
ഡി.ഗുകേഷ് - ഡിംഗ് ലിറെൻ ലോക ചെസ് ചാമ്പ്യൻഷിപ്പ് പോരാട്ടം നാളെ തുടങ്ങുന്നു
സിംഗപ്പൂർ സിറ്റി : ലോക ചെസ് ചാമ്പ്യൻ പദവിക്ക് വേണ്ടി നിലവിലെ ലോകചാമ്പ്യൻ ചൈനീസ് ഗ്രാൻഡ്മാസ്റ്റർ ഡിംഗ് ലിറെനും കൗമാരം കടക്കാത്ത ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ഡി.ഗുകേഷും തമ്മിലുള്ള ഈ വർഷത്തെ ലോക ചെസ് ചാമ്പ്യൻഷിപ്പ് പോരാട്ടത്തിന് നാളെ സിംഗപ്പൂരിൽ തുടക്കമാവുകയാണ്. ക്ളാസിക് ഫോർമാറ്റിൽ 14 റൗണ്ടുകളുള്ള പോരാട്ടം ഡിസംബർ 13വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. ഓരോ റൗണ്ടിലും ജയത്തിന് ഒരുപോയിന്റ്. സമനിലയ്ക്ക് അര പോയിന്റ്. ആദ്യം ഏഴര പോയിന്റ് നേടുന്ന കളിക്കാരൻ ജേതാവാകും.അതിനാൽ അവസാന റൗണ്ടിന് മുമ്പുതന്നെ ജേതാവിനെ അറിയാനും സാഹചര്യമുണ്ട്.
കഴിഞ്ഞ വർഷം നടന്ന ചാമ്പ്യൻഷിപ്പിൽ റഷ്യൻ ഗ്രാൻഡ്മാസ്റ്റർ ഇയാൻ നിപ്പോംനിയാഷിയെ തോൽപ്പിച്ച 32കാരനായ ഡിംഗ് ലിറെൻ തന്റെ കിരീടം കാക്കാനാണ് സിംഗപ്പൂരിലെത്തിയിരിക്കുന്നത്. ഈ വർഷമാദ്യം നടന്ന കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ മറ്റ് മുൻനിര താരങ്ങളെ മറികടന്ന് ഏറ്റവും പ്രായം കുറഞ്ഞ കാൻഡിഡേറ്റായി ചരിത്രം സൃഷ്ടിച്ചാണ് 18കാരനായ ഗുകേഷ് ലിറെനെ നേരിടാനെത്തുന്നത്. ഈ ചാമ്പ്യൻഷിപ്പിൽ ജയിക്കുകയാണെങ്കിൽ ഏറ്റവും പ്രായം കുറഞ്ഞ ലോകചാമ്പ്യനായി ഗുകേഷ് മാറും.
സമനില വന്നാൽ
ഫോർമാറ്റ് മാറും
ക്ളാസിക് ഫോർമാറ്റിലെ 14 റൗണ്ടുകളും പൂർത്തിയാകുമ്പോൾ ഒരേ പോയിന്റ് നിലയാണെങ്കിൽ ടൈബ്രേക്കർ നടത്തും. ആദ്യം റാപ്പിഡ് ഫോർമാറ്റിൽ നാലുറൗണ്ട് മത്സരങ്ങൾ .ഇതിലും തുല്യതയാണെങ്കിൽ രണ്ട് റാപ്പിഡ് റൗണ്ടുകൾ കൂടി. എന്നിട്ടും ഫലമില്ലെങ്കിൽ രണ്ട് ബ്ളിറ്റ്സ് ഗെയിമുകൾ. ഇതിലും ഫലമില്ലെങ്കിൽ ഒരാൾ ജയിക്കുന്നതുവരെ ബ്ളിറ്റ്സ് ഗെയിമുകൾ.
3
തവണയാണ് ഗുകേഷും ലിറെനും ഇതിനുമുമ്പ് ഏറ്റുമുട്ടിയത്. കഴിഞ്ഞ വർഷത്തേയും ഈ വർഷത്തേയും ടാറ്റ സ്റ്റീൽ ചെസിൽ ലിറെൻ ജയിച്ചു. ഈ വർഷം ആഗസ്റ്റിൽ നടന്ന സിൻക്യുഫീൽഡ് ടൂർണമെന്റിൽ സമനിലയിൽ പിരിഞ്ഞു. കറുത്ത കരുക്കൾകൊണ്ടാണ് ലിറെൻ രണ്ട് ജയങ്ങളും നേടിയത്.
ഡിംഗ് ലിറെൻ
ചൈനീസ് ഗ്രാൻഡ് മാസ്റ്റർ
32 വയസ്
ലോക റാങ്ക് : 23
റേറ്റിംഗ് പോയിന്റ് : 2728
ഡി.ഗുകേഷ്
ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ
18 വയസ്
ലോക റാങ്ക് : 5
റേറ്റിംഗ് പോയിന്റ് : 2783
ആനന്ദിന്റെ
പിൻഗാമി
ഇന്ത്യയിൽ നിന്ന് ലോക ചെസ് ചാമ്പ്യനായ ഒരേയൊരു താരം വിശ്വനാഥൻ ആനന്ദാണ്. അഞ്ചുതവണയാണ് ആനന്ദ് ലോക ചാമ്പ്യനായത്. തന്റെ പിന്മുറക്കാരെ കണ്ടെത്താനായി ആനന്ദ് ചെന്നൈയിൽ സ്ഥാപിച്ച വെസ്റ്റ് ബ്രിജ് ആനന്ദ് ചെസ് അക്കാഡമിയിലൂടെ വളർന്ന പ്രതിഭയാണ് ഗുകേഷ്. ആന്ധ്രപ്രദേശിൽ നിന്ന് ചെന്നൈയിലെത്തിയതാണ് ഗുകേഷിന്റെ കുടുംബം. അച്ഛൻ ഡോ.രജനികാന്ത് ഇ.എൻ.ടി സർജനാണ്. അമ്മ ഡോ.പത്മ മൈക്രോബയോളജിസ്റ്റും.2013ലാണ് ഗുകേഷ് ചെസ് പഠിച്ചുതുടങ്ങിയത്.2019ൽ 12-ാം വയസിൽ ഗ്രാൻഡ്മാസ്റ്ററായി.2022ൽ നടന്ന ചെസ് ഒളിമ്പ്യാഡിൽ വ്യക്തിഗത സ്വർണം നേടിയതോടെയാണ് വളർച്ച വേഗത്തിലായത്. ഈ വർഷം നടന്ന ചെസ് ഒളിമ്പ്യാഡിൽ ഇന്ത്യൻ ടീം സ്വർണം നേടിയപ്പോൾ ഏറ്റവും നിർണായകമായത് ഗുകേഷിന്റെ പ്രകടനമായിരുന്നു.
വിഷാദപർവം
കടന്ന് ലിറെൻ
ലോക ചെസ് ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്നതിന്റെ സമ്മർദ്ദത്തെക്കുറിച്ച് അറിയണമെങ്കിൽ ഡിംഗ് ലിറെനോട് ചോദിക്കണം. കഴിഞ്ഞ വർഷം നിപ്പോംനിയാംഷിയെ തോൽപ്പിച്ച് ചാമ്പ്യനായ ശേഷം മാസങ്ങളോളം ലിറെൻ ഒരു മത്സരത്തിന്പോലും ഇറങ്ങിയില്ല. മാനസികമായ ക്ഷീണവും ഡിപ്രഷനും ചേർന്ന് തന്നെ ആ ഒരവസ്ഥയിലേക്ക് എത്തിക്കുകയായിരുന്നെന്ന് ലിറെൻ തന്നെയാണ് വെളിപ്പെടുത്തിയത്.2023ലെ ഏഷ്യൻ ഗെയിംസിലും 2024 ഗ്രാൻഡ് ചെസ് ടൂറിലെ ആദ്യ നാല് ടൂർണമെന്റുകളിലും ലിറെൻ കളിച്ചില്ല. ഈ വർഷമാദ്യം ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിലാണ് പിന്നീട് കളിക്കാനിറങ്ങിയത്. എന്നാൽ പഴയ ഫോമിന്റെ നിഴലുമാത്രമായിരുന്നു. മൂന്നാം റാങ്കിൽ നിന്ന് 23-ാം റാങ്കിലേക്ക് വഴുതിവീണു. എന്നാൽ ലിറെൻ പതിയെ താളം വീണ്ടെടുത്ത് ലോക കിരീടം നിലനിറുത്തുനിറങ്ങുകയാണ്.
ചെസ് 24 ഇന്ത്യ, ചെസ് ബേസ് ഇന്ത്യ യൂട്യൂബ് ചാനലുകളിൽ നാളെ ഉച്ചയ്ക്ക് 2.30 മുതൽ മത്സരം ലൈവായി കാണാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |