ചെന്നൈ: വിജയ് സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ് ഇന്ന്. ടിവികെ സർക്കാരിന്റെ ആദ്യ സമ്പൂർണ ബഡ്‌ജറ്റിൽ വിദ്യാഭ്യാസ മേഖലയ്‌ക്ക് വൻ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. സർക്കാർ കോളേജുകളിൽ പ്രവേശനം നേടുന്ന സർക്കാർ സ‌്‌കൂളിൽനിന്നുള്ള വിദ്യാർത്ഥികൾക്ക് 8000 രൂപ ധനസഹായം, ചെറുകിട കർഷകരുടെ മക്കൾക്ക് സൗജന്യ ഉന്നത വിദ്യാഭ്യാസം ഉൾപ്പെടെയുള്ള പദ്ധതികൾ പരിഗണനയിലെന്നാണ് വിവരം.
ഇന്ന് തമിഴ്‌നാട് ബഡ്‌ജറ്റും നാളെ കാർഷിക ബഡ്‌ജറ്റും അവതരിപ്പിക്കും. വിദ്യാഭ്യാസം സംസ്ഥാന പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ബഡ്‌ജറ്റിൽ സർക്കാർ വീണ്ടും ഉന്നയിച്ചേക്കും. ദേശീയ വിദ്യാഭ്യാസ നയം, നീറ്റ് പരീക്ഷ തുടങ്ങിയ വിഷയങ്ങളിൽ സർക്കാരിന്റെ നിലപാടുകളും ബഡ്‌ജറ്റിൽ വ്യക്തമാകുമെന്നാണ് സൂചന.
വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കരണങ്ങൾ ലക്ഷ്യമിട്ട് സർക്കാർ തയ്യാറാക്കുന്ന അഞ്ച് വർഷത്തെ പദ്ധതിയായ 'വെട്രി തമിഴ്‌നാടിന്റെ' ഭാഗമായാണ് പുതിയ നിർദേശങ്ങൾ പരിഗണിക്കുന്നത്. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സംവിധാനം ശക്തിപ്പെടുത്തുന്നതിനും കൂടുതൽ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ അവസരങ്ങൾ ഉറപ്പാക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ബിരുദ പഠനം മുതൽ ഗവേഷണതലത്തിലുള്ള കോഴ്‌സുകൾവരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഈടില്ലാതെ 20 ലക്ഷം രൂപവരെ വിദ്യാഭ്യാസ വായ്‌പ അനുവദിക്കുന്ന പദ്ധതിയും പരിഗണനയിലുണ്ട്. രണ്ട് ഏക്കറിൽ താഴെ കൃഷിഭൂമിയുള്ള ചെറുകിട കർഷകരുടെ മക്കൾക്ക് സൗജന്യ ഉന്നത വിദ്യാഭ്യാസം നൽകുന്ന പദ്ധതിയും പ്രഖ്യാപിച്ചേക്കും.
സർക്കാർ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസ പ്രവേശനത്തിൽ നിലവിലുള്ള 7.5 ശതമാനം സംവരണം 10 ശതമാനമായി ഉയർത്താനുള്ള നിർദേശവും സർക്കാരിന്റെ പരിഗണനയിലുണ്ട്. സർക്കാർ പ്രൊഫഷണൽ കോളേജുകൾ ഇല്ലാത്ത ജില്ലകളിൽ അഞ്ച് പുതിയ സർക്കാർ എഞ്ചിനീയറിംഗ് കോളേജുകൾ ആരംഭിക്കാനും 30 സർക്കാർ ആർട്‌സ് ആന്റ് സയൻസ് കോളേജുകളെ സ്വയംഭരണ സ്ഥാപനങ്ങളാക്കി ഉയർത്താനും പദ്ധതിയുണ്ടെന്നാണ് റിപ്പോർട്ട്.
നൂതന സാങ്കേതിക വിദ്യകൾക്ക് പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്വാണ്ടം കമ്പ്യൂട്ടിംഗ്, ബയോടെക്‌നോളജി, കാലാവസ്ഥാ സാങ്കേതിക വിദ്യ, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിൽ പഠനത്തിനും ഗവേഷണത്തിനുമായി പെരിയാർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എമർജിംഗ് ടെക്‌നോളജിയെന്ന പ്രത്യേക സർവകലാശാല സ്ഥാപിക്കാനുള്ള നിർദേശവും പരിഗണനയിലുണ്ട്. അഞ്ച് വർഷത്തെ വിദ്യാഭ്യാസ വികസന പദ്ധതിയുടെ ഭാഗമായാണ് ഈ നിർദേശങ്ങൾ പരിഗണിക്കുന്നത്. ബഡ്‌ജറ്റ് അവതരണത്തോടെ പദ്ധതികളുടെ വിശദാംശങ്ങളും നടപ്പാക്കൽ രീതികളും വ്യക്തമാകുമെന്നാണ് പ്രതീക്ഷ.
Vijay government’s first Tamil Nadu Budget is expected to announce major education schemes, including Rs 8,000 aid for government school students, free higher education for farmers’ children, and new initiatives in higher education.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |