
ഡെറാഡൂൺ: ദേശീയ ഗെയിംസിൽ പൊന്നില്ലാത്ത തിങ്കളാഴ്ച കേരളത്തിന് ഇരട്ട വെള്ളിത്തിളക്കം. പുരുഷൻമാരുടെ 15 കിലോ മീറ്റർ സ്ക്രാച്ച് സൈക്ലിംഗിൽ അദ്വൈത് ശങ്കർ എസ്.എസും നീന്തലിൽ 200 മീറ്റർ വ്യക്തിഗത മെഡ്ലെയിൽ സാജൻ പ്രകാശുമാണ് വെള്ളി നേടിയത്.
അദ്വൈതിന്റെ നേട്ടവും
അനന്ദന്റെ ദു:ഖവും
15 കിലോ മീറ്റർ സ്ക്രാച്ച് സൈക്ലിംഗിലെ വെള്ളി നേട്ടം കുടുംബത്തിനും പരിശീലകർക്കുമാണ് അദ്വൈത് സമർപ്പിച്ചത്. കഴിഞ്ഞ വർഷം പരിക്ക് പറ്റിപുറത്തിരിക്കേണ്ടി വന്ന അദ്വൈതിനെ ട്രാക്കിലേക്ക് തിരിച്ചെത്താൻ സഹായിച്ചത് അവരായിരുന്നു. തിരുവനന്തപുരം ലോ കോളേജിലെ വിദ്യാർത്ഥിയാണ്. തിരുവന്തപുരം വടക്കേകുന്നത്ത് വീട്ടിൽ ചന്തവിള ശങ്കരന്റെയും ശ്രീകലകുമാരിയുടെയും മകനാണ്. അക്ഷയ്യാണ് സഹോദരൻ.
അതേസമയം ഈ ഇനത്തിൽ കേരളത്തിന്റെ തന്നെ അനന്ദൻ. എ നാലാമതായി ഫിനിഷ് ചെയ്തു. മത്സരത്തിനിടയിൽ തൊട്ടുമുന്നിലുള്ള മത്സരാർത്ഥികൾ തമ്മിലുള്ള കൂട്ടിയിടി കാരണമാണ് അനന്ദൻ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.
സർവീസസിന്റെ സഹിൽ കുമാറിനാണ് സ്വർണം.
വീണ്ടും സാജൻ
നീന്തലിൽ സാജൻ പ്രകാശിലൂടെ വീണ്ടും കേരളത്തിന്റെ അക്കൗണ്ടിൽ മെഡൽ എത്തി. 200 മീറ്റർ വ്യക്തിഗത മെഡ്ലെയിൽ നേടിയ വെള്ളിയിലൂടെ ദേശീയ ഗെയിംസിലെ സാജന്റെ മെഡൽ നേട്ടം 30 ആയി.ഇത്തവണ സാജന്റെ നാലാം മെഡലാണിത്. ഒരു സ്വർണം. ഒരു വെള്ളി രണ്ട് വെങ്കലം എന്നിവയാണ് സജൻ നേടിയത്.
ഇരട്ട ഫൈനൽ
രജത് ജയന്തി ഖേൽ പരിസാറിലെ ഭാഗീരഥി ഹാളിൽ 3 x 3 ബാസ്കറ്റ്ബോളിൽ കേരളത്തിന്റെ വനിതകളും പുരുഷന്മാരും ഫൈനലിൽ പ്രവേശിച്ചു. വനിതകൾ മധ്യപ്രദേശിനെ (13-10) തോൽപ്പിച്ചപ്പോൾ പുരുഷന്മാർ അധിക സമയത്തേക്കു നീണ്ട ത്രില്ലറിൽ തമിഴ്നാടിനെ (16-15 )പരാജയപ്പെടുത്തിയാണ് ഫൈനൽ ഉറപ്പിച്ചത് .
വാട്ടർ പോളോ: വനിതകൾ
ഫൈനലിൽ
വനിതകളുടെ വാട്ടർപോളോയിൽ നിലവിലെ ചാമ്പ്യൻമാരായ കേരളം ഫൈനലിലെത്തി. സെമിയിൽ ബംഗാളിനെ 15-8 ന് തോൽപ്പിച്ചു. ഫൈനലിൽ മഹാരാഷ്ട്രയെ നേരിടും.
പുരുഷ വിഭാഗത്തിൽ കേരളം സെമിയിൽ സർവീസസിനോട് പെരുതിതോറ്റു. 14-12 ന് ആയിരുന്നു കേരളത്തിന്റെ തോൽവി.
ഫുട്ബോളിൽ സെമി
പുരുഷ ഫുട്ബോളിൽ കേരളം സെമി ഫൈനലിന് യോഗ്യത നേടി. ഗ്രൂപ്പിലെ നിർണായക മത്സരത്തിൽ കേരളം സർവീസസിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപ്പിച്ചു. കേരളത്തിനായി ആദിൽ ഇരട്ടഗോളുകൾ നേടി തിളങ്ങി. ബബിൾ ശിവരി ഗണേഷ് ഒരുഗോൾ നേടി. ആദ്യ പകുതിയിൽ തന്നെ സർവീസസ് താരത്തിന് ചുവപ്പ് കാർഡ് ലഭിച്ചത് കേരളത്തിന് ഗുണം ചെയ്തു. നാളെ സെമിയിൽ കേരളം അസമിനെ നേരിടും.
ഷൂട്ടിംഗിൽ 50 മീറ്റർ 3 പെസിഷൻ വനിതാ വിഭാഗത്തിൽ ഫൈനലിൽ പ്രവേശിച്ച കേരളത്തിന്റെ വിദർഷ കെ വിനോദ് അഞ്ചാമതായി ഫിനിഷ് ചെയ്തു. ഫൈനലിൽ ആദ്യത്തെ 15 ഷോട്ടിലും പ്രാം പെസിഷനിൽ 15 ഷോട്ടിലും വിദർഷ മുന്നിലായിരുന്നു. പിന്നീട് എണീറ്റു നിന്നുള്ള പൊസിഷനിൽ പിന്നോട്ട് പോകുകയായിരുന്നു.
ബീച്ച് വോളിബോളിൽ കേരളത്തിന്റെ പുരുഷ ടീം രണ്ട് വിജയങ്ങൾ നേടി സെമിക്ക് അരികെയെത്തി. വനിതകളുടെ ബീച്ച് വോളിയിൽ കേരളത്തിന്റെ ഒരു ടീം സെമി കാണാതെ പുറത്തായി. രണ്ടാം ടീം ഒരു വിജയവും ഒരു തോൽവിയുമായി സെമി പ്രതീക്ഷയിലാണ്.
ബോക്സിംഗിൽ 92+ വിഭാഗത്തിൽ കേരളത്തിന്റെ മുഹ്സിൻ ക്വാർട്ടറിലെത്തി. ബാഡ്മിന്റൺ ഡബിൾസിൽ കേരളത്തിന്റെ ഇരുടീമുകളും പുറത്തായി. വെയ്റ്റ്്ലിഫ്ടിംഗിൽ കേരളത്തിന്റെ ബിസ്ന വർഗീസ് 185 കിലോ ഉയർത്തി നാലാമത് എത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |