SignIn
Kerala Kaumudi Online
Friday, 23 October 2026 7.04 PM IST

മുൾമുനയിൽ ഗംഭീർ

gambhir

ന്യൂസിലാൻഡിനോട് സ്വന്തംമണ്ണിൽ തോറ്റതിന് പിന്നാലെ ഓസ്ട്രേലിയൻ പര്യടനത്തിൽ 3-1ന് ഇന്ത്യൻ ക്രിക്കറ്റ് ടീം തകർന്നതോടെ മുൾമുനയിലായത് പരിശീലകൻ ഗൗതം ഗംഭീറാണ്. കഴിഞ്ഞ ജൂണിൽ രാഹുൽ ദ്രാവിഡിന്റെ പിൻഗാമിയായി ചുമതലയേറ്റശേഷം തോൽവികൾ വഴങ്ങുന്നതുമാത്രമല്ല ടീമിനുള്ളിലെ അന്തഛിദ്രങ്ങൾ പുറത്തുവരുന്നതും കോച്ചെന്ന നിലയിലെ ഗംഭീറിന്റെ നിലനിൽപ്പ് ചോദ്യം ചെയ്യുന്നതാണ്. ഹർഭജൻ സിംഗിനെപ്പോലെ ഒരുകാലത്ത് ഗംഭീറിനൊപ്പം കളിച്ചവർതന്നെ അദ്ദേഹത്തെ ചോദ്യം ചെയ്യുന്നു. പരമ്പരയ്ക്കിടെ സീനിയർ താരം വിരമിച്ചതും നായകനെത്തന്നെ പ്ളേയിംഗ് ഇലവനിൽ നിന്ന് മാറ്റിനിറുത്തേണ്ടിവന്നതും ഗംഭീർ എന്ന കോച്ചിന്റെ കഴിവുകേ‌ടായിത്തന്നെയാണ് വിലയിരുത്തപ്പെടുന്നത്.

ട്വന്റി-20 ലോകകപ്പ് നേടിക്കൊടുത്തശേഷം ദ്രാവിഡ് വിരമിച്ചപ്പോൾ ഗംഭീറിനെ ആ സ്ഥാനത്തേക്ക് കൊണ്ടുവന്നത് കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെ ഐ.പി.എൽ ചാമ്പ്യന്മാരാക്കിയ കോച്ച് എന്ന നിലയിലാണ്. തന്റെ സഹപരിശീലകരായി നൈറ്റ് റൈഡേഴ്സിൽ ഒപ്പമുണ്ടായിരുന്ന അഭിഷേക് നായരേയും മോണി മോർക്കലിനെയും വേണമെന്ന നിർബന്ധവും ബി.സി.സി.ഐ അംഗീകരിച്ചു. ബൗളിംഗ് കോച്ചായി സഹീർ ഖാനെ കൊണ്ടുവരാനുള്ള സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനം മാറ്റിയാണ് മോർക്കൽ എത്തിയത്. ഗംഭീർ ആവശ്യപ്പെട്ട ശമ്പളവും നൽകി.

എന്നാൽ ശ്രീലങ്കയ്ക്ക് എതിരെ 27 വർഷത്തിന് ശേഷം ഒരു ഏകദിന പരമ്പരയിൽ തോറ്റത് തുടക്കത്തിലേ നിരാശ പകർന്നു. നവംബറിൽ ന്യൂസിലാൻഡിനെതുരെ സ്വന്തം നാട്ടിൽ മൂന്ന് ടെസ്റ്റുകളിൽ തുടർച്ചയായി തോറ്റത് ഞെട്ടിക്കുന്നതായിരുന്നു. ഇന്ത്യൻ മണ്ണിൽ പതിറ്റാണ്ടിലേറെയായി ടെസ്റ്റ് ക്രിക്കറ്റിൽ പുലർത്തിയ ആധിപത്യമാണ് കിവീസുകാർ തകർത്തുകളഞ്ഞത്.ആദ്യമായാണ് കിവീസ് ഇന്ത്യൻ മണ്ണിൽ പരമ്പര നേടിയത്. 2009ൽ കളിക്കാരനായി ന്യൂസിലാൻഡിൽ ചെന്ന് അടിച്ചുതകർത്ത് പരമ്പര നേടിയിട്ടുള്ള ഗംഭീറിനോട് കാലങ്ങളായുള്ള പകയാണ് കിവീസുകാർ തീർത്തത്. അതിന് പിന്നാലെയാണ് ഓസീസ് പര്യടനത്തിലെ നാണക്കേട്. കഴിഞ്ഞ രണ്ട് ഓസീസ് പര്യടനങ്ങളിലും പരമ്പര നേടിയിരുന്നത് ഇന്ത്യയാണ് . ഇക്കുറി അതും തകർന്നു. 10 വർഷത്തിന് ശേഷം ഓസ്ട്രേലിയ ബോർഡർ - ഗാവസ്കർ ട്രോഫിയും തിരിച്ചുപിടിച്ചു.

ഫോമിലല്ലാത്ത രോഹിത് ശർമ്മയെ പൊസിഷൻ മാറ്റി പരീക്ഷിച്ച് പരാജയപ്പെട്ടതും ഒടുവിൽ പ്ളേയിംഗ് ഇലവനിൽ നിന്നുതന്നെ മാറ്റിയതും കോച്ചെന്ന നിലയിൽ ഗംഭീറിന് വലിയ വെല്ലുവിളിയായിരുന്നു. ബുദ്ധിമാനായ അശ്വിൻ ടീമിന്റെ പോക്ക്മുൻകൂട്ടിക്കണ്ടാണ് വിരമിച്ചതെന്നും പറയുന്നുണ്ട്. ടീമിലെ സീനിയേഴ്സിന്റെ സ്വാധീനം മറികടക്കാൻ ഗംഭീറിന് കഴിയാത്തതാണോ സീനിയേഴ്സിനെ കൂടുതലായി വിശ്വാസത്തിലെടുക്കുന്നതാണോ ഗംഭീറിന്റെ പ്രശ്നമെന്ന് ഇനിയും വ്യക്തമാകാനുണ്ട്. എന്നാൽ ടീമിനുള്ളിലെ സ്ഥിതിഗതികൾ അത്ര ശുഭകരമല്ല എന്നത് വ്യക്തമാണ്. പുജാരയേയും ഷമിയേയും ഓസ്ട്രേലിയയിൽ എത്തിക്കാനുള്ള ഗംഭീറിന്റെ ശ്രമങ്ങൾക്ക് സെലക്ടർമാരിൽ നിന്ന് വേണ്ട പിന്തുണ കിട്ടിയില്ലെന്നതാണ് ശരിയെങ്കിൽ സെലക്ടർമാരുമായുള്ള ബന്ധവും അത്ര ഉൗഷ്മളമായിരിക്കില്ല.

ഏതായാലും അടുത്തമാസം തുടങ്ങുന്ന ചാമ്പ്യൻസ് ട്രോഫി വരെ ഗംഭീറിന്റെ കോച്ച് സ്ഥാനം തെറിക്കാനിടയില്ല. എന്നാൽ ചാമ്പ്യൻസ് ട്രോഫി നേടാനായില്ലെങ്കിൽ ഗംഭീറിന് മറ്റൊരു ജോലി അന്വേഷിക്കേണ്ടിവരും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, GAMBHIR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360