SignIn
Kerala Kaumudi Online
Friday, 23 October 2026 1.39 PM IST

വോളിബാളിൽ കേരളത്തെ രണ്ടാക്കിയ കളി ഇങ്ങനെ

volleeyball

വർഷങ്ങളായി ദേശീയ വോളിബാൾ ഫെഡറേഷനിലെയും സംസ്ഥാന വോളിബാൾ അസോസിയേഷനിലെയും തർക്കമാണ്ഇപ്പോൾ ദേശീയ ഗെയിംസിനായി സംസ്ഥാന സ്പോർട്സ് കൗൺസിലും കേരള ഒളിമ്പിക് അസോസിയേഷനും രണ്ട് വ്യത്യസ്തടീമുകളെ തിരഞ്ഞെടുക്കുന്ന സ്ഥിതി വിശേഷത്തിലേക്ക് എത്തിച്ചത്. വോളി ഫെഡറേഷനിലെ തമ്മിൽത്തല്ലുകാരണം 2023ൽ ഗോവയിൽ നടന്ന ദേശീയ ഗെയിംസിൽ വോളിബാൾ ഉൾപ്പെടുത്തിയിരുന്നില്ല. നാലഞ്ചുവർഷമായി ദേശീയ ചാമ്പ്യൻഷിപ്പുകളും നടന്നിരുന്നില്ല. ഇത്തവണത്തെ ദേശീയഗെയിംസിൽ വോളിബാളിനെ ഉൾപ്പെടുത്താനും അതിന് മുമ്പ് ദേശീയ ചാമ്പ്യൻഷിപ്പ് നടത്താനും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി ഉഷയുടെ നേതൃത്വത്തിൽ തീരുമാനിക്കുകയായിരുന്നു. അതിനായി ഒളിമ്പിക് അസോസിയേഷൻ വോളിബാളിന് താത്കാലിക കമ്മറ്റി രൂപീകരിക്കുകയും ചെയ്തു.

ദേശീയ സ്ഥിതി

ദേശീയ തലത്തിൽ വോളിബാൾ ഫെഡറേഷൻ ഒഫ് ഇന്ത്യ റദ്ദാക്കപ്പെട്ടിരിക്കുകയാണ്. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ മത്സരങ്ങൾ നടത്താനും ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കാനും താത്കാലിക സമിതി രൂപീകരിച്ചിരിക്കുന്നു.

സംസ്ഥാന സ്ഥിതി

വോളിബാൾ ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ സംസ്ഥാന ഘടകമായ കേരള വോളിബാൾ അസോസിയേഷന്റെ അംഗീകാരം റദ്ദാക്കിയ സംസ്ഥാന സ്പോർട്സ് കൗൺസിൽ സ്വന്തമായി ഒരു ടെക്നിക്കൽ കമ്മറ്റിക്ക് രൂപം നൽകി. അതേസമയം കേരള വോളിബാൾ അസോസിയേഷന് കേരള ഒളിമ്പിക് അസോസിയേഷൻ അംഗീകരിച്ചിട്ടുണ്ട്.

ഒറ്റ സ്മാഷിൽ ഒതുങ്ങാത്ത പ്രശ്നങ്ങൾ

1. ഐ.ഒ.എയുടെ താത്‌കാലിക സമിതി രാജസ്ഥാനിൽ ദേശീയ ചാമ്പ്യൻഷിപ്പ് നടത്താനും അതിൽ ആദ്യ എട്ടുസ്ഥാനത്ത് വരുന്ന ടീമുകളെ ദേശീയ ഗെയിംസിൽ പങ്കെടുപ്പിക്കാനും തീരുമാനിച്ചു.

2. ഇതിനായി ടീമുകളെ തിരഞ്ഞെടുത്ത് അയയ്ക്കാൻ ഐ.ഒ.എയുടെ താത്‌കാലിക സമിതി കേരളത്തിൽ നിർദ്ദേശം നൽകിയത് സംസ്ഥാന സ്പോർട്സ് കൗൺസിലിനാണ്.

3. കൗൺസിൽ ഇതനുസരിച്ച് ടെക്നിക്കൽകമ്മിറ്റി വഴി പുരുഷ - വനിതാ ടീമുകളെ തിരഞ്ഞെടുത്ത് ദേശീയ ചാമ്പ്യൻഷിപ്പിന് അയച്ചു. കേരള പുരുഷന്മാർ ചാമ്പ്യൻമാരായി. വനിതകൾ റണ്ണേഴ്സ് അപ്പ്. ഇതേ ടീമുകൾ തന്നെ ദേശീയ ഗെയിംസിലും കേരളത്തിനായി മത്സരിക്കുമെന്ന് കൗൺസിൽ അറിയിച്ചിരുന്നു.

4. എന്നാൽ ഐ.ഒ.എ ദേശീയ ഗെയിംസിനുള്ള വോളിബാൾ ടീമുകളെ തിരഞ്ഞെടുക്കാനുള്ള അവകാശം അതത് സംസ്ഥാന ഒളിമ്പിക് അസോസിയേഷനുകൾക്ക് മാറ്റി നൽകിയതോടെയാണ് കളം മാറിയത്.

5. കേരളത്തിൽ ഒളിമ്പിക് അസോസിയേഷൻ സ്പോർട്സ് കൗൺസിലിന്റെ ടെക്നിക്കൽ കമ്മറ്റിയെ അംഗീകരിച്ചിട്ടില്ല. അതിനാൽ ദേശീയ ചാമ്പ്യൻഷിപ്പിന് ടെക്നിക്കൽ കമ്മറ്റി അയച്ച ടീമിന് പകരം തങ്ങളുടെ അംഗീകാരമുള്ള വോളി അസോസിയേഷന്റെ നേതൃത്വത്തിൽ സെലക്ഷൻ കമ്മറ്റിയുണ്ടാക്കി ദേശീയ ഗെയിംസിന് പുതിയ ടീമുകളെ പ്രഖ്യാപിച്ചു.കുറച്ച് കളിക്കാർ ഇരുടീമിലും ഇടംപിടിച്ചിട്ടുണ്ട്.

6. ദേശീയ തലത്തിൽ പല സംസ്ഥാനങ്ങളിലും ഇതേരീതിയിൽ ആശയക്കുഴപ്പമായതോടെ ഐ.ഒ.എയുടെ താത്കാലിക കമ്മറ്റിതന്നെ വിഷയത്തിൽ വ്യക്തത തേടി സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, VOLLEEYBALL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360