
തിരുവനന്തപുരം : ന്യൂഡൽഹിയിൽ കായിക പുരസ്കാരജേതാക്കളെ പ്രഖ്യാപിക്കുമ്പോൾ കർണാടക ബെല്ലാരിയിൽ പരിശീലനം കഴിഞ്ഞ് നല്ല ഉറക്കത്തിലായിരുന്നു സാജൻ പ്രകാശ്. അൽപ്പം വൈകിയെങ്കിലും തന്നെത്തേടി അർജുന അവാർഡ് എത്തിയെന്ന ശുഭവാർത്തകേട്ടുകൊണ്ടാണ് മയക്കം വിട്ടെണീറ്റത്. അമ്മയും മുൻ കായികതാരവുമായ ഷാന്റിമോളാണ് സാജനെ സന്തോഷവാർത്തയറിയിച്ചത്.
ഒരു പതിറ്റാണ്ടോളമായി ഇന്ത്യൻ നീന്തൽ രംഗത്ത് ഓളം സൃഷ്ടിക്കുന്ന താരമാണ് സാജൻ. 2015ൽ ദേശീയ ഗെയിംസിൽ കേരളത്തിനായി ആറു സ്വർണവും മൂന്നുവെള്ളിയും ഉൾപ്പടെ ഒൻപത് മെഡലുകൾ നേടി ചരിത്രം സൃഷ്ടിച്ചാണ് സാജൻ വരവറിയിച്ചത്. 2016ൽ റിയോ ഒളിമ്പിക്സിലും 2021ൽ ടോക്യോ ഒളിമ്പിക്സിലും മത്സരിച്ചു. എ ക്വാളിഫിക്കേഷൻ മാർക്ക് കടന്ന് ഒളിമ്പിക്സിൽ മത്സരിച്ച ആദ്യ ഇന്ത്യൻ നീന്തൽ താരമാണ് സാജൻ. 2017-ലെ ഏഷ്യൻ ഇൻഡോർ ഗെയിംസിൽ 100 മീറ്റർ ബട്ടർഫ്‌ളൈസിൽ വെള്ളി നേടിയ സാജൻ 2016ലെ ഗോഹട്ടി സൗത്ത് ഏഷ്യൻ ഗെയിംസിൽ 200 മീറ്റർ ബട്ടർഫ്‌ളൈസ്, 1500 മീറ്റർ ഫ്രീസ്റ്റൈൽ, 4x200 മീറ്റർ ഫ്രീസ്റ്റൈൽ റിലേ ഇനങ്ങളിലും സ്വർണം നേടിയിരുന്നു. 2021ൽ ദേശീയ നീന്തലിലെ 11 റെക്കാഡുകൾ സാജന്റെ പേരിലായിരുന്നു. അന്താരാഷ്ട്ര പൊലീസ് നീന്തൽ മീറ്റിലും മെഡലുകൾ വാരിക്കൂട്ടിയിട്ടുണ്ട്.
ഇനി ദേശീയ ഗെയിംസിന്
ഉത്തരാഖണ്ഡിൽ ഈ മാസം നടക്കുന്ന ദേശീയ ഗെയിംസ് ലക്ഷ്യമിട്ടാണ് ബെല്ലാരിയിൽ സാജൻ പരിശീലിക്കുന്നത്.കേരള പൊലീസിൽ ഓഫീസർ റാങ്കിലുള്ള സാജൻ കേരളത്തിനായാണ് ദേശീയ ഗെയിംസിൽ മത്സരിക്കുന്നത്. കഴിഞ്ഞ ദേശീയ ഗെയിംസുകളിലെല്ലാം മെഡൽപ്പട്ടികയിൽ കേരളത്തെ താങ്ങിനിറുത്തിയത് സാജനായിരുന്നു.
സാജന്റെ പ്രധാന നേട്ടങ്ങൾ
2015
ദേശീയ ഗെയിംസ് ആറ് സ്വർണം,മൂന്ന് വെള്ളി
2016
റിയോ ഒളിമ്പിക്സിൽ മത്സരിച്ച ഏക ഇന്ത്യൻ പുരുഷ നീന്തൽ താരം.
സൗത്ത് ഏഷ്യൻ ഗെയിംസ് മൂന്ന് സ്വർണം.
2017
ഏഷ്യൻ ഇൻഡോർ ഗെയിംസ് വെള്ളി.
2018
ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും മത്സരിച്ചു.
2021
ടോക്യോ ഒളിമ്പിക്സിന് എ ക്വാളിഫിക്കേഷനോടെ യോഗ്യത. തുടർച്ചയായി രണ്ട് ഒളിമ്പിക്സുകളിൽ മത്സരിച്ച ആദ്യ ഇന്ത്യൻ നീന്തൽ താരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |