ലോര്‍ഡ്‌സ് (ലണ്ടന്‍): ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ നിര്‍ണായകമായ അവസാന ഏകദിനത്തില്‍ ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍. നിശ്ചിത 50 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 387 റണ്‍സാണ് ഇംഗ്ലണ്ട് അടിച്ച് കൂട്ടിയത്. സെഞ്ച്വറി നേടിയ ഓപ്പണര്‍ ബെന്‍ ഡക്കറ്റ്, അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ ജേക്കബ് ബെഥല്‍, ജോ റൂട്ട് എന്നിവരും അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ജോസ് ബട്‌ലറും ചേര്‍ന്നാണ് പടുകൂറ്റന്‍ വിജയലക്ഷ്യം ഇന്ത്യക്ക് മുന്നില്‍ വച്ചത്. പേസര്‍ ജസ്പ്രീത് ബുംറയുടെ അഭാവം ഇന്ത്യക്ക് കനത്ത തിരിച്ചടിയായി.
ഒന്നാം വിക്കറ്റില്‍ ബെന്‍ ഡക്കറ്റ് 141 (135), ജേക്കബ് ബെഥല്‍ 91 (93) എന്നിവര്‍ ചേര്‍ന്ന് 30.1 ഓവറില്‍ 192 റണ്‍സാണ് അടിച്ചെടുത്തത്. ബെഥലിനെ പുറത്താക്കിയ പ്രസീദ്ധ് കൃഷ്ണ ആണ് ഈ കൂട്ടുകെട്ട് പിരിച്ചത്. 18 ഫോറും ഒരു സിക്‌സറും ഉള്‍പ്പെടുന്നതായിരുന്നു ഡക്കറ്റിന്റെ ഇന്നിംഗ്‌സ്. 44ാം ഓവറില്‍ പ്രിന്‍സ് യാദവിന് വിക്കറ്റ് നല്‍കി ഡക്കറ്റ് മടങ്ങുമ്പോള്‍ ഇംഗ്ലീഷ് സ്‌കോര്‍ 293 റണ്‍സ്. ജോ റൂട്ട് 74* (48) - ജോസ് ബട്‌ലര്‍ 41* (13) എന്നിവര്‍ ആഞ്ഞടിച്ചപ്പോള്‍ അവസാന 39 പന്തുകളില്‍ നിന്ന് ഇംഗ്ലണ്ട് അടിച്ച് കൂട്ടിയത് 94 റണ്‍സാണ്.
13 പന്തുകളില്‍ നിന്ന് മൂന്ന് സിക്‌സറുകളും നാല് ബൗണ്ടറിയും ബട്‌ലറുടെ ബാറ്റില്‍ നിന്ന് ഒഴുകിയപ്പോള്‍, റൂട്ട് ഒമ്പത് ബൗണ്ടറികള്‍ പായിച്ചു. ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് 14 (12) റണ്‍സ് നേടി പുറത്തായി. ഇന്ത്യക്കായി പ്രിന്‍സ് യാദവ് ഒരു വിക്കറ്റും പ്രസീദ്ധ് കൃഷ്ണ രണ്ട് വിക്കറ്റുകളും വീഴ്ത്തി. പരമ്പരയില്‍ ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ട് വിജയിക്കുകയായിരുന്നു. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്നവര്‍ക്കാണ് പരമ്പര സ്വന്തമാവുക. നേരത്തെ ട്വന്റി 20 പരമ്പരയില്‍ ഇന്ത്യ 4-0ന് തോല്‍വി വഴങ്ങിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |