ന്യൂഡൽഹി: കസ്റ്റമറുടെ മർദ്ദനത്തിൽ മനംനൊന്ത ഡെലിവറി ഏജന്റ് ജീവനൊടുക്കി. ഫ്ളിപ്‌കാർട്ടിലെ ഡെലിവറി എക്‌സിക്യൂട്ടീവായിരുന്ന സമീർ ഹുസൈൻ ആണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. 24-ാം ജന്മദിനത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് മരണം. കീറിയ പത്തുരൂപ നോട്ട് സ്വീകരിക്കാത്തതിന്റെ പേരിലാണ് കസ്റ്റമർ സമീറിനെ മർദ്ദിച്ചത്. തന്റെ മരണത്തിന് കാരണമായ സംഭവങ്ങൾ വീഡിയോയിലൂടെ വെളിപ്പെടുത്തിയതിന് ശേഷമായിരുന്നു സമീർ വിഷം കഴിച്ചത്.
ഒക്‌ടോബർ നാലിന് രാത്രി പത്തരയോടെയായിരുന്നു സംഭവം. ഡൽഹിയിലെ വിനോദ് നഗറിൽ രാംപാൽ സിംഗിന് ഓർഡർ ഡെലിവറി ചെയ്യാൻ പോയതായിരുന്നു സമീർ. 150 രൂപയുടെ കോഫിയാണ് രാംപാൽ ഓർഡർ ചെയ്തത്. 15 മിനിട്ടോളം സമയമെടുത്ത് ഇയാൾ കാശ് ക്രമീകരിച്ച് നൽകുകയായിരുന്നുവെന്ന് സമീർ വീഡിയോയിൽ പറഞ്ഞു.
കീറിയ നോട്ട് തിരികെ എടുക്കണമെന്ന് വളരെ വിനയത്തോടെ പറഞ്ഞുവെന്നും എന്നാൽ രാംപാൽ മോശമായി പെരുമാറിയെന്നും യുവാവ് വീഡിയോയിൽ വ്യക്തമാക്കി. ഇതേ തന്റെ കയ്യിലുള്ളൂവെന്നും വേണമെങ്കിൽ എടുക്കൂ, അല്ലെങ്കിൽ ഇവിടെനിന്ന് പോകൂവെന്ന് കസ്റ്റമർ ഭീഷണിപ്പെടുത്തിയെന്നും യുവാവ് വെളിപ്പെടുത്തി. തന്റെ മരണത്തിനുത്തരവാദി രാംപാലും അയാളുടെ കൊച്ചുമകനായ രാകേഷും ആണെന്നും വീഡിയോയിൽ സമീർ പറഞ്ഞു.
'രാംപാൽ തന്നെ മൂന്ന് തവണ കരണത്തടിച്ചു. എന്നാൽ ഞാൻ തിരിച്ച് പ്രതികരിച്ചില്ല. ദരിദ്രനായിരിക്കുന്നത് ദുരുപയോഗത്തിനുള്ള കാരണമാണോ? ഞാനൊരിക്കലും അച്ഛന്റെ കയ്യിൽ നിന്ന് പണം വാങ്ങിയിട്ടില്ല. സ്വന്തമായി സമ്പാദിക്കാനാണ് ആഗ്രഹിച്ചത്. ഞാൻ ആത്മഹത്യ ചെയ്യുന്നു. നടുറോഡിൽ എന്റെ ആത്മാഭിമാനം നഷ്ടപ്പെട്ടു. എനിക്ക് പണമില്ലാത്തതിനാൽ നീതി ലഭിക്കുകയില്ല.
അയാൾക്കെതിരെ ഒരു പരാതിയും രജിസ്റ്റർ ചെയ്യില്ലെന്ന് എനിക്കറിയാം. ഞാൻ അത് നേരിൽ കണ്ടതാണ്. മാപ്പ് പറയാൻ അയാളുടെ ഭാര്യ ആവശ്യപ്പെട്ടു. പക്ഷേ അതുകൊണ്ട് എന്ത് പ്രയോജനം? ആദ്യം ഒരാളെ മർദ്ദിക്കുക, എന്നിട്ട് മാപ്പ് പറയുക! ഒരുപക്ഷേ, എന്റെ മരണശേഷമെങ്കിലും ആരെങ്കിലും ഇത് കേൾക്കുമായിരിക്കും. എനിക്കെന്തെങ്കിലും സംഭവിച്ചാൽ, അതിന് ഇവർ രണ്ടുപേരുമായിരിക്കും ഉത്തരവാദികൾ'- എന്നിങ്ങനെയാണ് യുവാവ് വീഡിയോയിൽ പറയുന്നത്.
ഒക്‌ടോബർ അഞ്ചിനാണ് സമീർ വിഷം കഴിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഒക്‌ടോബർ 20ന് മരണത്തിന് കീഴടങ്ങി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു. അതേസമയം രംപാലിന് രാഷ്ട്രീയ സ്വാധീനമുണ്ടെന്ന് സമീറിന്റെ അമ്മ കലിമ ആരോപിച്ചു.
A Flipkart delivery executive, Sameer Hussain, died on October 20 after consuming poison following an alleged assault by a customer in Delhi. The customer reportedly slapped him three times after Sameer refused to accept a torn ₹10 note for a ₹150 coffee order. Sameer recorded a video blaming the customer and his grandson. Police have registered a case and launched an investigation.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |