
2024ലെ ഐ.സി.സി ടെസ്റ്റ് ക്രിക്കറ്റർ ഒഫ് ദ ഇയറായി ജസ്പ്രീത് ബുംറ
വനിതാ വൺഡേ ക്രിക്കറ്റർ ഒഫ് ദ ഇയർ പുരസ്കാരം സ്മൃതി മാൻഥനയ്ക്ക്
ദുബായ് : ടെസ്റ്റിലെയും ഏകദിനത്തിലെയും ഇന്ത്യയുടെ വൈസ് ക്യാപ്ടന്മാരായ ജസ്പ്രീത് ബുംറയ്ക്കും സ്മൃതി മാന്ഥനയ്ക്കും ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ പുരസ്കാരത്തിളക്കം. ബുംറ ടെസ്റ്റ് ക്രിക്കറ്റർ ഒഫ് ദ ഇയർ പുരസ്കാരം സ്വന്തമാക്കിയപ്പോൾ സ്മൃതി വനിതാ ഏകദിന ക്രിക്കറ്റർ ഒഫ് ദ ഇയറായി തിരഞ്ഞെടുക്കപ്പെട്ടു. ഇതാദ്യമായാണ് ബുംറ ടെസ്റ്റ് ക്രിക്കറ്റർ ഒഫ് ദ ഇയറായി തിരഞ്ഞെടുക്കപ്പെടുന്നത്.
കഴിഞ്ഞ വർഷം കളിച്ച 13 ടെസ്റ്റ് മത്സരങ്ങളിൽനിന്ന് 71 വിക്കറ്റുകളാണ് ബുമ്ര നേടിയിട്ടുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഇംഗ്ലിഷ് താരം ഗസ് അറ്റ്കിൻസൺ 11 കളികളിൽനിന്ന് നേടിയത് 52 വിക്കറ്റുകൾ മാത്രവും.
ഒരു കലണ്ടർ വർഷത്തിൽ 70ന് മുകളിൽ വിക്കറ്റുകൾ നേടുന്ന നാലാമത്തെ മാത്രം ഇന്ത്യൻ താരമാണ് ബുംറ. കപിൽ ദേവ്, അനിൽ കുംബ്ലെ, ആർ. അശ്വിൻ എന്നിവർ മാത്രമാണു മുമ്പ് ഈ നേട്ടത്തിലെത്തിയത്.
ഇക്കഴിഞ്ഞ ഓസ്ട്രേലിയൻ പര്യടനത്തിൽ ബൗൾ ചെയ്ത ഒൻപത് ഇന്നിംഗ്സുകളിൽ നിന്ന് 32 വിക്കറ്റുകളാണ് 13.06 ആവറേജിൽ ബുംറ നേടിയത്.വിദേശത്ത് ഒരു ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ബൗളറുടെ ഏറ്റവും മികച്ച പ്രകടനമാണിത്.
ഈ പരമ്പരയിലെ ആദ്യ ടെസ്റ്റിലും അവസാന ടെസ്റ്റിലും ടീമിനെ നയിച്ചത് ബുംറയാണ് . പരമ്പരയിലെ ഇന്ത്യയുടെ ഏകവിജയവും ബുംറയുടെ ക്യാപ്ടൻസിക്ക് കീഴിലായിരുന്നു.
ഓസ്ട്രേലിയൻ പേസർമാരെ മറികടന്ന് ബുംറ പരമ്പരയിലെ മികച്ച താരമായി മാറുകയും ചെയ്തു.
ഏറ്റവും വേഗത്തിൽ 200 ടെസ്റ്റ് വിക്കറ്റുകൾ നേടുന്ന ഇന്ത്യൻ പേസറും 20-ന് താഴെ (19.5) ശരാശരിയിൽ 200 വിക്കറ്റ് തികയ്ക്കുന്ന ആദ്യത്തെ ബൗളറുമാണ് ബുംറ.
2024ൽ കളിച്ച 13 ഏകദിന ഇന്നിംഗ്സുകളിൽ 57.46 ശരാശരിയിൽ നാലു സെഞ്ച്വറികളും മൂന്ന് അർദ്ധ സെഞ്ച്വറികളുമടക്കം 747 റൺസ് നേടിയ പ്രകടനമാണ് സ്മൃതിയെ പുരസ്കാരത്തിന് അർഹയാക്കിയത്.
ഇത് രണ്ടാം തവണയാണ് സ്മൃതി ഐ.സി.സി ഏകദിന പ്ളേയർ ഒഫ് ദ ഇയർ പുരസ്കാരം നേടുന്നത്. 2018ലായിരുന്നു ആദ്യം.
2024ൽ ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ് സ്മൃതി. ലോറ വോൾവാറ്റ് (697), ടാമി ബ്യൂമോണ്ട് (554),ഹെയ്ലി മാത്യൂസ് (469) എന്നിവരെയാണ് സ്മൃതി മറികടന്നത്.
95.15 ആണ് 2024ൽ ഏകദിനത്തിലെ സ്മൃതിയുടെ സ്ട്രൈക്ക് റേറ്റ്.
ഒരു കലണ്ടർ വർഷം ഏകദിനത്തിൽ നാലുസെഞ്ച്വറികൾ നേടുന്ന ആദ്യ താരവുമാണ് 28കാരിയായ സ്മൃതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |