SignIn
Kerala Kaumudi Online
Friday, 23 October 2026 3.31 PM IST

രഞ്ജി : ലീഡുമായി കേരളം തിരിച്ച‌ടിച്ച് മദ്ധ്യപ്രദേശ്

renji

തിരുവനന്തപുരം: മദ്ധ്യപ്രദേശിനെതിരായ രഞ്ജി ട്രോഫിമത്സരത്തിൽ കേരളം ഒന്നാം ഇന്നിംഗ്സിൽ ഏഴ് റൺസ് ലീഡ് നേടി. ആദ്യ ദിനം 160 റൺസിന് ആൾഔട്ടായിരുന്ന മദ്ധ്യപ്രദേശിനെതിരെ കേരളം ഒന്നാം ഇന്നിംഗ്സിൽ 167 റൺസിന് ആൾഔട്ടായി. തുടർന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ മദ്ധ്യപ്രദേശ് രണ്ടാം ദിവസം കളിനിറുത്തുമ്പോൾ 140/2 എന്ന നിലയിലാണ്.

വിക്കറ്റ് പോകാതെ 54 റൺസെന്ന നിലയിൽ ബാറ്റ് ചെയ്യാനിറങ്ങിയ കേരളത്തിന് ആദ്യ ഓവറിൽ തന്നെ രോഹൻ കുന്നുമ്മലിനെ നഷ്ടമായി. തൊട്ടടുത്ത ഓവറുകളിൽ മൂന്ന് വിക്കറ്റുകൾ കൂടി വീണതോടെ നാലിന് 62 റൺസെന്ന നിലയിലായി കേരളം. രോഹൻ കുന്നുമ്മൽ 25ഉം അക്ഷയ് ചന്ദ്രൻ 22ഉം റൺസെടുത്ത് പുറത്തായപ്പോൾ ഷോൺ റോജർ ഒന്നും സച്ചിൻ ബേബി രണ്ടും റൺസെടുത്തു. സൽമാൻ നിസാറും മൊഹമ്മദ് അസറുദ്ദീനും ചേർന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിൽ 78 റൺസ് പിറന്നു. എന്നാൽ ഇരുവരും അടുത്തടുത്ത സ്കോറുകളിൽ പുറത്തായത് കേരളത്തിന് തിരിച്ചടിയായി. സൽമാൻ നിസാർ 36ഉം മൊഹമ്മദ് അസറുദ്ദീൻ 34ഉം റൺസെടുത്തു. തുടർന്നെത്തിയവരിൽ ആർക്കും പിടിച്ചു നില്ക്കാൻ കഴിയാതെ വന്നതോടെ കേരളത്തിന്റെ ഇന്നിംഗ്സ് ഒൻപത് വിക്കറ്റിന് 167 റൺസന്ന നിലയിൽ അവസാനിച്ചു. പരിക്കേറ്റ ബാബ അപരാജിത്ത് ലീഡ് നേടിയശേഷം റിട്ടയേഡ് ഹർട്ടായി . 27 റൺസിനിടെയാണ് കേരളത്തിന്റെ അവസാന അഞ്ച് വിക്കറ്റുകൾ വീണത്. മദ്ധ്യപ്രദേശിന് വേണ്ടി ആര്യൻ പാണ്ഡെയും അവേശ് ഖാനും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തിയപ്പോൾ സാരാംശ് ജെയിൻ രണ്ട് വിക്കറ്റുകൾ നേടി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മദ്ധ്യപ്രദേശിന് ഓപ്പണർ ഗർഷ് ഗാവ്‌ലിയുടെ വിക്കറ്റ് തുടക്കത്തിലേ നഷ്ടമായി. എന്നാൽ ഹിമൻശു മന്ത്രിയും ശുഭം ശർമ്മയും ചേർന്നുള്ള കൂട്ടുകെട്ട് ഇന്നിംഗ്സ് മുന്നോട്ടു നീക്കി. ഹിമാംശു മന്ത്രി 31 റൺസെടുത്ത് പുറത്തായി. കളി നിർത്തുമ്പോൾ ശുഭം ശർമ്മ 46ഉം രജത് പട്ടീദാർ 50ഉം റൺസ് നേടി ക്രീസിലുണ്ട്.

കളിത്തിരിവുകൾ

ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ രാവിലെ പിച്ച് ബൗളർമാർക്ക് അനുകൂലമാണ്. ആദ്യ ദിനത്തിൽ മദ്ധ്യപ്രദേശിനും ഇന്നലെ കേരളത്തിനും രാവിലെ ബാറ്റിംഗിൽ പാളിച്ച പറ്റിയത് ഇതുമൂലമാണ്.

ഇന്ന് രാവിലെ പിച്ചിന്റെ ആനുകൂല്യം മുതലെ‌ടുത്ത് ലഞ്ചിന് മുന്നേ മദ്ധ്യപ്രദേശിനെ ആൾഔട്ടാക്കാനാകും കേരളത്തിന്റെ ശ്രമം.

ബാബാ അപരാജിത്തിന് പരിക്കേറ്റത് കേരളത്തിനും വെങ്കടേഷ് അയ്യർക്ക് പരിക്കേറ്റത് മദ്ധ്യപ്രദേശിനും തിരിച്ച‌ടിയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, RENJI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360