തിരുവനന്തപുരം : ഹൈക്കോടതി വിധിയിലൂടെ ദേശീയ ഗെയിംസിൽ മത്സരിക്കാൻ അംഗീകാരം നേടിയ സംസ്ഥാന ഒളിമ്പിക് അസോസിയേഷനും വോളിബാൾ അസോസിയേഷനും ചേർന്ന് തിരഞ്ഞെടുത്ത പുരുഷ - വനിതാ വോളിബാൾ ടീമുകൾക്ക് സംസ്ഥാന സർക്കാരിന്റെ കിറ്റ് നൽകാതെ സ്പോർട്സ് കൗൺസിൽ. ഈ ടീമിനെ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കൗൺസിലിന്റെ വോളിബാൾ ടെക്നിക്കൽ കമ്മറ്റി നൽകിയ ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും തള്ളിയിരുന്നു.
കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിൽ കോടതി വിധി എന്തായാലും അംഗീകരിക്കുമെന്നാണ് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു.ഷറഫലി പറഞ്ഞിരുന്നത്. എന്നാൽ കേരളത്തെ പ്രതിനിധീകരിക്കുന്ന മറ്റ് താരങ്ങൾക്ക് വിമാന ടിക്കറ്റും കിറ്റും കൗൺസിൽ നൽകിയപ്പോൾ വോളിബാൾ താരങ്ങൾക്ക് ഇത് നൽകിയില്ല. വോളിബാൾ അസോസിയേഷൻ സ്വന്തം ചെലവിലാണ് വിമാന ടിക്കറ്റെടുത്തത്.
വോളിബാൾ താരങ്ങൾക്ക് കിറ്റ് നൽകാത്തതിനെക്കുറിച്ച് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഷറഫലിയുമായി സംസാരിച്ചിരുന്നു. തങ്ങൾ തിരഞ്ഞെടുത്ത ടീമല്ലാത്തതിനാൽ കിറ്റ് നൽകില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. തികച്ചും നിഷേധാത്മകമായ നിലപാടാണത്. കോടതിയാണ് ഈ ടീമിന് അംഗീകാരം നൽകിയത്. അവർ കേരളത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഈ ടീം മെഡൽ നേടിയാൽ സ്പോർട്സ് കൗൺസിൽ അത് കേരളത്തിന്റെ കണക്കിൽ കൂട്ടുകയില്ലേ?
- ടോം ജോസഫ്, മുൻ ഇന്ത്യൻ വോളിബാൾ ക്യാപ്ടൻ.
ഒളിമ്പിക് അസോ.കിറ്റ് നൽകും
വോളിബാൾ ടീമിന് സ്പോർട്സ് കൗൺസിൽ കിറ്റ് നൽകിയില്ലെങ്കിൽ കേരള ഒളിമ്പിക് അസോസിയേഷൻ നൽകുന്ന ജഴ്സിയണിഞ്ഞ് അവർ മത്സരിക്കുമെന്ന് കെ.ഒ.എ പ്രസിഡന്റ് വി.സുനിൽ കുമാർ പറഞ്ഞു. ഗെയിംസിനുള്ള എല്ലാ കേരള താരങ്ങൾക്കും കെ.ഒ.എ ജഴ്സി നൽകിയിട്ടുണ്ടെന്നും സുനിൽകുമാർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |