SignIn
Kerala Kaumudi Online
Saturday, 11 July 2026 4.14 PM IST

ടിക്കറ്റുകളുടെ  സ്‌ക്രീൻഷോട്ട്, വാട്‌സാപ്പിലൂടെ അയച്ച ചിത്രം തുടങ്ങിയവ ഇനി റെയിൽവേ പരിഗണിക്കില്ല; പിഴ ലഭിക്കും

indian-railway
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: ടിക്കറ്റുകളുടെ സ്‌ക്രീൻഷോട്ടുകൾ, ഫോട്ടോകൾ, പിഡിഎഫ് കോപ്പികൾ, വാട്‌സാപ്പ് പോലുള്ള സമൂഹമാദ്ധ്യങ്ങളിലൂടെ പങ്കുവച്ച ടിക്കറ്റുകൾ എന്നിവ ഇനിമുതൽ സാധുവായ യാത്രാരേഖകളായി കണക്കാക്കില്ലെന്ന് റെയിൽവേ. റെയിൽവൺ ആപ്പുവഴി ബുക്ക് ചെയ്യുന്ന ഡിജിറ്റൽ അൺറിസർവ്‌ഡ് ടിക്കറ്റുകൾ എടുത്ത ഫോണിൽതന്നെ കാണിക്കണമെന്നാണ് റെയിൽവേ വ്യക്തമാക്കുന്നത്. മറ്റ് മെസേജിംഗ് ആപ്പുകൾ വഴി പങ്കുവയ്ക്കുന്ന ടിക്കറ്റുകൾ സ്വീകരിക്കില്ലെന്നും റെയിൽവേ വ്യക്തമാക്കി.

ഇനിമുതൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഉപയോഗിച്ച അതേ മൊബൈൽ ഫോണിൽതന്നെ ടിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. പരിശോധന സമയത്ത് ടിക്കറ്റ് ഒറിജിനൽ ആപ്പിൽ കാണിക്കാൻ സാധിച്ചില്ലെങ്കിൽ ടിക്കറ്റില്ലാത്ത യാത്രയായി കണക്കാക്കി പിഴ ഈടാക്കുമെന്ന് റെയിൽവേ അറിയിച്ചു. കൊർബ-വിശാഖപട്ടണം ലിങ്ക് എക്‌സ്‌പ്രസിൽ ഒരു യാത്രക്കാരൻ ടിക്കറ്റിന്റെ സ്‌ക്രീൻഷോട്ട് കാണിച്ച് യാത്ര ചെയ്യുകയും അത് ട്രെയിൻ പുറപ്പെട്ടതിനുശേഷം എടുത്തതാണെന്നും കണ്ടെത്തുകയും ചെയ്ത സാഹചര്യത്തിലാണ് റെയിൽവേയുടെ വിശദീകരണം. അതേസമയം റിസർവ്‌ഡ് ടിക്കറ്റുകളെ ഈ നിബന്ധനകൾ ബാധിക്കില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

അതിനിടെ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് പ്ളാറ്റ്‌ഫോമിന് മേക്കോവർ വരുത്താനുള്ള നീക്കത്തിലാണ് ഇന്ത്യൻ റെയിൽവേ. ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നത് വേഗത്തിലും എളുപ്പത്തിലും ആശയക്കുഴപ്പം കുറഞ്ഞതുമാക്കുന്നതിനായി നവീകരിച്ച ഐആർസിടിസി വെബ്‌സൈറ്റിന്റെ ബീറ്റ പതിപ്പ് റെയിൽവേ മന്ത്രാലയം പുറത്തിറക്കാൻ ഒരുങ്ങുന്നു.

സ്ലീപ്പർ, എസി 3 ടയർ, എസി 2 ടയർ, മറ്റ് ക്ലാസുകൾ വെവ്വേറെ പരിശോധിക്കുന്നതിനുപകരം ലഭ്യമായ എല്ലാ ക്ലാസുകളിലെയും സീറ്റ് ലഭ്യത പുതിയ വെബ്‌സൈറ്റ് ഒരുമിച്ച് പ്രദർശിപ്പിക്കും. പുതിയ വെബ്‌സൈറ്റിൽ ബുക്കിംഗ് പൂർത്തിയാക്കാൻ ആവശ്യമായ ക്ലിക്കുകളുടെ എണ്ണം കുറവായിരിക്കുമെന്നാണ് വിവരം. ഒരേ കുടുംബാംഗങ്ങൾക്ക് പതിവായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് പുതിയ വെബ്‌സൈറ്റിൽ യാത്രക്കാരുടെ വിവരങ്ങൾ സൂക്ഷിക്കാനുള്ള സൗകര്യമുണ്ടാവും. ഓരോ തവണയും പേരുകൾ, പ്രായം, മറ്റ് വിവരങ്ങൾ എന്നിവ നൽകേണ്ടതായി വരില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDIAN RAILWAYS, TICKET SCREENSHOT NOT VALID, RAILONE APP, RAILWAY TICKET RULES, IRCTC NEW RULES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360