
തിരുവനന്തപുരം : കളിക്കാരൻ, പരിശീലകൻ,അമ്പയർ,മാച്ച് റഫറി,കോമ്പറ്റീഷൻ ഡയറക്ടർ,ടീം മാനേജർ, അസോസിയേഷൻ ഭാരവാഹി എന്നിങ്ങനെ ബാഡ്മിന്റണിന്റെ സർവമേഖലകളിലും തിളങ്ങിനിന്ന, ഇന്ത്യൻ ബാഡ്മിന്റണിൽ കേരളത്തിന്റെ വിലാസമായിരുന്ന എസ്.മുരളീധരനെത്തേടി ദ്രോണാചാര്യ ആജീവനാന്ത പുരസ്കാരമെത്തുമ്പോൾ അത് നീണ്ട 64 വർഷങ്ങൾ ഈ ഗെയിമിന് അദ്ദേഹം നൽകിയ സംഭാവനകൾക്കുള്ള അംഗീകാരമാണ്.
തിരുവനന്തപുരം ശംഖുംമുഖത്ത് ജനിച്ച വളർന്ന മുരളീധരൻ 1960ൽ സ്റ്റേറ്റ് ജൂനിയർ ബാഡ്മിന്റൺ ചാമ്പ്യനായാണ് തുടങ്ങിയത്. 1964 മുതൽ 71വരെ സംസ്ഥാന സീനിയർ ചാമ്പ്യനായിരുന്നു .1968-69കാലയളവിൽ അന്താരാഷ്ട്ര ടൂർണമെന്റുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. 1973ലാണ് പട്യാലയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പോർട്സിൽ നിന്ന് കോച്ചിംഗ് ഡിപ്ളോമ കരസ്ഥമാക്കിയത്.73 മുതൽ 2005വരെ കാലിക്കറ്റ് യൂണിവേഴ്സിറ്റി കോച്ചായിരുന്നു. ഇതിനിടയിൽ വിവിധ ചാമ്പ്യൻഷിപ്പുകളിൽ ഇന്ത്യൻ കോച്ചായും ആൾ ഇന്ത്യ യൂണിവേഴ്സിറ്റി ടീമിന്റെ കോച്ചായും സേവനം അനുഷ്ഠിച്ചു.ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ അംഗീകരിച്ച രണ്ട് ഇന്ത്യൻ പരിശീലകരിൽ ഒരാളായ ഇദ്ദേഹം അമേരിക്ക,നൈജീരിയ ,ഘാന, ഇറാൻ,സിറിയ,സിംബാബ്‌വെ തുടങ്ങിയ 19ഓളം രാജ്യങ്ങളിൽ ബാഡ്മിന്റൺ പരിശീലനം നൽകിയിട്ടുണ്ട്.
ഇന്റർനാഷണൽ സർട്ടിഫൈഡ് അമ്പയറായ മുരളീധരൻ ന്യൂഡൽഹി ഏഷ്യൻ ഗെയിംസ്, വേൾഡ് കപ്പ് ,തോമസ് കപ്പ്, ഉൗബർ കപ്പ് , ഈസ്റ്റ് ഏഷ്യൻ ഗെയിംസ് തുടങ്ങിയവയിൽ അമ്പയറായിരുന്നു. പിന്നീട് മാച്ച് റഫറിയായി വെസ്റ്റ് ഏഷ്യൻ ഗെയിംസ്,ഏഷ്യൻ സാറ്റലൈറ്റ്സ് ടൂർണമെന്റ് , ഇന്റർ നാഷണൽ ഗ്രാൻപ്രീകൾ, ഓപ്പൺ ടൂർണമെന്റുകൾ തുടങ്ങിയവ നിയന്ത്രിച്ചു.1993ൽ ഇംഗ്ളണ്ടിൽ നടന്ന ലോകചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിന്റെ മാനേജരായിരുന്നു. 2001ൽ പുല്ലേല ഗോപിചന്ദ് ആൾ ഇംഗ്ളണ്ട് ചാമ്പ്യനായപ്പോൾ ഇന്ത്യൻ ടീം മാനേജരായിരുന്ന ഇദ്ദേഹം 2016 റിയോ ഒളിമ്പിക്സ്, 2018 കോമൺവെൽത്ത് ഗെയിംസ്, 2019 ലോക ചാമ്പ്യൻഷിപ്പ് എന്നിവയിലും ഇതേ സ്ഥെനത്തുണ്ടായിരുന്നു. 2010 ഡൽഹി കോമൺവെൽത്ത് ഗെയിംസ് ഉൾപ്പടെ നിരവധി അന്താരാഷ്ട്ര മത്സരങ്ങളുടെ കോമ്പറ്റീഷൻ ഡയറക്ടുമായിരുന്നു.
നിലവിൽ ബാഡ്മിന്റൺ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റായ മുരളീധരൻ ടെക്നിക്കൽ ഒഫിഷ്യൽസ് കമ്മറ്റി ചെയർമാനുമാണ്. കേരള ഒളിമ്പിക് അസോസിയേഷന്റെയും വൈസ് പ്രസിഡന്റാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |