SignIn
Kerala Kaumudi Online
Saturday, 24 October 2026 12.48 AM IST

9-ാം വയസിൽ ദിവി വനിതാ കാൻഡിഡേറ്റ്സ് മാസ്റ്റർ

chess

ഡബ്ളിയു.സി.എം പദവിയിലെത്തുന്ന ഏറ്റവും പ്രായംകുറഞ്ഞ മലയാളി ചെസ് താരമായി ദിവി ബിജേഷ്

തിരുവനന്തപുരം : പത്താം പിറന്നാൾ ആഘോഷിക്കും മുന്നേ മലയാളി ചെസ് പ്രതിഭ ദിവി ബിജേഷിനെത്തേടി അന്താരാഷ്ട്ര ചെസ് സംഘടന ഫിഡെയുടെ പ്രസിഡന്റ് അർക്കാഡി വോർക്കോവിച്ച് ഒപ്പിട്ട സർട്ടിഫിക്കറ്റ് എത്തി; ഫിഡെയുടെ വനിതാ കാൻഡിഡേറ്റ്സ് മാസ്റ്ററായി ദിവയെ അംഗീകരിച്ചിരിക്കുന്നു. ഇതോടെ ഏറ്റവും ചെറിയ പ്രായത്തിൽ ഡബ്ളിയു.സി.എം പദവിയിലെത്തുന്ന മലയാളിയായി ദിവി ചരിത്രം കുറിച്ചു.

കഴിഞ്ഞമാസം തായ്‌ലാൻഡിൽ നടന്ന ഏഷ്യൻ സ്കൂൾ ചെസ് ചാമ്പ്യൻഷിപ്പിൽ ദിവി ബിജേഷ് സ്റ്റാൻഡേഡ് ഫോർമാറ്റിലും ബ്ളിറ്റ്സിലും ചാമ്പ്യനായിരുന്നു.റാപ്പിഡ് വിഭാഗത്തിലെ വ്യക്തിഗത വെങ്കലമെഡലും ദിവിക്ക് ലഭിച്ചു. ഇതോടെ ഫിഡേ റേറ്റിംഗിൽ 1800 പോയിന്റ് പിന്നിടുകയും കാൻഡിഡേറ്റ്സ് മാസ്റ്റർ നോം ലഭിക്കുകയും ചെയ്തതോടെയാണ് ഡബ്ളിയു.സി.എം ആയത്. അടുത്തിടെ പൂനെയിൽ നടന്ന ദേശീയ അണ്ടർ -9 പെൺകുട്ടികളുടെ ചെസ് ചാമ്പ്യൻഷിപ്പിൽ ദിവി ബിജേഷ് വെള്ളി നേടിയിരുന്നു . ഇതോടെ ഏഷ്യൻ, വേൾഡ് കേഡറ്റ് അണ്ടർ 10 മത്സരങ്ങളിൽ പങ്കെടുക്കാനുള്ള യോഗ്യതയും ദിവി നേടി.

കഴക്കൂട്ടം അലൻഫെൽഡ്മാൻ പബ്ളിക് സ്കൂളിലെ വിദ്യാർത്ഥിനിയും ബിജേഷിന്റെയും പ്രഭയുടെയും മകളുമാണ് ദിവി. സഹോദരൻ ദേവ്‌നാഥും ദേശീയ ചെസ് താരമാണ്.

ദിവിയുടെ മറ്റ് നേട്ടങ്ങൾ

ഹൈദരാബാദിൽ നടന്ന അണ്ടർ 11 ദേശീയ ചെസ് ചാമ്പ്യൻഷിപ്പിൽ കിരീ‌ടം.

ഏഷ്യൻ യൂത്ത് ചെസ് അണ്ടർ 10 ബ്ളിറ്റ്സ് ടീം സ്വർണം.

കോമൺവെൽത്ത് റാപ്പിഡ് ചെസ് അണ്ടർ 10 ചാമ്പ്യൻ.

ഏഷ്യൻ യൂത്ത് ചെസ് അണ്ടർ 10 സ്റ്റാൻഡേഡ് ടീം വെള്ളി.

വെസ്റ്റേൺ ഏഷ്യൻ യൂത്ത് ചെസ് അണ്ടർ 10 ബ്ളിറ്റ്സ് ചാമ്പ്യൻ.

വെസ്റ്റേൺ ഏഷ്യൻ യൂത്ത് ചെസ് അണ്ടർ 10 ബ്ളിറ്റ്സ് ടീം വെള്ളി,

ഫിഡെ വേൾഡ് കപ്പ് (8-12 പ്രായപരിധി)അഞ്ചാം സ്ഥാനം.

ഇനിയുമുണ്ട് പടവുകൾ

ഗ്രാൻഡ്മാസ്റ്ററാവുകയാണ് ദിവിയുടെ ലക്ഷ്യം. അതിലേക്ക് ഇനിയുമുണ്ട് പടവുകൾ. വിമൻ ഫിഡെ മാസ്റ്ററാവുകയാണ് അടുത്ത പടി. തുടർന്ന് ഫിഡെ മാസ്റ്റർ, വനിതാ ഇന്റർനാഷണൽ മാസ്റ്റർ, ഇന്റർ നാഷണൽ മാസ്റ്റർ എന്നിവയൊക്കെ കടന്നേ വനിതാ ഗ്രാൻഡ് മാസ്റ്ററിലേക്ക് എത്താനാകൂ.

സ്പോർസർഷിപ്പ് അനിവാര്യം

കൂടുതൽ വിദേശ ടൂർണമെന്റുകളിൽ മുൻനിര താരങ്ങളുമായി മത്സരിച്ചാലേ റേറ്റിംഗിൽ ഉയരാനാകൂ. ഇതിന് വിദേശ പരിശീലനവും അനിവാര്യമാണ്.ഓൺലൈനിൽ പോലും വിദേശ പരിശീലകർക്ക് മണിക്കൂറിന് ഡോളർ നിരക്കിലാണ് പ്രതിഫലം. മത്സരങ്ങൾക്ക് ഒപ്പം പോകുന്നതും വലിയ ചെലവാണ്. ജോലിക്കുപോലും കൃത്യമായി പോകാനാകില്ല. ഹൗസിംഗ് ലോണും മറ്റും കഴിയുമ്പോൾ പരിശീലനത്തിന് മാറ്റാൻ മാതാപിതാക്കളുടെ ശമ്പളത്തിൽ ബാക്കിയില്ല. മക്കൾക്ക് സ്പോൺസർമാരെ തേടുകയാണ് ബിജേഷും പ്രഭയും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, DIVI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360