
കേന്ദ്രത്തിന് നോട്ടീസ്
ന്യൂഡൽഹി: അനിശ്ചിതകാല നിരാഹാരത്തിലായിരുന്ന പരിസ്ഥിതി-വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാങ്‌ചുകിന്റെ ആശുപത്രി മോചന ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാതെ ഡൽഹി ഹൈക്കോടതി. ഡൽഹി സഫ്ദർജംഗ് ആശുപത്രിയിലുള്ള അദ്ദേഹത്തിന്റെ മെഡിക്കൽ റിപ്പോർട്ട് പരിശോധിച്ച കോടതി, വാങ്‌ചുകിനോട് ഡോക്ടർമാരുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു.
വാങ്‌ചുകിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഭാര്യ ഗീതാജ്ഞലി ആങ്‌മോ നൽകിയ ഹർജിയിൽ ഇന്നലെ ചേർന്ന പ്രത്യേക സിറ്റിംഗിൽ കേന്ദ്ര സർക്കാരിനും ഡൽഹി പോലീസിനും കോടതി നോട്ടീസ് അയച്ചു. മൂന്നു ദിവസത്തിനകം ഈ വിഷയത്തിൽ മറുപടി നൽകാനാണ് ജസ്റ്റിസ് മിനി പുഷ്‌കർണയുടെ നിർദ്ദേശം. കേസ് 24ന് വീണ്ടും പരിഗണിക്കും.
തുടർച്ചയായ 21 ദിവസം നിരാഹാരം കിടന്ന വാങ്‌ചുകിനെ കഴിഞ്ഞ ദിവസമാണ് ബലംപ്രയോഗിച്ച് പൊലീസ് ഡൽഹി സഫ്ദർ ജങ് ആശുപത്രിയിലേക്ക് മാറ്റിയത്. സർക്കാരിന്റെ കീഴിലുള്ള സഫ്ദർജങ് ആശുപത്രിയിൽ വിശ്വാസമില്ലെന്നും വാങ്‌ചുകിന്റെ ജീവൻ അപകടത്തിലാണെന്നും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്നുമാണ് ഭാര്യ ആവശ്യപ്പെട്ടത്.
സഫ്ദർജങ് ആശുപത്രിയിലെ ഡോക്ടർമാർ കൃത്യമായ പരിചരണമാണ് വാങ്‌ചുക്കിന് നൽകുന്നതെന്നു നിരീക്ഷിച്ച കോടതി ചികിത്സ തുടരാൻ നിർദേശിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ജീവൻ അപകടത്തിലാണെന്ന വാദം കോടതി തള്ളി. വാങ്‌ചുക്കിന്റെ അനുവാദത്തോടെ മധുരമില്ലാത്ത ഓ.ആർ.എസ്. ലായനിയും പൊട്ടാസ്യം ക്ലോറൈഡ് ടാബ്ലറ്റുകളും മാത്രമാണ് നൽകുന്നത്. മറ്റു മരുന്നുകളൊന്നും കുറിച്ചിട്ടില്ലെന്ന ആശുപത്രി അധികൃതരുടെ റിപ്പോർട്ട് കോടതി അംഗീകരിച്ചു.
കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്ത സമയത്താണ് പൊലീസ് നടപടിയെന്നും ബലംപ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റിയതിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നും വാങ്‌ചുക്കിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു. ആവശ്യമായ ചികിത്സ ലഭ്യമാക്കാനാണ് പൊലീസ് ശ്രമിച്ചതെന്നും ജീവൻ അപകടത്തിലായാൽ ആര് ഉത്തരവാദിത്വമേറ്റെടുക്കുമെന്നും കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ ചേതൻ ശർമ്മ ചോദിച്ചു.
വാങ്‌ചുകിന്റെ മെഡിക്കൽ റിപ്പോർട്ട് പരിശോധിച്ച ബെഞ്ച് ആരോഗ്യപ്രശ്നങ്ങൾ സ്ഥിരീകരിക്കുകയും ഡോക്ടർമാരുമായി സഹകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ആശുപത്രി അധികൃതരുടെ അനുമതിയോടെ കുടുംബാംഗങ്ങൾക്ക് അദ്ദേഹത്തെ മുറിയിൽക്കയറി സന്ദർശിക്കാനും കോടതി അനുവാദം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |