
ലണ്ടൻ: പ്രീമിയർ ലീഗിൽ വെസ്റ്റ് ഹാമിനെതിരെ ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിലായിരുന്ന ചെൽസി രണ്ടാം പകുതിയിൽ രണ്ട് ഗോൾതിരിച്ചടിച്ച് ജയിച്ചു കയറി. ജയത്തോടെ മാഞ്ചസ്റ്റർ സിറ്റിയെ പിന്തള്ളി പോയിൻ്റ് ടേബിളിൽ നാലാമതെത്താനും ചെൽസിക്കായി.
പരിക്കിൽ നിന്ന് മോചിതനായി തിരിച്ചെത്തിയ ഇംഗ്ലീഷ് ഫോർവേഡ് ജാറോഡ് ബോവൻ്റെ ഗോളിൽ 42-ാം മിനിട്ടിൽ വെസ്റ്റ് ഹാം ലീഡെടുത്തു. എന്നാൽ രണ്ടാം പകുതിയിൽ പകരക്കാരനായെത്തിയ പെഡ്രോ നെറ്റോയിലൂടെ ചെൽസി സമനില പിടിച്ചു. 74 -ാം മിനിട്ടിൽ വെസ്റ്റ് ഹാമിൻ്റെ ആരോൺ വാൻ ബിസാക്കയുടെ സെൽഫ് ഗോളിൽ ചെൽസി ജയമുറപ്പിക്കുകയായിരുന്നു.
ചലഞ്ചിംഗ് ആംഗിളിൽ നിന്ന് കോൾപാൽമർ തൊടുത്ത ഇടങ്കാലൻ ഷോട്ട് തടയാൻ ശ്രമിച്ച വാൻ ബിസാക്കയുടെ കാലിൽ തട്ടി പന്ത് സ്വന്തം വലയിൽ കയറുകയായിരുന്നു.
24 മത്സരങ്ങളിൽ നിന്ന് 43 പോയിൻ്റാണ് ചെൽസിക്കുള്ളത്.
ഇത്രയും മത്സരങ്ങളിൽ നിന്ന് 27 പോയിൻ്റുള്ള വെസ്റ്റ് ഹാം 15-ാം സ്ഥാനത്താണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |