മുംബയ്: ഇന്ത്യൻ ടീമിന്റെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ കുറച്ചുകാലം മത്സരങ്ങളിൽ നിന്ന് മാറി നിൽക്കണമെന്ന അഭിപ്രായവുമായി മുൻ ക്രിക്കറ്റ് താരം കർസൻ ഗവ്രി. ബുംറയുടെ തുടർച്ചയായ ജോലിഭാരവും ആവർത്തിച്ചുണ്ടാകുന്ന ഫിറ്റ്നസ് പ്രശ്നങ്ങളും ചർച്ചയാകുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. സ്ഥിരതയോടെയുള്ള പ്രകടനം കാഴ്ചവയ്ക്കണമെങ്കിൽ ബുംറയ്ക്ക് ആറുമാസമോ ഒരു വർഷമോ വിശ്രമം അനുവദിക്കണമെന്നാണ് അദ്ദേഹത്തിന്റെ നിർദേശം.
കഴിഞ്ഞ മാസം ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ പരിക്കിനെത്തുടർന്ന് താരത്തിന് വിശ്രമം അനുവദിച്ചിരുന്നു. എന്നാൽ പരിക്ക് ഇപ്പോഴും പൂർണമായി ഭേദമാകാത്തതിനാൽ ശ്രീലങ്കൻ പരമ്പരയിൽ നിന്ന് ബുംറയെ മാറ്റി നിർത്തി. പൂർണ ഫിറ്റ്നെസ് വീണ്ടെടുക്കാതെ ബുംറയെ ഒരു പരമ്പരയിലേക്കോ പ്രധാന ടൂർണമെന്റുകളിലേക്കോ തിരഞ്ഞെടുക്കരുതെന്ന നിർദേശവും കർസൻ മുന്നോട്ടുവച്ചു. അങ്ങനെ ചെയ്താൽ ബുംറയുടെ പരിക്ക് കൂടുതൽ ഗുരുതരമാകാനുള്ള സാദ്ധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഫിറ്റ്നെസ് നേടാത്ത ബുംറയെ മത്സരങ്ങളിലേക്ക് തിരഞ്ഞെടുക്കുന്നതും പിന്നീട് പരിക്കിനെ തുടർന്ന് ടൂർണമെന്റിന്റെ പകുതിയിൽ മാറ്റിനിർത്തുന്നതും പതിവാണ്. ജോലിഭാരം പൂർണമായും നിയന്ത്രിക്കാൻ അദ്ദേഹത്തിന് കഴിയുന്ന സാഹചര്യത്തിൽ മാത്രമേ ടീമിൽ ഉൾപ്പെടുത്താകുവെന്നാണ് കർസൻ അഭിപ്രായപ്പെടുന്നത്. ബുംറയ്ക്ക് വിശ്രമം അനുവദിച്ചുകൊണ്ട് പരിക്കുകളില്ലാതെ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്ക്കുന്ന താരങ്ങളെ ഉൾപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഫാസ്റ്റ് ബൗളർമാരായ മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ, മുഹമ്മദ് സിറാജ് എന്നിവരെ ടീമിലേക്ക് തിരികെ കൊണ്ടുവരണമെന്നാണ് കർസൻ മുന്നോട്ട് വയ്ക്കുന്ന നിർദേശം.
ട്വന്റി20 ക്രിക്കറ്റിൽ ഭുവനേശ്വർ കുമാറിന്റെ അനുഭവസമ്പത്ത് ഇന്ത്യയ്ക്ക് ഇപ്പോഴും പ്രയോജനപ്പെടുത്താനാകും. ടെസ്റ്റ് ക്രിക്കറ്റിൽ ബുംറയുടെ മേലുള്ള സമ്മർദം കുറയ്ക്കാൻ മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരെ മാറിമാറി ഉപയോഗിക്കുന്ന രീതി ടീം മാനേജ്മെന്റ് ആലോചിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. മൂന്ന് ഫോർമാറ്റുകളിലും ബുംറയ്ക്ക ദീർഘകാലം കളിച്ചുനിൽക്കാൻ കഴിയില്ല. അതിനാൽ ടെസ്റ്റ് ക്രിക്കറ്റിൽ മാത്രമായി അദ്ദേഹത്തെ ഉപയോഗിക്കുന്നതിനെക്കുറിച്ച് ടീം ആലോചിക്കണം. എല്ലാ ഫോർമാറ്റിലും കളിക്കാൻ അദ്ദേഹത്തിന് ആഗ്രഹമുണ്ടാകും എന്നാൽ അത് പ്രായോഗികമല്ല. അതുകൊണ്ട് മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ തുടങ്ങിയ സീനിയർ പേസർമാരെക്കൂടി ടീമിൽ ഉൾപ്പെടുത്തണമെന്ന് അദ്ദേഹം വ്യക്തമാക്കി.
Former India pacer Karsan Ghavri has advised Jasprit Bumrah to take a six-month to one-year break to regain full fitness, warning that rushing him back could worsen his recurring injuries. Ghavri urged selectors to avoid picking Bumrah unless fully fit and recommended rotating Mohammed Shami, Mohammed Siraj, and Bhuvneshwar Kumar to reduce Bumrah's workload and strengthen India's pace attack.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |