SignIn
Kerala Kaumudi Online
Saturday, 24 October 2026 12.48 AM IST

വീണ്ടും വിന്നറായി സിന്നർ

sinner

ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് കിരീ‌ടം നിലനിറുത്തി യാന്നിക്ക് സിന്നർ

ഫൈനലിൽ കീഴടക്കിയത് ജർമ്മൻ താരം അലക്സിസ് സ്വരേവിനെ

മെൽബൺ : ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് പുരുഷ സിംഗിൾസിൽ വീണ്ടും വിന്നറായി ഇറ്റാലിയൻ താരം യാന്നിക്ക് സിന്നർ. കഴിഞ്ഞ ദിവസം നടന്ന ഫൈനലിൽ ജർമ്മൻ താരം അലക്സാണ്ടർ സ്വരേവിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് സിന്നർ കിരീടം നിലനിറുത്തിയത്. 6-3,7-6,6-3 എന്ന സ്കോറിനായിരുന്നു സിന്നറുടെ ജയം. 23കാരനായ സിന്നറുടെ കരിയറിലെ മൂന്നാമത്തെ ഗ്രാൻസ്ളാം കിരീ‌ടവും രണ്ടാമത്തെ ഓസ്ട്രേലിയൻ ഓപ്പണുമാണിത്.

രണ്ട് മണിക്കൂർ 42 മിനിട്ട് നീണ്ട പോരാട്ടത്തിലാണ് ലോക ഒന്നാം നമ്പർ താരമായ സിന്നർ സ്വരേവിനെ മിറകടന്നത്. രണ്ടാം സെറ്റിലൊഴിച്ച് മത്സരത്തിൽ കാര്യമായ വെല്ലുവിളി ഉയർത്താൻ സ്വരേവിന് കഴിഞ്ഞിരുന്നില്ല. ലോക രണ്ടാം നമ്പർ താരമായ സ്വരേവിന്റെ മൂന്നാമത്തെ ഗ്രാൻസ്ളാം ഫൈനൽ തോൽവിയായിരുന്നു ഇത്. കരിയറിലെ ആദ്യ ഗ്രാൻസ്ളാം കിരീടമെന്ന സ്വപ്നം സഫലമാക്കാൻ സ്വരേവിന് ഇനിയും കാത്തിരിക്കേണ്ടിവരും.

2024ലെ ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ റഷ്യൻ താരം ഡാനിൽ മെദ്‌വദേവിനെ അഞ്ചുസെറ്റ് നീണ്ട പോരാട്ടത്തിൽ കീഴടക്കിയാണ് സിന്നർ തന്റെ കരിയറിലെ ആദ്യ ഗ്രാൻസ്ളാം നേടിയത്.

2024ലെ യു.എസ് ഓപ്പൺ ഫൈനലിൽ ടെയ്‌ലർ ഫ്രിറ്റ്സിനെ തോൽപ്പിച്ചായിരുന്നു രണ്ടാമത്തെ ഗ്രാൻസ്ളാം കിരീടനേട്ടം.

കഴിഞ്ഞ സെപ്തംബറിൽ ബെയ്ജിംഗിൽ വച്ച് കാർലോസ് അൽക്കാരസിനോട് തോറ്റശേഷം ടോപ്ടെൻ റാങ്കിംഗിലുള്ള തന്റെ ഒരു എതിരാളികളോടും ഒരു സെറ്റുപോലും സിന്നർ നഷ്ടപ്പെടുത്തിയിട്ടില്ല.

സിന്നറുടെ കിരീടവഴി

നിലവിലെ ചാമ്പ്യനായെത്തിയ സിന്നർ ആദ്യ റൗണ്ടിൽ ചിലിയു‌ടെ നിക്കോളാസ് യാരിയെ 7-6,7-6,6-1ന് തോൽപ്പിച്ചാണ് തുടങ്ങിയത്.

രണ്ടാം റൗണ്ടിൽ ഓസ്ട്രേലിയയുടെ ട്രിസ്റ്റൺ സ്കൂൾകേറ്റും മൂന്നാം റൗണ്ടിൽ അമേരിക്കയുടെ മാർക്കോസ് ഗിറോണും സിന്നർക്ക് കീഴടങ്ങി.

പ്രീ ക്വാർട്ടറിൽ 13-ാം സീഡ് ഡാനിഷ് താരം ഹോൾഗർ റൂണെയെ തോൽപ്പിച്ച് അവസാന എട്ടിലേക്ക് കടന്നു.

ക്വാർട്ടറിൽ എതിരാളിയായിരുന്നത് എട്ടാം സീഡ് ഓസ്ട്രേലിയൻ താരം അലക്സ് ഡി മിനേയുർ. സിന്നറുടെ വിജയം 6-3,6-2,6-1എന്ന സ്കോറിന്.

സെമിയിൽ 21-ാം സീഡ് അമേരിക്കൻ താരം ബെൻ ഷെൽട്ടണെ 7-6,6-2,6-2ന് കീഴടക്കി ഫൈനലിലേക്ക് ടിക്കറ്റെടുത്തു.

ഫൈനലിൽ ജയം 6-3,7-6,6-3 എന്ന സ്കോറിന്.

5

ഓപ്പൺ കാലഘട്ടത്തിൽ തുടർച്ചയായി രണ്ട് തവണ ഓസ്ട്രേലിയൻ ഓപ്പൺ നേടുന്ന രണ്ടാമത്തെ താരമാണ് സിന്നർ.

3

ഗ്രാൻസ്ളാം കിരീടങ്ങൾ നേടുന്ന ആദ്യ ഇറ്റാലിയൻ താരവും യാന്നിക്ക് സിന്നറാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, SINNER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360