
തിരുവനന്തപുരം : ഉത്തരാഖണ്ഡിൽ ഹൈക്കോടതിയുടെ അനുകൂല വിധിയുമായി മത്സരിച്ച വനിതാ ടീം സ്വർണവും പുരുഷ ടീം വെള്ളിയും നേടിയത് കേരളത്തിന് അഭിമാനകരമായ നേട്ടമാണെന്ന് കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽ കുമാർ പറഞ്ഞു. ഈ ടീമുകൾക്ക് വിമാന ടിക്കറ്റോ, കിറ്റോ കൊടുത്തില്ലെന്ന് മാത്രമല്ല ഇവർ മത്സരിക്കുന്നതിനെതിരെ കോടതിയെ സമീപിക്കുകയാണ് സംസ്ഥാന സ്പോർട്സ് കൗൺസിൽ ചെയ്തത്. അവസാന നിമിഷമാണ് കോടതിവിധിയുണ്ടായത്. അതിനാൽ ഫുൾടീമായി പ്രാക്‌ടീസ് ചെയ്യാൻ പോലും അവസരം ഇവർക്ക് ലഭിച്ചില്ല.
അസോസിയേഷനുകളിൽ കുഴപ്പങ്ങൾ സൃഷ്ടിച്ച് കോടതി കയറ്റാനുള്ള സ്പോർട്സ് കൗൺസിലിന്റെ ശ്രമങ്ങളാണ് പ്രശ്നങ്ങൾക്ക് കാരണമായത്. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ നിർദ്ദേശങ്ങൾ അനുസരിച്ചാണ് കേരള ഒളിമ്പിക് അസോസിയേഷൻ റിട്ടയേഡ് ജഡ്ജികൂടി ഉൾപ്പെട്ട സെലക്ഷൻ കമ്മറ്റിയുണ്ടാക്കി വോളിബാൾ ടീമുകളെ തിരഞ്ഞെടുത്തത്. അതിനെയാണ് കൗൺസിൽ കോടതിയിൽ ചോദ്യം ചെയ്തത്. ഇത്തരം നീക്കങ്ങൾ കായികരംഗത്തെ തകർക്കാൻ മാത്രമേ സഹായിക്കൂവെന്ന് കൗൺസിലും ബന്ധപ്പെട്ട അധികൃതരും തിരിച്ചറിയണമെന്നും സുനിൽകുമാർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |