
ഇന്ത്യ - ഇംഗ്ളണ്ട് ട്വന്റി--20 പരമ്പര നാളെ തുടങ്ങുന്നു
ആദ്യ മത്സരം കൊൽക്കത്തയിൽ, സഞ്ജു ടീമിൽ
കൊൽക്കത്ത : ഇന്ത്യയും ഇംഗ്ളണ്ടും തമ്മിലുള്ള അഞ്ച് ട്വന്റി-20കളുടെ പരമ്പരയ്ക്ക് നാളെ കൊൽക്കത്തയിൽ തുടക്കമാകുമ്പോൾ ഏവരുടെയും ശ്രദ്ധ മലയാളി താരം സഞ്ജു സാംസണിലാണ്.
ട്വന്റി -20യ്ക്ക് ശേഷം ഇംഗ്ളണ്ടിനെതിരെ നടക്കുന്ന മൂന്ന് ഏകദിനങ്ങളുടെ പരമ്പരയ്ക്കും അടുത്ത മാസം തുടങ്ങുന്ന ചാമ്പ്യൻസ് ട്രോഫിക്കുമുള്ള ടീമുകളിൽ നിന്ന് സഞ്ജു ഒഴിവാക്കപ്പെട്ടതിന്റെ അലയൊലികൾ ഇനിയും അടങ്ങിയിട്ടില്ല. സഞ്ജുവിനെ വിക്കറ്റ് കീപ്പറായി വേണമെന്ന കോച്ച് ഗൗതം ഗംഭീറിന്റെ വാദം നിരാകരിച്ച് റിഷഭ് പന്തിനെ മതി ചാമ്പ്യൻസ് ട്രോഫിക്ക് എന്ന ക്യാപ്ടൻ രോഹിത് ശർമ്മയുടെ ആവശ്യമാണ് ചീഫ് സെലക്ടർ അജിത് അഗാർക്കർ സ്വീകരിച്ചിരിക്കുന്നത്. അതിനിടെ വിജയ് ഹസാരേ ട്രോഫിയിൽ കളിക്കുന്നതിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ സഞ്ജുവിനെതിരെ നിലപാടെടുത്തു എന്ന വിവാദവും ഉയർന്നിട്ടുണ്ട്. അവസാനം കളിച്ച അഞ്ച് ട്വന്റി-20കളിൽ മൂന്നിലും സെഞ്ച്വറി നേടിയ സഞ്ജുവിൽ ഈ വിവാദങ്ങളെല്ലാം ചേർന്ന് സമ്മർദ്ദമേറ്റുന്നുണ്ട്.
കഴിഞ്ഞ ദിവസം കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ പരിശീലനത്തിനിടെ സഞ്ജുവും കോച്ച് ഗംഭീറും ദീർഘനേരം സംസാരിച്ചിരുന്നു. ഗംഭീറിന്റേയും ട്വന്റി-20യിലെ നായകൻ സൂര്യകുമാർ യാദവിന്റേയും പൂർണ പിന്തുണ സഞ്ജുവിനുണ്ട്. ഓപ്പണറായിത്തന്നെ ഈ പരമ്പരയിൽ സഞ്ജുവിനെ കളിപ്പിക്കുമെന്നാണ് അറിയുന്നതും. ട്വന്റി-20 ഫോർമാറ്റിൽ മികവ് കാട്ടി സമ്മർദ്ദത്തെ അതിജീവിക്കാനും ഭാവിയിൽ ഏകദിന ടീമിൽ കൂടി സ്ഥാനമുറപ്പിക്കാനുമാണ് സഞ്ജുവിന്റെ ശ്രമം.
പന്തെറിഞ്ഞ് ഷമി
ഒരു വർഷത്തിലേറെയുള്ള ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ കുപ്പായത്തിലേക്ക് തിരിച്ചെത്തിയ പേസർ മുഹമ്മദ് ഷമി ഇംഗ്ളണ്ടിനെതിരായ ആദ്യ ട്വന്റി-20യ്ക്ക് മുന്നോടിയായി ടീമിനൊപ്പം നെറ്റ്സിൽ പന്തെറിഞ്ഞ് പരിശീലനം നടത്തി. 2023 നവംബറിലെ ഏകദിന ലോകകപ്പ് ഫൈനലിലാണ് ഷമി അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. ഷമിയെക്കൂടാതെ അർഷ്ദീപ് സിംഗ്,ഹർഷിത് റാണ എന്നിവരാണ് പേസർമാരായി ട്വന്റി-20 ടീമിലുള്ളത്.
സഞ്ജുവിനെ റാഞ്ചുമോ ?
ക്യാമ്പിൽ പങ്കെടുക്കാത്തതിന്റെ പേരിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ സഞ്ജുവിനെ വിജയ് ഹസാരേ ട്രോഫിയിൽ കളിപ്പിച്ചില്ലെന്ന വിവാദത്തിന്റെ പശ്ചാത്തലത്തിൽ സഞ്ജുവിനെ തങ്ങളുടെ ടീമിലേക്ക് റാഞ്ചാൻ മറ്റ് സംസ്ഥാന അസോസിയേഷനുകൾ ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ. രാജസ്ഥാനും തമിഴ്നാടും സഞ്ജുവിനായി ശ്രമം തുടങ്ങിയതായാണ് അറിയുന്നത്.ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനായി കളിക്കുന്ന സഞ്ജുവിന് അവിടെ നല്ല ഫാൻ ബേസുമുണ്ട്.
ഇന്ത്യ - ഇംഗ്ളണ്ട് ട്വന്റി-20 പരമ്പര ഫിക്സ്ചർ
1. ജനുവരി 22 ബുധൻ, കൊൽക്കത്ത
2.ജനുവരി 25 ശനി, ചെന്നൈ
3.ജനുവരി 28 ചൊവ്വ, രാജ്കോട്ട്
4. ജനുവരി 31 വെള്ളി, പൂനെ
5.ഫെബ്രുവരി 2 ഞായർ, മുംബയ്.
ഇന്ത്യൻ ട്വന്റി-20 ടീം
സൂര്യകുമാർ യാദവ് (ക്യാപ്ടൻ), സഞ്ജു സാംസൺ,റിങ്കു സിംഗ്, ധ്രുവ് ജുറേൽ,അക്ഷർ പട്ടേൽ,അഭിഷേക് ശർമ്മ, നിതീഷ് കുമാർ,ഹാർദിക് പാണ്ഡ്യ,തിലക് വർമ്മ,വാഷിംഗ്ടൺ സുന്ദർ,മുഹമ്മദ് ഷമി,അർഷ്ദീപ് സിംഗ്,ഹർഷിത് റാണ,വരുൺ ചക്രവർത്തി,രവി ബിഷ്ണോയ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |