SignIn
Kerala Kaumudi Online
Friday, 23 October 2026 6.19 AM IST

ചാമ്പ്യൻസ് ബോട്ട് ലീഗ് നടത്തും: മന്ത്രി റിയാസ്

d

നെഹ്റു ട്രോഫിക്ക് ഒരു കോടി

ആലപ്പുഴ : ചാമ്പ്യൻസ് ബോട്ട് ലീഗ് ഈ വർഷം തന്നെ നടത്താനാണ് സർക്കാർ ആലോചിക്കുന്നതെന്നും ഉടൻ ബോർഡ് യോഗം വിളിക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. 70 ാമത് നെഹ്‌റു ട്രോഫി ജലോത്സവം പുന്നമടക്കായലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വള്ളംകളിയുടെ വിനോദസഞ്ചാര സാദ്ധ്യതകൾ പരമാവധി ഉപയോഗപ്പെടുത്താനാണ് ടൂറിസം വകുപ്പ് ശ്രമിക്കുന്നത്. നെഹ്റു ട്രോഫി വള്ളംകളിയുടെ നടത്തിപ്പിന് വിനോദസഞ്ചാര വകുപ്പ് ഒരു കോടി രൂപ ഗ്രാൻഡ് അനുവദിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. മന്ത്രി പി. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.
വയനാട് ദുരന്തത്തിൽ മരിച്ചവരെ അനുസ്മരിച്ചു കൊണ്ട് നടത്തിയ മൗനപ്രാർത്ഥനയോടെയാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് നെഹ്‌റു പ്രതിമയിൽ മന്ത്രി പി.എ മുഹമ്മദ് റിയാസ് പുഷ്പ്പാർച്ചന നടത്തി.
വൈസ് അഡ്മിറൽ വി.ശ്രീനിവാസ് മാസ്ഡ്രിൽ ഫ്ളാഗ് ഓഫ് ചെയ്തു. കൊടിക്കുന്നിൽ സുരേഷ് എം.പി 2023ലെ നെഹ്റു ട്രോഫി മാദ്ധ്യമ അവാർഡ് ജേതാക്കൾക്ക് മെമന്റോ വിതരണം ചെയ്തു. മന്ത്രി മുഹമ്മദ് റിയാസ് കാഷ് അവാർഡും മന്ത്രി പി.പ്രസാദ് സർട്ടിഫിക്കറ്റും നൽകി. എൻ.ടി.ബി.ആർ സുവനീറിന്റെ പ്രകാശനം പി.പി ചിത്തരഞ്ജൻ എം.എൽ.എ ചങ്ങനാശ്ശേരി എം.എൽ.എ ജോബ് മൈക്കിളിന് കൈമാറി നിർവഹിച്ചു. എച്ച്.സലാം എം.എൽ.എ മുഖ്യാതിഥിക്കുള്ള മെമന്റോ കൈമാറി. എം.എൽ.എമാരായ, തോമസ് കെ. തോമസ്, യു.പ്രതിഭ, ദലീമ ജോജോ, ആലപ്പുഴ മുനിസിപ്പൽ ചെയർപെഴ്സൺ കെ.കെ ജയമ്മ എന്നിവർ പങ്കെടുത്തു.
കഴിഞ്ഞ വർഷം നെഹ്‌റു ട്രോഫി നേടിയ വള്ളത്തിന്റെ ക്യാപ്റ്റനായ അലൻ മൂന്നുതൈക്കൽ തുഴച്ചിലുകാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ആർ.കെ. കുറുപ്പ് ബോട്ട് ക്യാപ്റ്റന്മാരെ പരിചയപ്പെടുത്തി. എൻ.ടി.ബി.ആർ സൊസൈറ്റി ചെയർപേഴ്‌സണും ജില്ലാ കളക്ടറുമായ അലക്‌സ് വർഗീസ് സ്വാഗതവും സെക്രട്ടറിയും സബ് കളക്ടറുമായ സമീർ കിഷൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, DDD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360