
ഓസ്ട്രേലിയയ്ക്ക് എതിരായ അഞ്ചുടെസ്റ്റുകളുടെ ബോർഡർ - ഗാവസ്കർ ട്രോഫി പരമ്പര 3-1ന് കൈവിട്ടതോടെ ഇന്ത്യയ്ക്ക് അടുത്ത ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ കളിക്കാനുള്ള അവസരവും നഷ്ടമായി. നവംബറിൽ ന്യൂസിലാൻഡിന് എതിരായ പരമ്പരയോടെ തുടങ്ങിയതാണ് ടെസ്റ്റിലെ ഇന്ത്യയുടെ പടിയിറക്കം. അവസാനം കളിച്ച എട്ടുടെസ്റ്റുകളിൽ ആറ് തോൽവികൾ. മൂന്നെണ്ണം സ്വന്തം മണ്ണിൽ. മൂന്നെണ്ണം കംഗാരുക്കളുടെ നാട്ടിൽ.സമീപകാലത്തൊന്നും ഇന്ത്യൻ ടെസ്റ്റ് ടീം ഇത്തരത്തിലൊന്ന് നേരിട്ടിട്ടില്ല. നായകൻ രോഹിത് ശർമ്മ അടക്കമുള്ളവരുടെ മോശം ഫോം, ഒഴിവാക്കൽ, അശ്വിന്റെ പരമ്പരയ്ക്കിടയിലെ വിരമിക്കൽ എന്നിങ്ങനെ സംഭവബഹുലമായിരുന്നു ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനം. ഇന്ത്യൻ ക്രിക്കറ്റിൽ ഈ പര്യടനത്തിന്റെ അനന്തരഫലങ്ങൾ എന്താകും. ?
നവംബറിൽ ന്യൂസിലാൻഡിനെതിരായ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിൽ തകർന്നുതരിപ്പണമായിരുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ചടത്തോളം ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു ഓസ്ട്രേലിയൻ പര്യടനം. അഞ്ചുമത്സരങ്ങളുടെ പരമ്പര നേടാനായില്ലെങ്കിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ബർത്ത് തുലാസിലാകുമെന്ന ഭീഷണി ഒരു വശത്ത്. കഴിഞ്ഞ രണ്ട് ഓസീസസ് പര്യടനങ്ങളിലെയും വിജയതാളം നിലനിറുത്തുകയെന്ന വെല്ലുവിളി മറുവശത്ത്. പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ 295 റൺസിന് വിജയം നേടി തിരിച്ചുവരവിന്റെ സൂചനകൾ നൽകിയ ഇന്ത്യ പക്ഷേ പിന്നീടങ്ങോട്ട് തകർച്ചതുടങ്ങി. തന്റെ രണ്ടാമത്തെ കുഞ്ഞിന്റെ ജന്മമവുമായി ബന്ധപ്പെട്ട് ആദ്യ ടെസ്റ്റിൽ നിന്ന് വിട്ടുനിന്ന രോഹിത് ശർമ്മ നായകനായി തിരിച്ചെത്തിയ അഡ്‌ലെയ്ഡിലെ രണ്ടാം ടെസ്റ്റിൽ പത്തുവിക്കറ്റിനായിരുന്നു തോൽവി. മഴ സഹായിച്ചതുകൊണ്ടുമാത്രം ബ്രിസ്ബേനിലെ മൂന്നാം ടെസ്റ്റ് സമനിലയിൽ കലാശിച്ചു. മെൽബണിൽ നാലാം ടെസ്റ്റിൽ 184 റൺസ് തോൽവി ഏറ്റുവാങ്ങിയതോടെ അവസാന ടെസ്റ്റിൽ നായകസ്ഥാനത്തുനിന്നുമാത്രമല്ല പ്ളേയിംഗ് ഇലവനിൽ നിന്നുതന്നെ രോഹിത് ശർമ്മ പിന്മാറി. വീണ്ടും നായകനായി എത്തിയെങ്കിലും പരിക്കുമൂലം ബുംറയ്ക്ക് അവസാന ഇന്നിംഗ്സിൽ ബൗൾ ചെയ്യാനാകാതെ വന്നതോടെ ഓസീസ് ആറുവിക്കറ്റിന് ജയിച്ച് 3-1ന് പരമ്പരയും സ്വന്തമാക്കി ലോക ചാമ്പ്യൻഷിപ്പിന് ടിക്കറ്റെടുത്തു.
പത്ത് വർഷത്തിന് ശേഷമാണ് ഓസീസ് ബോർഡർ -ഗാവസ്കർ ട്രോഫിയിൽ മുത്തമിട്ടത്. അവസാന ടെസ്റ്റ് ജയിച്ചിരുന്നെങ്കിൽ പരമ്പര സമനിലയിലാക്കി നിലവിലെ ജേതാക്കൾ എന്ന നിലയിൽ ഇന്ത്യയ്ക്ക് കിരീടം നിലനിറുത്താനാകുമായിരുന്നു. വിശദമായി വിലയിരുത്തുമ്പോൾ ഈ പരമ്പരത്തോൽവിക്ക് പലകാരണങ്ങളുണ്ട്. രോഹിത് ശർമ്മയും വിരാട് കൊഹ്‌ലിയും ഉൾപ്പടെയുള്ള സീനിയർ ബാറ്റർമാരുടെ ഫോമില്ലായ്മ പ്രധാനമായും ചൂണ്ടിക്കാട്ടാമെങ്കിലും ടീമെന്ന നിലയിലെ തിരഞ്ഞെടുപ്പുകളും സമീപനങ്ങളും കോച്ചെന്ന നിലയിലെ ഗംഭീറിന്റെ തീരുമാനങ്ങളും ഓരോ മത്സരത്തിലും ഇന്ത്യയെ പിന്നാക്കം വലിച്ചുവെന്ന് പറയാതെവയ്യ. ക്യാപ്ടനെന്ന നിലയിൽ മാത്രം പ്ളേയിംഗ് ഇലവനിൽ തുടരേണ്ട ഗതികേടിൽ നിന്ന് രോഹിത് സ്വയം മാറിക്കൊടുത്തിട്ടും സിഡ്നിയിൽ ഇന്ത്യയ്ക്ക് ജയിക്കാൻ കഴിഞ്ഞില്ല. പെർത്തിലെ ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്സിലെ സെഞ്ച്വറിക്ക് അപ്പുറം ടീമിന് കരുത്താകേണ്ട ഒരു ഇന്നിംഗ്സുപോലും വിരാടിൽനിന്ന് ഉണ്ടായില്ല. രോഹിത്,രാഹുൽ,ഗിൽ,വിരാട് എന്നിവരെ ഏത് പൊസിഷനിൽ കളിപ്പിക്കണമെന്നുള്ള കൺഫ്യൂഷൻ പരമ്പരയിലുടനീളം ഇന്ത്യൻ ലൈനപ്പിൽ പ്രതിഫലിച്ചു.പരിക്കും പ്ളേയിംഗ് ഇലവനിലെ ഇടമില്ലായ്മയുമാണ് ഗില്ലിന് തിരിച്ചടിയായത്. സ്വന്തം ശൈലിയിൽ കളിക്കണോ വേണ്ടയോ എന്ന സംശയം റിഷഭ് പന്തിനെയും മഥിച്ചു.
ബൗളിംഗിലേക്ക് വരുമ്പോൾ ജസ്പ്രീത് ബുംറ ഒരു ഒറ്റയാനെപ്പോലെ പോരാടി. എറിഞ്ഞെറിഞ്ഞുതളർന്നൊടുവിൽ പരിക്കേറ്റു മാറിനിൽക്കേണ്ടിവന്നു. ബുംറയ്ക്ക് കൃത്യമായി പിന്തുണ നൽകുന്ന ഒരു രണ്ടാം പേസറുടെ അഭാവം പരമ്പരയിലുടനീളം നിഴലിച്ചു. മുഹമ്മദ് സിറാജും ആകാശ്ദീപും ഹർഷിത് റാണയും പ്രസിദ്ധ് കൃഷ്ണയുമൊന്നും ശരാശരി നിലവാരത്തിലേക്കുപോലും ഉയർന്നില്ല. രഞ്ജി ട്രോഫിയിലും സെയ്ദ് മുഷ്താഖ് ട്രോഫിയിലും കളിച്ച് വിക്കറ്റ് വീഴ്ത്തിയിട്ടും മുഹമ്മദ് ഷമിയെ ഓസ്ട്രേലിയിലേക്ക് കൊണ്ടുപോകാൻ തയ്യാറാകാതിരുന്ന സെലക്ടർമാരും ഇന്ത്യൻ ബൗളിംഗിനെ ദുർബലമാക്കുന്നതിൽ പ്രധാനപങ്കുവഹിച്ചു. കാര്യങ്ങളുടെ പോക്ക് ശരിയല്ലെന്ന് കണ്ടതുകൊണ്ടാണ് അഡ്‌ലെയ്ഡ് ടെസ്റ്റിന് പിന്നാലെ അശ്വിൻ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ച് നാട്ടിലേക്ക് മടങ്ങിയത്. ജഡേജയും വാഷിംഗ്ടൺ സുന്ദറും ബൗളിംഗിൽ അല്ലെങ്കിൽ ബാറ്റിംഗിൽ തട്ടിമുട്ടി നിന്ന് മൂന്നുമത്സരങ്ങളിൽ വീതം പ്ളേയിംഗ് ഇലവനിൽ ഇടംപിടിച്ചു. ദേവ്ദത്ത് പടിക്കലും ധ്രുവ് ജുറേലും ഓരോ ടെസ്റ്റിൽ മുഖംകാണിച്ചപ്പോൾ സർഫ്രാസ് ഖാനും അഭിമന്യു ഈശ്വരനും വാട്ടർ ബോയ്സായി ടീമിനൊപ്പമുണ്ടായിരുന്നു.
ഈ പര്യടനത്തിലെ പോസിറ്റീവായി ചൂണ്ടിക്കാട്ടാനുള്ളത് ബുംറയുടെ ബൗളിംഗും നിതീഷ് കുമാറിന്റെ അരങ്ങേറ്റവുമാണ്. അഞ്ച് മത്സരങ്ങളിലെ ഒൻപത് ഇന്നിംഗ്സുകളിൽ നിന്ന് ബുംറ വീഴ്ത്തിയത് 32 വിക്കറ്റുകളാണ്. ഏറ്റവും വേഗത്തിൽ 200 ടെസ്റ്റ് വിക്കറ്റുകൾ തികയ്ക്കുന്ന താരമായി മാറിയ ബുംറ പരമ്പരയിലെ മികച്ച താരത്തിനുള്ള പുരസ്കാരവും ഏറ്റുവാങ്ങി. അവസാന ടെസ്റ്റിന്റെ അവസാന ഇന്നിംഗ്സിൽ ബുംറ ബൗൾ ചെയ്യാനുണ്ടായിരുന്നെങ്കിൽ ഒരു പക്ഷേ വിധി മറിച്ചുമാകുമായിരുന്നു. അഡ്‌ലെയ്ഡിലെ രണ്ടാം ടെസ്റ്റിൽ ഇരു ഇന്നിംഗ്സുകളിലും 42 റൺസ് വീതം നേടുകയും ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്ത് അരങ്ങേറിയ നിതീഷ് കുമാർ മെൽബണിൽ നേടിയ സെഞ്ച്വറി അവിസ്മരണീയമായിരുന്നു. പെർത്തിലെ വിജയമൊരുക്കിയ സെഞ്ച്വറിയും മെൽബണിലെ രണ്ട് അർദ്ധസെഞ്ച്വറികളുമായി യശസ്വി ജയ്സ്വാൾ തന്റെ റോൾ ഒരുവിധം ഭംഗിയാക്കിയപ്പോൾ കെ.എൽ രാഹുൽ രണ്ട് അർദ്ധസെഞ്ച്വറികൾ നേടി. ഒരു അർദ്ധസെഞ്ച്വറി റിഷഭ് പന്തും നേടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |