ന്യൂഡൽഹി: തീഹാർ ജയിലിൽ നിന്ന് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവർക്ക് പുതിയ കുരുക്ക്. ഇവർക്ക് ഡൽഹി ക്രൈം ബ്രാഞ്ച് പുതിയ സമൻസ് അയച്ചിരിക്കുകയാണ്. ജന്തർ മന്തർ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പൊലീസിന്റെ ബാരിക്കേഡ് മറികടന്ന് അതിക്രമിച്ച് കയറിയ കേസിൽ ചോദ്യം ചെയ്യാനാണ് പുതിയ സമൻസ്. ഇന്ന് ഉച്ചയ്ക്ക് രാജ്‌ഗോരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ നേരിട്ട് ഹാജരാകാനാണ് നിർദ്ദേശം. ഒക്ടോബർ 13ന് ആണ് ഈ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.
നിരോധനാജ്ഞ ലംഘിച്ച് ജന്തർ മന്ദറിൽ കടന്നുകയറി ദേശീയ പതാക വീശിയ കേസിൽ എട്ടാം നാളാണ് ഇവർക്ക് ജാമ്യം ലഭിച്ചത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഇരുവരും ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. ഇരുവരും ഹാജരാക്കിയ ജാമ്യബോണ്ടുകൾ സ്വീകരിച്ച് ഡൽഹി സ്‌പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്‌ട്രേട്ട് മോചന ഉത്തരവിടുകയായിരുന്നു. ഫ്രാൻസിലെ വിദ്യാർത്ഥി പ്രതിഷേധം വ്യാപക അക്രമങ്ങളിൽ കലാശിച്ചത് ചൂണ്ടിക്കാട്ടി കോടതി ഇരുവരെയും വിമർശിച്ചു.
26 വയസുള്ള സൗരവും 31 വയസുള്ള റാങ്കയും ജെൻസികളല്ലെന്നും മില്ലെനിയൽസാണെന്നും പരിഹസിച്ചു. സമരങ്ങൾക്ക് പൊലീസിന്റെ മുൻകൂർ അനുമതി വാങ്ങണമെന്ന് നിഷ്‌കർഷിക്കുന്നതിന്റെ ഉദ്ദേശ്യം സമരക്കാരെ നിയന്ത്രിക്കൽ മാത്രമല്ല, നുഴഞ്ഞുകയറി അക്രമങ്ങൾ നടത്തുന്നവരെ തടയൽ കൂടിയാണ്. നേതാക്കൾ ബാരിക്കേഡുകൾ മറികടന്നാൽ അനുയായികളും പിന്തുടരുമെന്നും കോടതി പറഞ്ഞു. 13ന് അറസ്റ്റിലായ ഇരുവരെയും 14ന് ജുഡിഷ്യൽ കസ്റ്റഡിയിലേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു. ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഇടപെടില്ലെന്ന് ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് കടുത്ത നിലപാടെടുത്തതോടെ ഹർജി ഇന്നലെ പിൻവലിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |