
പൂനെ: എം.ഡി നിധീഷ് അഞ്ച് വിക്കറ്റുമായി കളം നിറഞ്ഞ രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൻ്റെ ആദ്യ ദിവസം ജമ്മു കശ്മീരിനെതിരെ കേരളത്തിന് മേൽക്കൈ. ആദ്യ ദിനം കളി നിർത്തുമ്പോൾ ജമ്മു കശ്മീർ ഒന്നാം ഇന്നിംഗ്‌സിൽ എട്ട് വിക്കറ്റിന് 228 റൺസെന്ന നിലയിലാണ്.
ടോസ് നേടിയ കേരളം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മുൻ നിര ബാറ്റർമാരെ ചെറിയ സ്കോറിന് പുറത്താക്കി നിധീഷ് കേരളത്തിന്തു നല്ല തുടക്കം നല്കി. മികച്ച ഫോമിലുള്ള ശുഭം ഖജൂരിയയെ (14) സച്ചിൻ ബേബിയുടെ കൈയിൽ എത്തിച്ചാണ് നിധീഷ് വിക്കറ്റ് വേട്ട തുടങ്ങിയത്. 24 റൺസെടുത്ത യാവർ ഹസനെയും എട്ട് റൺസെടുത്ത വിവ്രാന്ത് ശർമ്മയെയും നിധീഷ് തന്നെ മടക്കി. 14 റൺസെടുത്ത ക്യാപ്‌ടൻ പരസ് ദോഗ്രയെ ബേസിൽ തമ്പിയും പുറത്താക്കിയതോടെ നാല് വിക്കറ്റിന് 67 റൺസെന്ന നിലയിലായിരുന്നു കശ്മീർ.
തുടർന്നെത്തിയ കനയ്യ വധാവൻ (44), സാഹിൽ ലോത്ര (35), ലോൺ നാസിർ മുസാഫർ (44) എന്നിവരുടെ ഇന്നിംഗ്സുകളാണ് കശ്മീരിന് തുണയായത്. കനയ്യയെയും ലോൺ നാസിറിനെയും പുറത്താക്കി നിധീഷാണ് കളി വീണ്ടും കേരളത്തിന് അനുകൂലമാക്കിയത്. ബേസിൽ എൻ.പിയും ആദിത്യ സർവാടെയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. കളി നിർത്തുമ്പോൾ യുധ്‌വീർ സിംഗ് (17), ആക്വിബ് നബി(5) എന്നിവരാണ് ക്രീസിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |