
ന്യൂഡൽഹി: രാജ്യസഭാ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തിരിച്ചടി നേരിട്ട് കോൺഗ്രസ്. മദ്ധ്യപ്രദേശിൽ നിന്നുള്ള സ്ഥാനാർത്ഥിയായ മീനാക്ഷി നടരാജന്റെ നാമനിർദ്ദേശ പത്രിക റിട്ടേണിംഗ് ഓഫീസർ തള്ളി. ഇതോടെ പരാതി നൽകിയ ബിജെപി സ്ഥാനാർത്ഥി മഹേഷ് കേവത് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പിന്നാലെ കോൺഗ്രസ് അംഗങ്ങൾ തെരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തിന് മുന്നിലെത്തി പ്രതിഷേധിക്കുകയാണ്. ഇവരെ അകത്തേക്ക് കടത്തിവിട്ടില്ല. മദ്ധ്യപ്രദേശിലെ മൂന്ന് സീറ്റിലും ബിജെപിക്ക് ജയിക്കാൻ അവസരമായെന്ന് പ്രതിഷേധിക്കുന്ന കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. മീനാക്ഷി നടരാജന്റെ പേരിലുള്ള ഹൈദരാബാദ് കോടതിയിലെ ക്രിമിനൽ കേസിനെക്കുറിച്ച് നാമനിർദ്ദേശപത്രികയിൽ ഇല്ലെന്നാണ് ബിജെപി പരാതി നൽകിയത്. ഇതോടെ സൂക്ഷ്‌മപരിശോധനയിൽ പത്രിക തള്ളുകയായിരുന്നു.
തെലങ്കാനയിൽ തനിക്കെതിരെ ക്രിമിനൽ കേസുള്ള വിവരം മീനാക്ഷി നടരാജൻ മനഃപൂർവം മറച്ചുവച്ചു എന്നാണ് ബിജെപി ആരോപിച്ചത്. സുപ്രീംകോടതി നിയമമനുസരിച്ച് ഇത്തരം വിവരങ്ങളും പത്രികയിൽ ഉണ്ടായിരിക്കണമെന്ന് കേവതിന്റെ അഭിഭാഷകൻ പറഞ്ഞു. എന്നാൽ മീനാക്ഷി നടരാജനെതിരെ കേസുകളൊന്നും ഫയൽ ചെയ്‌തിട്ടില്ലെന്നാണ് കോൺഗ്രസിന്റെ മദ്ധ്യപ്രദേശിലെ ചുമതല വഹിക്കുന്ന ഹരീഷ് ചൗധരി പറഞ്ഞത്. കോടതിയിൽ നിന്നൊരു നോട്ടീസ് ലഭിച്ചെന്നുമാത്രമേ ഉള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. കേസിനെക്കുറിച്ചുള്ള വിവരങ്ങളാണ് പത്രികയിൽ നൽകേണ്ടതെന്നും നോട്ടീസ് നൽകി വിളിപ്പിച്ചതല്ല ഉൾപ്പെടുത്തേണ്ടതെന്നും അദ്ദേഹം വാദിച്ചു.
230 അംഗ മദ്ധ്യപ്രദേശ് നിയമസഭയിൽ നിലവിൽ 229 അംഗങ്ങളുണ്ട്. ഇതിൽ 164 എംഎൽഎമാർ ബിജെപിക്കുണ്ട്. കോൺഗ്രസിന് 64 സീറ്റും ഭാരത് ആദിവാസി പാർട്ടിക്ക് ഒരു സീറ്റുമാണ് ഉള്ളത്. നിലവിലെ അവസ്ഥയിൽ ബിജെപിക്ക് രണ്ടും കോൺഗ്രസിന് ഒന്നും സീറ്റുകൾ നേടാനാകും. എന്നാൽ മീനാക്ഷിയുടെ പത്രിക തള്ളിയതോടെ മൂന്നാമത് സ്ഥാനാർത്ഥിയായി ബിജെപിക്ക് വേണ്ടി നോമിനേഷൻ നൽകിയ മഹേഷ് കേവത് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |