
ഇന്ത്യ - ഇംഗ്ളണ്ട് മൂന്നാം ട്വന്റി-20 ഇന്ന് രാജ്കോട്ടിൽ
ഇന്ന് ജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം
രാജ്കോട്ട് : ഇംഗ്ളണ്ടിനെതിരായ ആദ്യ രണ്ട് മത്സരങ്ങളിലെയും മേൽക്കോയ്മ നിലനിറുത്തി അഞ്ചുമത്സര പരമ്പര സ്വന്തമാക്കാൻ ഇന്ത്യൻക്രിക്കറ്റ് ടീം ഇന്ന് മൂന്നാം ട്വന്റി-20യ്ക്കായി രാജ്കോട്ടിലിറങ്ങുന്നു. കൊൽക്കത്തയിലെ ആദ്യ മത്സരത്തിൽ ഏഴുവിക്കറ്റിനും ചെന്നൈയിലെ രണ്ടാം മത്സരത്തിൽ രണ്ട് വിക്കറ്റിനുമാണ് ഇന്ത്യ വിജയം കണ്ടത്. ടോസ് അനുകൂലമായതിനാൽ ഇരു മത്സരങ്ങളിലും ഇന്ത്യ ചേസിംഗിനിറങ്ങുകയായിരുന്നു. ആദ്യ മത്സരത്തിൽ ആധികാരിക ജയമായിരുന്നെങ്കിൽ രണ്ടാം മത്സരത്തിൽ ഇംഗ്ളണ്ട് പിഴവുകളിൽ നിന്ന് പാഠം പഠിച്ചിറങ്ങിയത് കളി ആയാസകരമാക്കിയിരുന്നു.
കൊൽക്കത്തയിലെ ജയം ഇങ്ങനെ
ടോസ് നേടി ഇംഗ്ളണ്ടിനെ ബാറ്റിംഗിനിറക്കി 132 റൺസിൽ ആൾഔട്ടാക്കിയശേഷം 12.5 ഓവറിൽ മൂന്ന് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി സൂര്യയും സംഘവും വിജയിക്കുകയായിരുന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ വരുൺ ചക്രർത്തിയും രണ്ട് വിക്കറ്റുകൾ വീതംനേടി അർഷ്‌ദീപും ഹാർദിക്കും അക്ഷർ പട്ടേലും ചേർന്നാണ് ഇംഗ്ളണ്ടിനെ അരിഞ്ഞിട്ടത്. ബാറ്റിംഗിൽ 34 പന്തുകളിൽ 79 റൺസ് നേടി അഭിഷേക് ശർമ്മയും 20 പന്തുകളിൽ 26 റൺസ് നേടി സഞ്ജു സാംസണും വിജയത്തിന് അടിത്തറയിട്ടു.
ചെന്നൈയിലെ ജയം ഇങ്ങനെ
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ളണ്ടിന് 90 റൺസ് എടുക്കുന്നതിനിടെ അഞ്ചുവിക്കറ്റ് നഷ്ടമായെങ്കിലും ക്യാപ്ടൻ ജോസ് ബട്ട്‌ലർ(45), ജാമീ സ്മിത്ത് (22), ബ്രണ്ടൻ കാഴ്സ് (31) എന്നിവരുടെ പോരാട്ടത്തിലൂടെ ഇംഗ്ളണ്ട് 165/9ലെത്തി. മറുപടിക്കിറങ്ങിയ ഇന്ത്യ 78/5ന് പതറിയെങ്കിലും 55 പന്തുകളിൽ 72 റൺസുമായി പുറത്താകാതെ പൊരുതിയ തിലക് വർമ്മ ഇന്ത്യയെ 19.2 ഓവറിൽ വിജയത്തിലെത്തിച്ചു. വാഷിംഗ്ടൺ സുന്ദർ (26) പിന്തുണ നൽകി.
ഷമി ഉറപ്പില്ല
ഒരു വർഷത്തെ ഇടവേള കഴിഞ്ഞ് ടീമിലെത്തിയെങ്കിലും ആദ്യ രണ്ട് മത്സരങ്ങളിലും പ്ളേയിംഗ് ഇലവനിൽ ഇല്ലാതിരുന്ന വെറ്ററൻ പേസർ മുഹമ്മദ് ഷമി ഈ മത്സരത്തിലും കളിക്കുമെന്ന് ഉറപ്പില്ല.
ടീമുകൾ ഇവരിൽ നിന്ന്
ഇന്ത്യ : സൂര്യകുമാർ യാദവ് (ക്യാപ്ടൻ),സഞ്ജു, അഭിഷേക് ശർമ്മ,തിലക് വർമ്മ,നിതീഷ് കുമാർ റെഡ്ഡി,മുഹമ്മദ് ഷമി, അർഷ്ദീപ് സിംഗ്,ഹർഷിത് റാണ,ധ്രുവ് ജുറേൽ,റിങ്കു സിംഗ്,ഹാർദിക് പാണ്ഡ്യ,അക്ഷർ പട്ടേൽ,രവി ബിഷ്ണോയ്, വരുൺ ചക്രവർത്തി,വാഷിംഗ്ടൺ സുന്ദർ.
ഇംഗ്ളണ്ട് : ജോസ് ബട്ട്‌ലർ(ക്യാപ്ടൻ),ഫിൽ സാൾട്ട്,ബെൻ ഡക്കറ്റ്,ഹാരി ബ്രൂക്ക് ലിയാം ലിവിംഗ്സ്റ്റൺ,ജേക്കബ് ബെതേൽ,ജാമി ഓവർടൺ,ഗസ് അറ്റ്‌കിൻസൺ,ജൊഫ്ര ആർച്ചർ,ആദിൽ റഷീദ്,മാർക്ക് വുഡ്,ജാമീ സ്മിത്ത്,ബ്രൈഡൻ കാഴ്സ്,രെഹാൻ അഹമ്മദ്,സാക്കിബ് മഹ്‌മൂദ്.
7 pm മുതൽ സ്റ്റാർ സ്പോർട്സിലും ഡിസ്നി ഹോട്ട്‌സ്റ്റാറിലും ലൈവ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |