SignIn
Kerala Kaumudi Online
Sunday, 14 June 2026 12.58 AM IST

അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം, വെടിക്കെട്ട് ബാറ്റിംഗുമായി ഗിൽ

gill

ധർമ്മശാല: ഒന്നാം ഏകദിന മത്സരത്തിൽ അഫ്ഗാനിസ്ഥാനെ ഏഴ് വിക്കറ്റിന് തകർത്ത് ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. അഫ്ഗാനിസ്ഥാൻ ഉയർത്തിയ 195 റൺസ് വിജയലക്ഷ്യം നായകൻ ശുഭ്മാൻ ഗില്ലിന്റെ ബാറ്റിംഗ് (പുറത്താകാതെ 84 റൺസ്) കരുത്തിൽ ഇന്ത്യ അനായാസം മറികടക്കുകയായിരുന്നു. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-0 ന് മുന്നിലെത്തി. മഴ കാരണം 25 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 24.5 ഓവറിൽ 194 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു.


മറുപടി ബാറ്റിംഗിൽ ഇന്ത്യയുടെ തുടക്കം പാളിയിരുന്നു. ആറാം ഓവറിൽ മുൻ നായകൻ രോഹിത് ശർമ (16 പന്തിൽ 16) റണ്ണൗട്ടായതാണ് ഇന്ത്യയ്ക്ക് ആദ്യ തിരിച്ചടിയായത്. സിംഗിളെടുക്കുന്നതിനിടെ ബൗളറുടെ ഫോളോത്രൂവിൽ തട്ടി ഗില്ലിന് ഓടാൻ കഴിയാതെ വന്നതോടെയാണ് രോഹിത് പുറത്തായത്. എന്നാൽ പിന്നീട് ക്രീസിലൊന്നിച്ച ഇഷാൻ കിഷനും (34) ശുഭ്മാൻ ഗില്ലും ചേർന്ന് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. വെറും 37 പന്തിൽ നിന്നാണ് ഗിൽ തന്റെ അർദ്ധസെഞ്ച്വറി തികച്ചത്. തുടർന്ന് ശ്രേയസ് അയ്യരെയും പിന്നീട് കെ.എൽ. രാഹുലിനെയും കൂട്ടുപിടിച്ച് ഗിൽ ഇന്ത്യയെ വിജയതീരത്ത് എത്തിക്കുകയായിരുന്നു.

ishan-kishan

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാനെ ഉയർന്ന സ്‌കോറിലേക്ക് നീങ്ങാൻ അനുവദിക്കാതെ പ്രതിരോധം തീർത്തത് ഇന്ത്യൻ ബൗളർമാരാണ്. അരങ്ങേറ്റ മത്സരത്തിനിറങ്ങിയ യുവതാരങ്ങളായ ഗുർനൂർ ബ്രാറും ഹർഷ് ദുബെയും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി തകർപ്പൻ പ്രകടനം കാഴ്ചവച്ചു. 27 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റാണ് ഗുർനൂർ ബ്രാർ വീഴ്ത്തിയത്. അവസാന ഓവറിൽ അഫ്‌ഗാന്റെ വാലറ്റമായ സിയാ ഉർ റഹ്മാൻ ഷരീഫി (4), റാഷിദ് ഖാൻ (9) എന്നിവരെ പുറത്താക്കിയാണ് ഗുർനൂർ മൂന്ന് വിക്കറ്റ് നേട്ടം തികച്ചത്. അതേസമയം,​ 47 റൺസിന് മൂന്ന് വിക്കറ്റുകളാണ് അരങ്ങേറ്റത്തിൽ ഹർഷ് ദുബെ നേടിയത്. അഫ്ഗാൻ ഇന്നിംഗ്‌സിലെ 22-ാം ഓവറിൽ നായകൻ ഹഷ്മത്തുള്ള ഷാഹിദിയെയും (27), അസ്മത്തുള്ള ഒമർസായിയെയും (27) പുറത്താക്കി ദുബെ തിളങ്ങി.


മത്സരത്തിന്റെ തുടക്കത്തിൽ തന്നെ അഫ്ഗാൻ കടുത്ത തകർച്ച നേരിട്ടിരുന്നു. തന്റെ കന്നി ഓവറിൽ ഇബ്രാഹിം സദ്രാനെ (1) പുറത്താക്കി ഗുർനൂർ ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകി. തൊട്ടുപിന്നാലെ സെദിഖുള്ള അടലിനെയും (0), റഹ്മത് ഷായെയും (3) മടക്കി അർഷ്ദീപ് സിംഗ് അഫ്ഗാനെ 25/3 എന്ന നിലയിലേക്ക് തള്ളിയിട്ടു. എന്നാൽ ഒരറ്റത്ത് ഉറച്ചുനിന്ന ഓപ്പണർ റഹ്മാനുള്ള ഗുർബാസ് ഇന്ത്യൻ ബൗളർമാരെ കടന്നാക്രമിച്ചു. എട്ട് ഫോറും എട്ട് സിക്സറുമടക്കം 51 പന്തിൽ 102 റൺസെടുത്ത ഗുർബാസിനെ 16-ാം ഓവറിൽ നിതീഷ് കുമാർ റെഡ്ഡിയാണ് പുറത്താക്കിയത്. ഗുർബാസ് പുറത്തായതോടെ അഫ്ഗാന്റെ കൂറ്റൻ സ്‌കോർ എന്ന പ്രതീക്ഷ തകരുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, INDA VS AFGANISTAN, LATESTNEWS, DHARMASHALA, INDIA AFGANISTAN CRICKET MATCH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360