
മുൾട്ടാൻ : ഇംഗ്ളണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഒന്നാം ഇന്നിംഗ്സിൽ ലീഡ് നേടിയിട്ടും തോറ്റ് തരിപ്പണമായ പാകിസ്ഥാൻ ഇതേവേദിയിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ വിജയപ്രതീക്ഷയിൽ. എന്നാൽ ആദ്യ ടെസ്റ്റിലേതുപോലെ ഉശിരോടെ ബാറ്റ് ചെയ്താൽ ജയിക്കാമെന്ന പ്രതീക്ഷ ഇംഗ്ളണ്ടിനുമുണ്ട്.
രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ 366 റൺസടിച്ച പാകിസ്ഥാനെതിരെ ഇംഗ്ളണ്ട് ഒന്നാം ഇന്നിംഗ്സിൽ 291 റൺസിന് ആൾഔട്ടായി. 75 റൺസ് ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ പാകിസ്ഥാൻ രണ്ടാം ഇന്നിംഗ്സിൽ 221 റൺസിന് ആൾഔട്ടായി. ഇതോടെ 297 റൺസ് ലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇംഗ്ളണ്ട് മൂന്നാം ദിവസം കളിനിറുത്തുമ്പോൾ 36/2 എന്ന നിലയിലാണ്. എട്ടുവിക്കറ്റുകളും രണ്ട് ദിവസവും ശേഷിക്കേ ഇംഗ്ളണ്ടിന് 261 റൺസ് കൂടിയാണ് ജയിക്കാൻ വേണ്ടത്.
ഇന്നലെ 239/6 എന്ന സ്കോറിൽ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിക്കാനെത്തിയ ഇംഗ്ളണ്ട് 52 റൺസ് കൂടി ചേർത്ത ശേഷം ആൾഔട്ടായി. പാകിസ്ഥാന് വേണ്ടി വലംകയ്യൻ സ്പിന്നർ സാജിദ് ഖാൻ ഏഴുവിക്കറ്റുകളും ഇടംകയ്യൻ സ്പിന്നർ നൊമാൻ അലി മൂന്ന് വിക്കറ്റുകളും വീഴ്ത്തി. തുടർന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ആതിഥേയരെ നാലുവിക്കറ്റ് വീഴ്ത്തിയ ഷൊയ്ബ് ബഷീറും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജാക്ക് ലീച്ചും രണ്ട് വിക്കറ്റ് വീഴ്ത്തിയ ബ്രൈഡൻകേഴ്സും ചേർന്നാണ് 221ൽ പുറത്താക്കിയത്. 63 റൺസടിച്ച സൽമാൻ ആഗയാണ് പാകിസ്ഥാന്റെ ടോപ് സ്കോറർ.
അവസാന ഇന്നിംഗ്സിനിറങ്ങിയ ഇംഗ്ളണ്ടിന് സാക്ക് ക്രാവ്‌ലെ (3), ആദ്യ ഇന്നിംഗ്സിലെ സെഞ്ച്വറിക്കാരൻ ബെൻ ഡക്കറ്റ് (0) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. 21 റൺസുമായി ഒല്ലീ പോപ്പും 12 റൺസുമായി ജോ റൂട്ടുമാണ് ക്രീസിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |