഹിയിൽ നിന്ന് താനെയിൽ എത്തുകയായിരുന്നു. രണ്ടു പേർ ബീഹാർ സ്വദേശികളും ഒരാൾ ഹരിയാന സ്വദേശിയുമാണ്. ചോദ്യപേപ്പ‌ർ വിൽപനയിലൂടെ ഒന്നരക്കോടിയോളം രൂപ സമ്പാദിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് പൊലീസ് വ്യക്തമാക്കി. സംഘത്തിലെ പ്രധാനി ഒളിവിലാണ്. അയാൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കി. വിഷയത്തിൽ ഇടപെട്ട മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്, പൂനെ ജോയിന്റ് കമ്മിഷണർ പഞ്ചബ്റാവു ഉഗലെയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാൻ ഉത്തരവിട്ടു. കുറ്റക്കാർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് ഉറപ്പും നൽകി.

അതേസമയം, പരീക്ഷയുടെ പുതിയ തീയതി അറിയിച്ചിട്ടില്ല. വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതിന്റെയോ ഫീസ് അടയ്ക്കേണ്ടതിന്റെയോ കാര്യമില്ലെന്ന് മഹാരാഷ്ട്ര പരീക്ഷാ കൗൺസിൽ ഡെപ്യൂട്ടി കമ്മിഷണർ പ്രിയ ഷിൻഡെ പറഞ്ഞു. സംസ്ഥാനത്തെ 1728 സെന്ററുകളിലായി ആറ് ലക്ഷത്തിൽപ്പരം പേരാണ് പരീക്ഷയെഴുതാൻ തയ്യാറെടുത്തിരുന്നത്.

'പേപ്പർ ലീക്ക് സർക്കാർ'

രൂക്ഷവിമർശനവുമായെത്തിയ കോൺഗ്രസ്,​ ബി.ജെ.പിയുടേത് പേപ്പർ ലീക്ക് സ‌ർക്കാരാണെന്ന് പരിഹസിച്ചു. നീറ്റ് പരീക്ഷാ ചോർച്ചയുടെ പ്രധാന ഉറവിടം മഹാരാഷ്ട്രയായിരുന്നുവെന്നും, പാഠം പഠിക്കാൻ സംസ്ഥാന സർക്കാർ തയ്യാറായില്ലെന്നും ശിവസേന ഉദ്ദവ് വിഭാഗം കുറ്റപ്പെടുത്തി. രാജ്യത്ത് ചോദ്യപേപ്പർ ചോരാത്ത ഏതെങ്കിലും പൊതുപരീക്ഷ ബാക്കിയുണ്ടോയെന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജീത് ദിപ്‌കെ ചോദിച്ചു.

കൊള്ളയടിക്കുന്നു: രാഹുൽ

രാജ്യത്തെ വിദ്യാഭ്യാസ - പരീക്ഷാ സമ്പ്രദായങ്ങൾ കൊള്ളയടിക്കാനുള്ള സംവിധാനങ്ങളായി മാറ്റപ്പെട്ടിരിക്കുന്നുവെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. വെറുമൊരു ചോദ്യപേപ്പർ ചോർച്ചയല്ലിത്. യുവാക്കളുടെ ഭാവി കൊള്ളയടിക്കുന്നതാണെന്നും എക്‌സിൽ കുറിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL, LATESTNEWS, TET EXAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360