രാജ്യസഭയെ അറിയിച്ച് കേന്ദ്രസർക്കാർ
ന്യൂഡൽഹി: രാജ്യത്ത് വിവിധ കോടതികളിലായി കെട്ടികിടക്കുന്നത് 5.64 കോടി കേസുകൾ. കേരളത്തിൽ 18,12,563 കേസുകളിൽ തീരുമാനമാകാനുണ്ടെന്നും കേന്ദ്രസർക്കാർ രാജ്യസഭയെ അറിയിച്ചു. സുപ്രീംകോടതിയിൽ 96,024 കേസുകളാണ് തീർപ്പാകാതെയുള്ളത്. ഇതിൽ 5 വർഷത്തിനു മുകളിലുള്ള 24,611 എണ്ണവും 10 വർഷത്തിനു മുകളിലുള്ള 10,094 കേസുകളുമുണ്ട്. 26 എണ്ണം 30 വർഷത്തിനു മുകളിലായവയാണ്. രാജ്യത്തെ 25 ഹൈക്കോടതികളിലായി 64.72 ലക്ഷത്തിൽപ്പരം കേസുകൾ തീർപ്പാകാനുണ്ട്. ഇവയിൽ 30 വർഷത്തിനു മുകളിൽ പഴക്കമുള്ള 80,660 കേസുകളുണ്ട്. അലഹബാദ് ഹൈക്കോടതിയിലാണ് ഏറ്റവുമധികം കേസുകൾ കെട്ടിക്കിടക്കുന്നത്- 12,28,353. ഉത്തർപ്രദേശാണ് കൂടുതൽ കേസുകൾ തീർപ്പാകാനുള്ള സംസ്ഥാനം- 1,19,46,397.
കേരള ഹൈക്കോടതിയിൽ 2,46,302 കേസുകളാണ് തീർപ്പാക്കാനുള്ളത്. 5 വർഷത്തിനു മുകളിലുള്ള 1,06,117, പത്തു വർഷത്തിനു മുകളിലുള്ള 41,511, ഇരുപത് വർഷത്തിനു മുകളിലുള്ള 2004, മുപ്പത് വർഷത്തിനു മുകളിലുള്ള 74 കേസുകളുമാണ് കെട്ടിക്കിടക്കുന്നത്.
ഒഡീഷയിലെ ബി.ജെ.പി എം.പി ദിലീപ് റായിയുടെ ചോദ്യത്തിനു കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാളാണ് മറുപടി നൽകിയത്. ജൂലായ് 16 വരെയുള്ള കണക്കാണിത്. നാഷണൽ ജുഡിഷ്യൽ ഡേറ്റ ഗ്രിഡാണ് വിവരങ്ങളുടെ ഉറവിടമെന്ന് കേന്ദ്രം വ്യക്തമാക്കി.
കാരണങ്ങൾ
1.കേസുകളിലെ സങ്കീർണത
2.തെളിവെടുപ്പിലെ വൈകലുകൾ
3.കക്ഷികളുടെയും അന്വേഷണ ഏജൻസികളുടെയും അഭിഭാഷകരുടെയും അടക്കം മെല്ലപ്പോക്ക്
4.ജഡ്‌ജിമാരുടെയും ജീവനക്കാരുടെയും കുറവ്
5.അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം
ജഡ്‌ജിമാരുടെ ഒഴിവുകൾ
സുപ്രീംകോടതി- 3
ഹൈക്കോടതികൾ- 341
കീഴ്ക്കോടതികൾ- 7311
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |