SignIn
Kerala Kaumudi Online
Saturday, 24 October 2026 12.48 AM IST

കിവി ടെസ്റ്റിന് മഴ ഭീഷണി

cricket

ഇന്ത്യ - ന്യൂസിലാൻഡ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് ബെംഗളുരുവിൽ തുടക്കം

മത്സരത്തിന് ഭീഷണിയായി മഴ, ഇന്നലെ പരിശീലനം നടന്നില്ല

ബെംഗളുരു : ബംഗ്ളാദേശിനെ രണ്ട് ടെസ്റ്റുകളുടെ പരമ്പരയിൽ കീഴടക്കിയതിന് പിന്നാലെ രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം ന്യൂസിലാൻഡിന് എതിരെ മൂന്നു ടെസ്റ്റുകളുടെ പരമ്പരയ്ക്ക് ഇറങ്ങുന്നു. ആദ്യ ടെസ്റ്റ് ഇന്നുമുതൽ ബെംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ. പക്ഷേ ഇന്നലെ തകർത്തുപെയ്ത മഴ ഇന്ന് കളി നടത്തുമോ എന്ന സംശയമുണ്ട്. ഇന്ത്യൻ ടീമിന്റെ പരിശീലനം ഇന്നലെ മഴ മൂലം ഉപേക്ഷിച്ചിരുന്നു.

മഴയായാലും വെയിലായാലും കളിച്ചാൽ ജയിക്കണമെന്ന വാശിയുള്ള ഇന്ത്യൻ ടീമാണ് കോച്ച് ഗൗതം ഗംഭീറിന്റേത്. ബംഗ്ളാദേശിനെതിരെ കാൺപൂരിൽ രണ്ടര ദിവസത്തോളം മഴ കൊണ്ടുപോയെങ്കിലും ഗംഭീരവിജയം നേടാൻ ഇന്ത്യയ്ക്ക് ബാക്കി രണ്ടര ദിവസം തികച്ചുവേണ്ടി വന്നിരുന്നില്ല. അതേ മനോവീര്യവുമായി ആകും കിവികൾക്ക് എതിരെയും ഇന്ത്യ ഇറങ്ങുക. ബംഗ്ളാദേശിനെതിരായ വിന്നിംഗ് ടീമിനെ അതേപടി ഇന്ത്യ നിലനിറുത്തുമ്പോൾ ശ്രീലങ്കയിൽ രണ്ട് ടെസ്റ്റുകൾ തോറ്റ് പരമ്പര കൈവിട്ട്, ക്യാപ്ടനും മാറി, സൂപ്പർ താരം കേൻ വില്യംസണുമില്ലാതെയാണ് കിവീസ് വരുന്നത്. കഴിഞ്ഞ അഞ്ചുടെസ്റ്റുകളിൽ അഞ്ചും ജയിച്ചവരാണ് ഇന്ത്യ. കിവീസാകട്ടെ കഴിഞ്ഞ അഞ്ചുടെസ്റ്റുകളിൽ അവസാന നാലെണ്ണത്തിലും തോറ്റവരും. ശ്രീലങ്കയ്ക്ക് എതിരായ തോൽവിയോടെ ടിം സൗത്തീ നായക റോളിൽ നിന്ന് പടിയിറങ്ങിയതിനാൽ ടോം ലതാമാണ് ഈ പരമ്പരയിലെ ക്യാപ്ടൻ. കേൻ വില്യംസൺ പരിക്കുമൂലമാണ് ആദ്യ ടെസ്റ്റിൽ നിന്ന് വിട്ടുനിൽക്കുന്നത്. രണ്ടാം ടെസ്റ്റിന് മുമ്പ് ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള കഠിന പരിശ്രമത്തിലാണ് മുൻ കിവീസ് നായകൻ.

ലക്ഷ്യം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ

ഈ സീസൺ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെത്തുകയെന്നതാണ് ഇന്ത്യൻ ടീമിന്റെ പ്രധാന ലക്ഷ്യം. 11 മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ 74.24 വിജയശതമാനവുമായി ഇന്ത്യയാണ് പട്ടികയിൽ ഒന്നാമത്. 62.50 പോയിന്റുമായി ഓസ്ട്രേലിയ രണ്ടാമത്.

ഇന്ത്യയ്ക്ക് സീസണിൽ ശേഷിക്കുന്നത് 10 മത്സരങ്ങൾ. ഇതിൽ ഏഴെണ്ണത്തിലെങ്കിലും ജയിക്കാനായാൽ ഫൈനലിലെത്താൻ ഒരു വെല്ലുവിളിയുമില്ല. അഞ്ചെണ്ണമെങ്കിലും ജയിച്ചാൽ മറ്റ് ടീമുകളുടെ പ്രകടനം കൂടി കണക്കിലെടുത്ത് ഫൈനലിലെത്തിയേക്കാം.

ഇന്ത്യയ്ക്കുള്ള 10 ടെസ്റ്റുകളിൽ അഞ്ചെണ്ണം ഓസ്ട്രേലിയയുമായി അവരുടെ മണ്ണിൽ വച്ചാണ്. ഇതിൽ എല്ലാം ജയിക്കുക കടുപ്പമേറിയ കാര്യമാണ്. അതുകൊണ്ടുതന്നെ ഹോം ടെസ്റ്റുകളിൽ പരമാവധി ജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

പിച്ച്

ബെംഗളുരുവിലെ പിച്ച് സാധാരണഗതിയിൽ സ്പിന്നർമാരെ തുണയ്ക്കുന്നതാണ്. എന്നാൽ മഴയുടെ കാര്യം പരിഗണിച്ചേ മൂന്ന് സ്പിന്നർമാരെ കളിപ്പിക്കുന്നതിൽ അന്തിമ തീരുമാനമെടുക്കൂ. കാൺപൂരിൽ മഴ മുന്നിൽക്കണ്ട് മൂന്ന് പേസർമാരെയാണ് കളിപ്പിച്ചത്.

ഗില്ലിന് പരിക്ക്,

സർഫറാസിന് സാദ്ധ്യത

മുൻനിര ബാറ്റർ ശുഭ്മാൻ ഗില്ലിന് കഴുത്തിന് നേരിയ പരിക്കുള്ളതിനാൽ കളിക്കാൻ സാദ്ധ്യത കുറവാണ്. ഗിൽ ഇല്ലെങ്കിൽ സർഫറാസ് ഖാനെ പ്ളേയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയേക്കും. കെ.എൽ രാഹുൽ ഫസ്റ്റ് ഡൗൺ പൊസിഷനിലേക്ക് ഉയരാനും സാദ്ധ്യതയുണ്ട്.

സാദ്ധ്യതാ ഇലവനുകൾ

ഇന്ത്യ : രോഹിത് ശർമ്മ(ക്യാപ്ടൻ),യശസ്വി ജയ്സ്വാൾ,ശുഭ്മാൻ ഗിൽ / സർഫറാസ് ഖാൻ, വിരാട് കൊഹ്‌ലി, റിഷഭ് പന്ത്, കെ.എൽ രാഹുൽ,രവീന്ദ്ര ജഡേജ,ആർ.അശ്വിൻ,ആകാശ് ദീപ് / കുൽദീപ്,ബുംറ,സിറാജ്.

ന്യൂസിലാൻഡ് : ഡെവോൺ കോൺവേ,ടോം ലതാം (ക്യാപ്ടൻ),വിൽ യംഗ്,രചിൻ രവീന്ദ്ര,ഡാരിൽ മിച്ചൽ,ടോം ബ്ളൻഡേൽ, ഗ്ളെൻ ഫിലിപ്പ്സ്,മിച്ചൽ സാന്റ്നർ/ബ്രേസ്‌വെൽ,ടിം സൗത്തീ,അജാസ് പട്ടേൽ,വിൽ ഓ റൂർക്കേ.

പത്തും നേടിയ പട്ടേൽ

2021ലാണ് കിവീസ് ടീം അവസാനമായി ഇന്ത്യയിൽ ടെസ്റ്റ് പരമ്പര കളിച്ചത്. അന്ന് മുംബയ്‌യിൽ നടന്ന ടെസ്റ്റിൽ ഇന്ത്യൻ വംശജനായ കിവീസ് ബൗളർ അജാസ് പട്ടേൽ ഒരിന്നിംഗ്സിലെ പത്തുവിക്കറ്റുകളും നേ‌ടിയിരുന്നു. പട്ടേൽ ഇപ്പോഴും കിവീസ് ടീമിലുണ്ട്.

9000

റൺസ് ടെസ്റ്റിൽ തികയ്ക്കാൻ വിരാട് കൊഹ‌്ലിക്ക് 53 റൺസ് കൂടി മതി.

400

വിക്കറ്റുകൾ തികയ്ക്കാൻ ടിം സൗത്തീക്ക് 18 ഇരകൾ കൂടി മതി.

ഞങ്ങളുടെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി എതിരാളികൾ ആരാണെന്നതല്ല. ഞങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുക എന്നതാണ്.

- രോഹിത് ശർമ്മ , ഇന്ത്യൻ ക്യാപ്ടൻ

കഴിഞ്ഞ മത്സരങ്ങളിൽ ഞങ്ങൾക്ക് പറ്റിയ പിഴവുകൾ പരിഹരിക്കാനാണ് ശ്രമിക്കുന്നത്. പിച്ചിന്റെയും കാലാവസ്ഥയുടേയും അടിസ്ഥാനത്തിലാകും പ്ളേയിംഗ് ഇലവൻ.

- ടോം ലതാം, കിവീസ് ക്യാപ്ടൻ.

9.30 am

മുതൽ സ്പോർട്സ് 18ലും ജിയോ സിനിമയിലും ലൈവ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, CRICKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360