SignIn
Kerala Kaumudi Online
Saturday, 24 October 2026 12.47 AM IST

സീനിയേഴ്സിന് സ്ഥാനമുണ്ടോ ?

cricket

ഇംഗ്ളണ്ടിന് എതിരായ ഏകദിനത്തിലും ചാമ്പ്യൻസ് ട്രോഫിയിലും ഇന്ത്യൻ ടീമിൽ വിരാടും രോഹിതുമുണ്ടാകുമോ ?

ഓസ്ട്രേലിയയിലെ പരാജയ പര്യടനം കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് മുന്നിലുള്ളത് പ്രധാനമായും അട‌ുത്തമാസം നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ഏകദിന ടൂർണമെന്റാണ്. അതിന് മുന്നോടിയായി ഇംഗ്ളണ്ടുമായി അഞ്ച് ട്വന്റി-20കളും മൂന്ന് ഏകദിനങ്ങളും കളിക്കും. ഈ മാസം 22നാണ് ട്വന്റി-20 തുടങ്ങുന്നത്. ഫെബ്രുവരി 6.9,12 തീയതികളിൽ ഏകദിനങ്ങൾ. ഫെബ്രുവരി 19നാണ് പാകിസ്ഥാനിൽ ചാമ്പ്യൻസ് ട്രോഫിക്ക് തുടക്കമാകുന്നത്. ഇന്ത്യയുടെ ആദ്യ മത്സരം പിറ്റേന്ന് ബംഗ്ളാദേശുമായി ദുബായ്‌യിലാണ്.

ഇംഗ്ളണ്ടുമായുള്ള ട്വന്റി-20 പരമ്പരയേക്കാൾ ആരാധകരും ക്രിക്കറ്റ് നിരൂപകരും ചർച്ച ചെയ്യുന്നത് അത് കഴിഞ്ഞുള്ള ഏകദിന പരമ്പരയിലും ചാമ്പ്യൻസ് ട്രോഫിയിലും ആരൊക്കെ ഇന്ത്യൻ ടീമിലുണ്ടാകും എന്നതിനെക്കുറിച്ചാണ്. കഴിഞ്ഞ വർഷം ട്വന്റി-20 ലോകകപ്പ് നേടിക്കഴിഞ്ഞ് രോഹിത് ശർമ്മയും വിരാട് കൊഹ്‌ലിയും രവീന്ദ്ര ജഡേജയും ട്വന്റി-20 ഫോർമാറ്റിൽ നിന്ന് വിരമിച്ചിരുന്നു. സൂര്യകുമാർ യാദവാണ് ട്വന്റി-20 ഫോർമാറ്റിലെ ഇന്ത്യൻ നായകൻ.സഞ്ജു ഉൾപ്പടെയുള്ള യുവതുർക്കികൾ ടീമിലുമുണ്ട്. രോഹിതും കൊഹ്‌ലിയും ജഡേജയും ഏകദിനത്തിൽ നിന്ന് വിരമിച്ചിട്ടില്ല. ഇംഗ്ളണ്ടിനെതിരെയും ചാമ്പ്യൻസ് ട്രോഫിയിലും ഇവർക്ക് അവസരം നൽകണമോ യുവതാരങ്ങളെ പരീക്ഷിക്കണമോ എന്നതാണ് സെലക്‌ടർമാരും കോച്ച് ഗംഭീറും ചിന്തിക്കുന്നത്.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ശ്രീലങ്കയ്ക്ക് എതിരെ നടന്ന പരമ്പരയിലാണ് അവസാനമായി ഏകദിനം കളിച്ചത്. അതിന് ശേഷം ഇന്ത്യൻ ടീമും ഏകദിനത്തിന് ഇറങ്ങിയിട്ടില്ല. 2023ൽ ഏകദിന ലോകകപ്പ് ഫൈനലിന് ശേഷം ആറ് ഏകദിനങ്ങൾ മാത്രമാണ് ഇന്ത്യൻ ടീം കളിച്ചത്. ചാമ്പ്യൻസ് ട്രോഫിയിൽ നയിച്ച് കിരീടം നേടിക്കൊടുത്ത് രാജകീയമായി വിരമിക്കണമെന്നാണ് രോഹിതിന്റെ ആഗ്രഹം. എന്നാൽ ഇപ്പോൾ ഫോമിലല്ലാത്ത രോഹിതിനെ ഏകദിന ടീമിലേക്ക് എടുക്കുന്നത് ശരിയാവില്ലെന്ന അഭിപ്രായവും ഉയരുന്നുണ്ട്. രോഹിതിനോളം വിമർശനങ്ങൾ ഏൽക്കേണ്ടിവരുന്നില്ലെങ്കിലും വിരാടിനെ കളിപ്പിക്കുന്നതിലും സമ്മർദ്ദമുണ്ട്.

സെലക്ടേഴ്സ് ഡിലെമ

1. ഏകദിന ഫോർമാറ്റിൽ ക്യാപ്ടനും ഓപ്പണറുമായി വേണം രോഹിതിനെ കളിപ്പിക്കാൻ. ശുഭ്മാൻ ഗില്ലും രോഹിതുമാണ് കഴിഞ്ഞ ഏകദിനങ്ങളിൽ ഓപ്പണർമാരായിരുന്നത്. എന്നാൽ മികച്ച ഫോമിലുള്ള യശസ്വി ജയ്സ്വാളിനെ ഇതുവരെ ഏകദിനത്തിൽ അരങ്ങേറാനായിട്ടില്ല.

2. യശസ്വിയെ ഏകദിനത്തിൽ കളിപ്പിക്കണമെങ്കിൽ രോഹിതിനെയോ ഗില്ലിനെയോ താഴേക്ക് ഇറക്കേണ്ടിവരും. ടെസ്റ്റിൽ രോഹിതിനെ മദ്ധ്യനിരയിലേക്ക് ഇറക്കിയത് വിജയിച്ചിരുന്നില്ല.

3. രോഹിതിന് പകരം കെ.എൽ രാഹുലിനെ നായകപദവി ഏൽപ്പിച്ചാൽ മദ്ധ്യനിര ശക്തമാകുകയും ഓപ്പണിംഗിൽ പ്രശ്നങ്ങൾ ഉണ്ടാവുകയുമില്ലെന്നൊരു വാദം ഉയരുന്നുണ്ട്.

4. വിരാടിന്റെ സ്ഥാനത്തേക്ക് ശ്രേയസ് അയ്യർ, സഞ്ജു സാംസൺ എന്നിവരെ പരിഗണിക്കുന്നത് 2027ലെ ലോകകപ്പ് ടീമിനെ രൂപീകരിക്കാനുള്ള നല്ല തീരുമാനമാകുമെന്ന ചിന്തയുമുണ്ട്.

5. ഓസ്ട്രേലിയൻ പര്യടനത്തിൽ എറിഞ്ഞു തളർന്ന ബുംറയെ ഇംഗ്ളണ്ടിനെതിരെ രണ്ട് ഫോർമാറ്റുകളിലും വിശ്രമം നൽകിയശേഷം ചാമ്പ്യൻസ് ട്രോഫിയിൽ കളിപ്പിക്കാൻ സാദ്ധ്യതയുണ്ട്. ബുംറയ്ക്ക് പകരം ഷമി ഇംഗ്ളണ്ടിനെതിരെ കളിച്ചേക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, CRICKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360