SignIn
Kerala Kaumudi Online
Saturday, 24 October 2026 12.47 AM IST

ഉത്സവം ഉത്തരാഖണ്ഡിൽ

national-games

38-ാമത് ദേശീയ ഗെയിംസിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് ഉത്തരാഖണ്ഡിൽ

ഹിമാലയത്തിന്റെ മടിത്തട്ടിലുള്ള ഉത്തരാഖണ്ഡിൽ ഉത്സവേമേളമൊരുക്കി 38-ാമത് ദേശീയ ഗെയിംസിന് ഇന്ന് ഔദ്യോഗിക ആരംഭം. മൂന്നര വർഷത്തിനിടെ രാജ്യം സാക്ഷ്യം വഹിക്കാൻ ഒരുങ്ങുന്ന മൂന്നാമത്തെ ദേശീയ ഗെയിംസ് ഇന്ന് ഡെറാഡൂണിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ഇന്ത്യയുടെ കായിക ഭൂപടത്തിൽ തങ്ങളുടെ സ്ഥാനം അടയാളപ്പെടുത്താനുള്ള അവസരമാണ് ഉത്തരാഖണ്ഡിനിത്. ഇന്ന് വൈകിട്ട് നടക്കുന്ന മാർച്ച് പാസ്റ്റിൽ അന്താരാഷ്ട്ര ബാസ്കറ്റ് ബാൾ താരം പി.എസ് ജീന പതാകയേന്തി കേരള സംഘത്തെ നയിക്കും. 20 പേരടങ്ങുന്ന സംഘമാണ് മാർച്ച് പാസ്റ്റിൽ ഓരോ ടീമുകളെയും പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത്.

550 അംഗ കേരള സംഘം

കേരളത്തെ പ്രതിനിധീകരിച്ച് 550 അംഗ സംഘം പങ്കെടുക്കും. ഇതിൽ 437 കായിക താരങ്ങളും 113 ഒഫിഷ്യൽസുമാണുള്ളത്. 29 കായിക ഇനങ്ങളിലാണ് കേരള താരങ്ങൾ മാറ്റുരയ്ക്കുന്നത്.52 കായിക താരങ്ങളും13 ഒഫിഷ്യൽസുമടങ്ങുന്ന അത്‌ലറ്റിക്സാണ് ഏറ്റവും വലിയ കായിക സംഘം. അക്വാട്ടിക്സിൽ 43 താരങ്ങളും 8 ഒഫിഷ്യൽസും അണിനിരക്കും.മുൻ അന്താരാഷ്ട്ര നീന്തൽ താരവും ഒളിമ്പ്യനും അർജുന അവാർഡ് ജേതാവുമായ സെബാസ്റ്റ്യൻ സേവ്യറാണ് കേരള ടീമിന്റെ ചെഫ് ഡി മിഷൻ. സുഭാഷ് ജോർജ്, വിജു വർമ്മ, ആർ. പ്രസന്നകുമാർ എന്നിവർ ഡെപ്യൂട്ടി ചെഫ് ഡി മിഷൻസായി ഒപ്പമുണ്ട്.

34 മത്സര ഇനങ്ങൾ,

2 പ്രദർശന ഇനങ്ങൾ

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനും സംഘാടകസമിതിയും തമ്മിലുണ്ടാക്കിയ കരാർ അനുസരിച്ച് 34 കായിക ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക. രണ്ട് പ്രദർശന ഇനങ്ങളുമുണ്ടാകും. കഴിഞ്ഞ വർഷം മത്സരഇനമായിരുന്ന കളരിപ്പയറ്റും മല്ലക്കമ്പും അടക്കം നാലിനങ്ങൾ ഇക്കുറി ആദ്യം പ്രദർശന ഇനങ്ങളാക്കിയിരുന്നു. എന്നാൽ പിന്നീട് മല്ലക്കമ്പും യോഗയും മത്സരഇനമാക്കി മാറ്റി. ഇപ്പോൾ കളരിയും റാഫ്ടിംഗും മാത്രമാണ് പ്രദർശന ഇനങ്ങൾ.

അത്‌ലറ്റിക്സ്,അക്വാട്ടിക്സ്,ആർച്ചറി,ബാഡ്മിന്റൺ,ബാസ്കറ്റ് ബാൾ,ബോളിംഗ് (ലോൺ),ബോക്സിംഗ് , കനോയിംഗ് ആൻഡ് കയാക്കിംഗ്,സൈക്ളിംഗ്,ഫെൻസിംഗ്,ഫുട്ബാൾ,ഗോൾഫ്,ജിംനാസ്റ്റിക്സ്,ഹാൻഡ് ബാൾ (ഇൻഡോർ &ബീച്ച് ) ഹോക്കി, ജൂഡോ,കബഡി (ഇൻഡോർ &ബീച്ച് ),ഖോ ഖോ, മോഡേൺ പെന്റാത്‌ലൺ,നെറ്റ്ബാൾ,റോവിംഗ്, റഗ്ബി,ഷൂട്ടിംഗ്, സ്ക്വാഷ്, ടേബിൾ ടെന്നിസ്,ട്രയാത്‌ലൺ,വോളിബാൾ (ഇൻഡോർ &ബീച്ച് ),വെയ്റ്റ് ലിഫ്ടിംഗ്, റെസ്‌ലിംഗ്, വുഷു ,മല്ലക്കമ്പ്, യോഗാസന എന്നിവയാണ് മത്സരഇനങ്ങൾ. കളരിപ്പയറ്റ്, റാഫ്റ്റിംഗ്,എന്നിവയാണ് പ്രദർശന ഇനങ്ങൾ.

10000ത്തിലധികം

പ്രതിഭകൾ

പതിനായിരത്തോളം കായിക താരങ്ങളും അതിലേറെ പരിശീലകരും ഒഫീഷ്യൽസും വോളണ്ടിയേഴ്സും ദേശീയ ഗെയിംസിന്റെ ഭാഗമാകുമെന്നാണ് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അറിയിച്ചിരിക്കുന്നത്. കായിക താരങ്ങളുടെ രജിസ്ട്രേഷൻ ഓൺലൈനായി പൂർത്തിയായിക്കഴിഞ്ഞു.

2022ൽ നടന്ന ദേശീയ ഗെയിംസിൽ 61 സ്വർണമടക്കം 128 മെഡലുകൾ നേടി സർവീസസാണ് ജേതാക്കളായിരുന്നത്. 23 സ്വർണവും 18 വെള്ളിയും 13 വെങ്കലങ്ങളും അടക്കം 54 മെഡലുകൾ നേടി കേരളം ആറാം സ്ഥാനത്തായിരുന്നു.

2023ലെ ഗെയിംസിൽ 80 സ്വർണമടക്കം 228 മെഡലുകളുമായി മഹാരാഷ്ട്ര ഓവറാൾ ചാമ്പ്യന്മാരായി. 36 സ്വർണവും 24 വെള്ളിയും 27 വെങ്കലങ്ങളുമടക്കം 87 മെഡലുകളുമായി കേരളം അഞ്ചാം സ്ഥാനത്തായിരുന്നു.

11 വേദികൾ

തലസ്ഥാന നഗരമായ ഡെറാഡൂണാണ് മുഖ്യവേദിയായി നിശ്ചയിച്ചിരിക്കുന്നത്. ഹരിദ്വാർ,റിഷികേശ് ശിവ്‌പുരി, ന്യൂ തെഹ്‌രി, നൈനിറ്റാൾ,ഹൽദ്വാനി, രുദ്രാപുർ എന്നിവിടങ്ങളിലും മത്സരമുണ്ടാകും. ഡെറാഡൂണിലാണ് ആർച്ചറി,അത്‌ലറ്റിക്സ്, വെയ്റ്റ്‌ലിഫ്റ്റിംഗ്,ബാസ്കറ്റ് ബാൾ,ജിംനാസ്റ്റിക്സ്,ടേബിൾ ടെന്നിസ്,ബാഡ്മിന്റൺ, ബൗളിംഗ്,ഷൂട്ടിംഗ്,നെറ്റ്ബാൾ, റഗ്ബി, ടെന്നിസ്,വുഷു,സ്ക്വാഷ്,ജൂഡോ,ഗോൾഫ് എന്നീ മത്സരങ്ങൾ. ഹരിദ്വാറിൽ ഹോക്കിയും കബഡിയും ഗുസ്തിയും അരങ്ങേറും. പ്രദർശന ഇനമായ കളരിപ്പയറ്റും ഹരിദ്വാറിലാണ് നടക്കുക. റിഷികേശിൽ കനോയിംഗ്- കയാക്കിംഗ് സ്ളാലം ഇവന്റുകൾ,ബീച്ച് ഹാൻഡ് ബാൾ,ബീച്ച് കബഡി,ബീച്ച് വോളിബാൾ എന്നിവ അരങ്ങേറും. കനോയിംഗ്- കയാക്കിംഗ് സ്പ്രിന്റ് ഇനങ്ങളും റോവിംഗും തെഹ്‌രിയിലാണ്. രുദ്രാപൂരിൽ വോളിബാൾ, ഹാൻഡ്ബാൾ, സൈക്ളിംഗ് മത്സരങ്ങൾ. മല്ലക്കമ്പ് ഉധംസിംഗ് നഗറിൽ. ഹൽദ്വാനിയിൽ തായ്‌കൊണ്ടോ,ഖോ ഖോ,ഫെൻസിംഗ്,ഫുട്ബാൾ, മോഡേൺ പെന്റാത്‌ലൺ,സ്വിമ്മിംഗ്,ട്രയാത്‌ലൺ എന്നിവ നടക്കും. അൽമോറയിൽ യോഗാസനയും പിത്തോഗഡിൽ ബോക്സിംഗും നടക്കും. പ്രദർശന ഇനമായ റാഫ്ടിംഗ് തനക്പൂരിലാണ്.

മത്സരങ്ങൾക്കുള്ള ഇൻഡോർ- ഔട്ട്ഡോർ സ്റ്റേഡിയങ്ങളുടെ നിർമ്മാണവും നവീകരണവും പൂർത്തിയായി കഴിഞ്ഞതായി സർക്കാർ അറിയിച്ചിട്ടുണ്ട്. ഡെറാഡൂണിലാണ് ഉദ്ഘാടനച്ചടങ്ങുകൾ.സമാപനം ഹൽദ്വാനിയിൽ.

പരിസ്ഥിതി സൗഹൃദം

വേദികൾ

വേദികളെല്ലാം പരിസ്ഥിതി സൗഹൃദമായ രീതിയിൽ തയ്യാറാക്കി ഗ്രീൻ ഗെയിംസിനാണ് തങ്ങൾ ഒരുങ്ങുന്നതെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയും കായിക മന്ത്രി രേഖ ആര്യയും പറഞ്ഞു. സംസ്ഥാനത്തിന്റെ അടിസ്ഥാന കായിക സൗകര്യവികസനത്തിനൊപ്പം ടൂറിസം സാദ്ധ്യതകളുമായി കൂട്ടിയിണക്കുന്നതിനും സർക്കാർ ശ്രമിക്കുകയാണ്. സുപ്രസിദ്ധ വിനോദ സഞ്ചാര കേന്ദ്രമായ നൈനിറ്റാളും ഡെറാഡൂണും അധ്യാത്മിക കേന്ദ്രമായ റിഷികേഷുമൊക്കെ ഗെയിംസ് വേദികളാവുന്നത് ഈ ലക്ഷ്യവുമായാണ്.

ഭാഗ്യചിഹ്നം

മൗലി

ഉത്തരാഖണ്ഡിന്റെ സംസ്ഥാന പക്ഷിയായ മൊനാലിന്റെ രൂപത്തിലാണ് ദേശീയ ഗെയിംസിന്റെ ഭാഗ്യചിഹ്നം രൂപകൽപ്പന ചെയ്തിരിക്കുന്നത്. മൗലി എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ഹിമാലയൻ താഴ്വരകളിൽ കാണപ്പെടുന്ന വർണശബളിമയുള്ള പക്ഷിയാണ് മൊനാൽ. ആവാസ വ്യവസ്ഥയിലെ കടന്നുകയറ്റങ്ങൾ ഇവയ്ക്ക് വംശനാശഭീഷണി ഉയർത്തുന്നത്കൂടി ശ്രദ്ധയിൽ പെടുത്താനാണ് മൊനാലിനെ ഭാഗ്യചിഹ്നമാക്കി മാറ്റിയത്.

കേരളം കഴിഞ്ഞ ഗെയിംസിനേക്കാൾ മികച്ച പ്രകടനം കാഴ്ചവെയ്ക്കണമെന്നാണ് ആഗ്രഹം.ജിംനാസ്റ്റിക്സ് പോലുള്ള ഇനങ്ങളിൽ ദേശീയ ചാമ്പ്യൻഷിപ്പിലെ മികച്ച പ്രകടനം പ്രതീക്ഷയേക്കുന്നു. അതേസമയം കളരിപ്പയറ്റ് ഇക്കുറി മത്സര ഇനമാക്കിമാറ്റാത്തത് ആശങ്കയുണർത്തുന്നു.

- വി.സുനിൽ കുമാർ, കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ്.

കോടതി പറഞ്ഞിട്ടും കളരി

കളത്തിന് പുറത്ത്

കഴിഞ്ഞ ഗെയിംസിൽ മത്സര ഇനമായിരുന്ന കളരിപ്പയറ്റിനെ ഇക്കുറി പ്രദർശന ഇനം മാത്രമാക്കി മാറ്റിയത് കേരളത്തിന്റെ മെഡൽ സാദ്ധ്യതകൾക്ക് വലിയ തിരിച്ചടിയാണ്. ഗോവ ഗെയിംസിൽ കേരളം നേടിയ 36 സ്വർണങ്ങളിൽ 19 എണ്ണവും കളരിയിൽ നിന്നായിരുന്നു.

കളരിയെ ഒഴിവാക്കിയതിനെതിരെ ഹരിയാന സ്വദേശിയായ കളരിതാരം ഡൽഹി ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ മത്സരഇനമാക്കാനുളള സാദ്ധ്യത പരിശോധിക്കണമെന്ന് നിർദ്ദേശമുണ്ടായെങ്കിലും സംഘാടകസമിതി അത് പ്രായോഗികമല്ലെന്ന നിലപാടാണ് സ്വീകരിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, NATIONAL GAMES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360