ചെന്നൈ: നടി തൃഷയ്ക്കെതിരായ ദ്വയാർത്ഥ പരാമർശത്തിൽ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ കസ്റ്റഡിയിൽ. പരാമർശത്തിൽ ടിവികെ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. ഉദയനിധിയെ നീലാങ്കരയിലെ വീട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഉദയനിധിയെ പൊലീസ് വാഹനത്തിൽ കയറ്റി. കേസിൽ മുൻകൂർ ജാമ്യം തേടി ഉദയനിധി ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെ ഉച്ചയ്ക്ക് 12 മണിവരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്. ചെന്നൈ സിറ്റി പൊലീസ് കമ്മിഷണർ അമൽരാജും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. ഇതിനിടെ പ്രതിഷേധവുമായി ടിവികെ പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്.
കാവേരി നദീജല തർക്ക വിഷയത്തിൽ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് സി. വിജയ്‌യെ വിമർശിക്കുന്നതിനിടയിലായിരുന്നു പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ തൃഷയെ ലക്ഷ്യമിട്ട് ദ്വയാർത്ഥ പ്രയോഗം നടത്തിയത്. കവേരി നദീജല തർക്കത്തിൽ ഓഗസ്റ്റ് മൂന്നിന് തഞ്ചാവൂരിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലായിരുന്നു ഉദയനിധിയുടെ പരാമർശം.
കാവേരി നദീജല തർക്കം കൈകാര്യം ചെയ്ത രീതിയെ ഉദയനിധി സ്റ്റാലിൻ വിമർശിച്ചിരുന്നു. തമിഴ്നാട് മുഖ്യമന്ത്രിക്ക് ജനങ്ങളുടെ അടിസ്ഥാന ആവശ്യമായ കാവേരി നദിയിലെ വെള്ളത്തിനായി ഇടപെടുന്നതിന് പകരം മറ്റ് ചില കാര്യങ്ങളിലാണ് ശ്രദ്ധയെന്ന് ഉദയനിധി ആരോപിച്ചു. ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടാതെ സർക്കാർ രാഷ്ട്രീയ പകപോക്കൽ നടത്തുന്നു. ഡി.എം.കെ. പ്രവർത്തകർക്കെതിരെ കള്ളക്കേസ് എടുക്കുന്നതിലാണ് മുഖ്യമന്ത്രിയുടെ ശ്രദ്ധ എന്നായിരുന്നു ഉദയനിധിയുടെ വാക്കുകൾ.
പിന്നാലെ വേദിക്ക് താഴെയുണ്ടായിരുന്ന ഡി.എം.കെ പ്രവർത്തകർ തൃഷയുടെ പേര് വിളിച്ചുപറഞ്ഞു. ഇതിന് ചെറുചിരിയായിരുന്നു ഉദയനിധിയുടെ മറുപടി. പിന്നാലെയായിരുന്നു ദ്വയാർത്ഥ പ്രയോഗം നടത്തിയത്. ഉടനെ താൻ കാവേരി നദിയെക്കുറിച്ചാണ് ഉദ്ദേശിച്ചതെന്ന് പറഞ്ഞ് ഉദയനിധി തിരുത്തുകയും ചെയ്തു. പിന്നാലെ ഉദയനിധിയുടെ വാക്കുകൾ വലിയ വിവാദമാവുകയും വിമർശനങ്ങൾക്കിടയാക്കുകയുമായിരുന്നു.
Opposition leader Udhayanidhi Stalin was taken into police custody over a case related to alleged inappropriate remarks about actress Trisha. Although the High Court temporarily barred his arrest until noon while considering his anticipatory bail plea, police detained him from his Chennai residence as TVK workers staged protests.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |