
മീററ്റ്: ഇൻഷ്വറൻസ് തുകയ്‌ക്കായി ഭർത്താവിനെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന യുവതിയും കാമുകനും അറസ്റ്റിൽ. രാത്രി ഉറക്കഗുളിക കലർത്തിയ പാൽ നൽകി ഭർത്താവിനെ ബോധരഹിതനാക്കിയ ശേഷമാണ് പാമ്പുകളെ കിടക്കയിലിട്ടത്. ഹസ്തിനപുരത്ത് പ്ലേ സ്‌കൂൾ നടത്തിയിരുന്ന അതുൽ പൻവാറാണ് (30) കൊല്ലപ്പെട്ടത്. ഭാര്യ ദാമിനി പവാർ, സ്‌കൂളിലെ ഡ്രൈവറും ദാമിനിയുടെ കാമുകനുമായ തുഷാർ കുമാർ എന്നിവരാണ് അറസ്റ്റിലായത്. പാമ്പിനെ വിറ്റ രണ്ടുപേരെയും പൊലീസ് പിടികൂടി.
ഉത്തർപ്രദേശിലെ മീററ്റിൽ കഴിഞ്ഞ വെള്ളിയാഴ്ച ആയിരുന്നു സംഭവം. ഏഴു വർഷം പ്രണയിച്ച ശേഷമാണ് അതുലും ദാമിനിയും വിവാഹിതരായവരാണ്. ഇതിനു ശേഷമാണ് തുഷാറുമായി ദാമിനി പ്രണയത്തിലായത്. തുടർന്നാണ് അതുലിനെ കൊന്ന് 20 ലക്ഷത്തിന്റെ ഇൻഷ്വറൻസ് തട്ടിയെടുത്ത് നാടുവിടാൻ ഇവർ പദ്ധതിയിട്ടത്.
രണ്ടുമാസം മുൻപ് റോഡപകടത്തിൽ കൊല്ലാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്നാണ് പാമ്പിനെ ഉപയോഗിക്കാൻ തീരുമാനിച്ചത്. ദാമിനി നൽകിയ 15,000 രൂപയ്‌ക്ക് പാമ്പാട്ടികളിൽ നിന്ന് തുഷാറാണ് രണ്ടു വിഷപ്പാമ്പുകളെ വാങ്ങിയത്. തുടർന്നാണ് രാത്രി കിടക്കയിലിട്ടത്. മരണം ഉറപ്പാക്കിയ ശേഷം ദാമിനിയാണ് അതുലിനെ ആശുപത്രിയിലെത്തിച്ചത്. മരണവിവരം ബന്ധുക്കളെയും പൊലീസിനെയും അറിയിച്ചതും ദാമിനിയായിരുന്നു.
അസ്വാഭാവികത തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളുടെ ഫോൺ രേഖകൾ നിർണായകമായി. തുഷാറിന്റെ മൊബൈൽ ഫോണിൽ നിന്ന് പാമ്പിനെ പെട്ടിയിൽ അടച്ച ദൃശ്യങ്ങൾ ലഭിച്ചു. വിശദമായ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |