
ഇന്ത്യ- ഓസ്ട്രേലിയ അവസാന ടെസ്റ്റ് മത്സരം ഇന്നുമുതൽ സിഡ്നിയിൽ
ഇന്ത്യൻ ടീമിൽ നിന്ന് നായകൻ രോഹിതിനെ മാറ്റുമെന്ന് റിപ്പോർട്ടുകൾ
ജസ്പ്രീത് ബുംറ ക്യാപ്ടനായേക്കും, പ്ളേയിംഗ് ഇലവനിൽ മാറ്റമുണ്ടാകും
സിഡ്നി : ഇന്ന് സിഡ്നിയിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന് തിരിതെളിയുന്നതോടെ ഇന്ത്യൻ നായകൻ രോഹിത് ശർമ്മയുടെ കരിയറിന്റെ തിരി അണയുമെന്ന് സൂചന. ക്യാപ്ടനായും കളിക്കാരനായും തികഞ്ഞ പരാജയമായ രോഹിതിനെ ഈ മത്സരത്തിൽ കളിപ്പിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. അതേസമയം രോഹിത് സ്വയം മാറിക്കൊടുത്തതാണെന്നും ഈ മത്സരത്തിന് ശേഷം വിരമിക്കൽ പ്രഖ്യാപിക്കുമെന്നും അറിയുന്നു.
ഇന്നലെ ഇന്ത്യൻ ടീം പരിശീലനത്തിന് ഇറങ്ങിയപ്പോൾ കോച്ച് ഗംഭീർ കൂടുതൽ കാര്യങ്ങൾ ചർച്ച ചെയ്തത് ബുംറയുമായാണ്. അതാണ് ക്യാപ്ടൻസിയെക്കുറിച്ച് സന്ദേഹമുയർത്തിയത്. പരിശീലനം കഴിഞ്ഞ് നടന്ന പത്രസമ്മേളനത്തിൽ രോഹിത് പങ്കെടുത്തിരുന്നില്ല.രോഹിത് കളിക്കുമോ എന്ന ചോദ്യമുയർന്നപ്പോൾ കോച്ച് ഗംഭീർ മത്സരത്തിന് മുമ്പ് പിച്ചിന്റെ സ്ഥിതി പരിശോധിച്ചശേഷമേ അന്തിമ ഇലവനെ തീരുമാനിക്കൂ എന്നാണ് പറഞ്ഞത്. അതേസമയം പേസർ ആകാശ് ദീപ് സിംഗിന് പരിക്കേറ്റതിനാൽ കളിക്കില്ലെന്ന് അറിയിക്കുകയും ചെയ്തു. പരിശീലനത്തിന് രോഹിത് അധികസമയം ഉണ്ടായിരുന്നതുമില്ല.ബുംറയാണ് സഹതാരങ്ങളുമായി കൂടുതൽ നേരം ആശയവിനിമയം നടത്തിയത്.
അഞ്ച് മത്സരപരമ്പരയിൽ 2-1ന് മുന്നിലുള്ള ഓസ്ട്രേലിയയെ ഈ മത്സരത്തിൽ തോൽപ്പിച്ച് നിലവിലെ ചാമ്പ്യന്മാരെന്ന നിലയിൽ ബോർഡർ - ഗാവസ്കർ ട്രോഫി നിലനിറുത്താൻ ഇന്ത്യയ്ക്കുള്ള ലാസ്റ്റ് ചാൻസാണിത്. അതേസമയം ഈ മത്സരം സമനിലയിലാക്കിയാൽപോലും ഓസ്ട്രേലിയയ്ക്ക് ട്രോഫി തിരിച്ചുപിടിക്കുകയും ലോക ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ ബർത്ത് ഉറപ്പിക്കുകയുമാകാം.
തല മാറാൻ കാരണം
1. രോഹിത് വിട്ടുനിന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യയെ നയിച്ചത് ബുംറയാണ്. ആ മത്സരത്തിൽ മാത്രമാണ് ഇന്ത്യ ജയിച്ചതും.
രോഹിതിന്റെ ക്യാപ്ടൻസിക്ക് കീഴിൽ ഇറങ്ങിയ മൂന്ന് മത്സരങ്ങളിൽ രണ്ടിലും തോറ്റു. അഡ്‌ലെയ്ഡിൽ മഴ സഹായിച്ചത് കൊണ്ടുമാത്രം സമനില കിട്ടി.
2. ഈ പര്യടനത്തിലെ അഞ്ച് ഇന്നിംഗ്സുകളിൽ നിന്ന് 31 റൺസ് മാത്രം നേടിയ രോഹിതിനെ ഉൾപ്പെടുത്തേണ്ടതിനാൽ മാത്രമാണ് കഴിഞ്ഞ കളിയിൽ ഗില്ലിന് വിശ്രമം നൽകിയത്.
3.സിഡ്നിയിൽ ഗിൽ തിരിച്ചെത്തുമ്പോൾ രോഹിതല്ലാതെ ആരെമാറ്റുമെന്നും സംശയമാണ്. സിഡ്നി പിച്ച് സ്പിന്നിനെ തുണയ്ക്കുന്നതിനാൽ ജഡേജ, വാഷിംഗ്ടൺ എന്നിവരെയും ഫോമിലുള്ള നിതീഷിനെയും മാറ്റാനാവില്ല.
4.കഴിഞ്ഞ മത്സരത്തിൽ കൂടുതൽ ഓവറുകൾ ബൗൾ ചെയ്യാൻ രോഹിത് ബുംറയോട് ആവശ്യപ്പെട്ടതും ക്ഷീണം കാരണം പറ്റില്ലെന്ന് ബുംറ പറഞ്ഞതും വിവാദമായിരുന്നു.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് വിജയശതമാനം
ദക്ഷിണാഫ്രിക്ക 66. 67
ഓസ്ട്രേലിയ 61.46
ഇന്ത്യ 52.78
ഇന്ത്യയ്ക്ക് ഇനി ലോക ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെത്തണമെങ്കിൽ സിഡ്നി ടെസ്റ്റിൽ ഓസീസിനെ തോൽപ്പിച്ചാൽ മാത്രം പോര , ഓസീസ് ലങ്കയ്ക്ക് എതിരെ നടക്കുന്ന രണ്ട് മത്സര പരമ്പരയിൽ 1-0ത്തിന് എങ്കിലും തോൽക്കുകയും വേണം.
സിഡ്നി ടെസ്റ്റോടെ ഈ ലോക ചാമ്പ്യൻഷിപ്പ് സൈക്കിളിലെ ഇന്ത്യയുടെ മത്സരങ്ങൾ അവസാനിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |