
രഞ്ജിട്രോഫിയിൽ ചരിത്രത്തിലെ ആദ്യ ഫൈനലിന് കേരളം ഇന്നിറങ്ങുന്നു
എതിരാളികൾ വിദർഭ, മത്സരം നാഗ്പൂരിൽ, ജിയോ ഹോട്ട്സ്റ്റാറിൽ ലൈവ്
നാഗ്പൂർ : കേരളത്തിന്റെ ക്രിക്കറ്റ് ചരിത്രത്തിലെ സുവർണമുഹൂർത്തമാണിന്ന് നാഗ്പൂർ ജാംതയിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ പിറക്കുക. തിരു -കൊച്ചിയായും പിന്നെ കേരളമായും രഞ്ജി ട്രോഫി കളിച്ചുവന്ന കേരളം ആദ്യമായി ഈ ടൂർണമെന്റിന്റെ ഫൈനലിൽ കളിക്കുന്ന സുവർണമുഹൂർത്തം. കേരളത്തിനായി ഇതുവരെ രഞ്ജി ട്രോഫിയിൽ കളിച്ച എല്ലാ ക്രിക്കറ്റർമാരും മനസിൽകണ്ട കിരീടസ്വപ്നം സഫലമാക്കാനിറങ്ങാൻ അവസരം ലഭിച്ചിരിക്കുന്നത് സച്ചിൻ ബേബിയുടെ നേതൃത്വത്തിലുള്ള 15 അംഗ സംഘത്തിന്. കഴിഞ്ഞ സീസണിലെ റണ്ണേഴ്സ് അപ്പായ വിദർഭയാണ് ഫൈനലിലെ കേരളത്തിന്റെ എതിരാളികൾ. സ്വന്തം ഗ്രൗണ്ടിൽ കളിക്കുന്നു എന്നതാണ് വിദർഭയുടെ കരുത്ത്. എവിടെയാണ് കളിയെങ്കിലും കിരീടം എന്നതാണ് കേരളത്തിന്റെ ഏകലക്ഷ്യം.
ക്വാർട്ടറിൽ ഒരു റൺ ഒന്നാം ഇന്നിംഗ്സ് ലീഡിന് ജമ്മു കാശ്മീരിനെയും സെമിയിൽ രണ്ടുറൺ ലീഡിന് ഗുജറാത്തിനെയും മറികടന്നെത്തിയത് കേരളത്തിന്റെ യുവസംഘത്തിന് ആത്മവിശ്വാസമേകുന്നു. ക്വാർട്ടറിൽ തമിഴ്നാടിനെ 198 റൺസിന് തോൽപ്പിച്ചിരുന്ന വിദർഭ സെമിയിൽ കഴിഞ്ഞ തവണ തങ്ങളെ ഫൈനലിൽ കീഴടക്കിയ മുംബയ്യെ 80 റൺസിന് തരിപ്പണമാക്കി പകരംവീട്ടിയാണ് തുടർച്ചയായ രണ്ടാം സീസണിലും കലാശക്കളിക്ക് ടിക്കറ്റെടുത്തിരിക്കുന്നത്.
കഴിഞ്ഞ മത്സരങ്ങളിൽ കളിച്ച കേരള ടീമിൽ കാര്യമായ മാറ്റങ്ങൾക്ക് സാദ്ധ്യതയില്ല. സൽമാൻ നിസാറും, മുഹമ്മദ് അസറുദ്ദീനും, ജലജ് സക്സേനയുമടക്കമുള്ള മധ്യനിരയും വാലറ്റവും മികച്ച ഫോമിലാണ്. മുൻനിര കൂടി ഫോമിലേക്ക് ഉയർന്നാൽ ബാറ്റിംഗ് അതിശക്തമാകും. കഴിഞ്ഞ കളിയിൽ ക്യാപ്ടൻ സച്ചിൻ ബേബി ഫോമിലേക്ക് മടങ്ങിയെത്തിയത് വലിയ ഉൗർജം പകരുന്നു. ബൗളിംഗിൽ നിധീഷും ജലജ് സക്സേനയും ആദിത്യ സർവാതെയുമാണ് കരുത്ത്. സീസണിൽ ഇത് വരെ പുറത്തെടുത്ത ആത്മവിശ്വാസം തുടരാനായാൽ ആദ്യ കിരീടം അസാധ്യമല്ല.
ഒരുപതിറ്റാണ്ടായി ആഭ്യന്തര ക്രിക്കറ്റിൽ ഏറ്റവും സ്ഥിരത പുലർത്തുന്ന ടീമുകളിലൊന്നാണ് വിദർഭ. 2018ലും 19ലും കപ്പുയർത്തിയ വിദർഭ കഴിഞ്ഞ വർഷം റണ്ണേഴ്സ് അപ്പുമായി. യഷ് റാത്തോഡ്, ഹർഷ് ദുബെ, അക്ഷയ് വാഡ്കർ, അഥർവ്വ തയ്ദെ, കരുൺ നായർ തുടങ്ങിയ പ്രതിഭകളാണ് വിദർഭയ്ക്ക് വേണ്ടി അണിനിരക്കുന്നത്.
നമ്മുടെ കരുൺ, അവരുടെ സർവാതെ
കേരളത്തിന് എതിരെ കളിക്കാനിറങ്ങുന്ന വിദർഭയുടെ കുന്തമുന മറുനാടൻ മലയാളിയായ കരുൺ നായരാണ്. കേരളത്തിന്റെ തുറുപ്പുചീട്ടാകട്ടെ നാഗ്പൂരിൽ ജനിച്ച് വിദർഭയ്ക്ക് വേണ്ടി കളിച്ചുവളർന്ന ആൾറൗണ്ടർ ആദിത്യ സർവാതെയും.
ആഭ്യന്തര ക്രിക്കറ്റിൽ കർണാടകയ്ക്ക് വേണ്ടി കളിച്ചിരുന്ന ബാംഗ്ളൂർ മലയാളിയായ കരുൺ ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ച്വറി നേടിയ താരമാണ്. ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരവിന് ശ്രമിക്കുന്ന കരുൺ ഈ സീസണിൽ രഞ്ജിയിലും ട്വന്റി-20യിലും ഏകദിനത്തിലുമൊക്കെയായി നിരനിരയായി സെഞ്ച്വറികൾ അടിച്ചുകൂട്ടി ശ്രദ്ധേയനായിരുന്നു. രഞ്ജിയിൽ ഈ സീസണിൽ ഇത് വരെ മൂന്ന് സെഞ്ച്വറികളടക്കം 642 റൺസാണ് കരുൺ നേടിയിട്ടുള്ളത്.
35കാരനായ സർവാതെ വിദർഭ ടീമിന്റെ കേളീ ശൈലി നന്നായി അറിയുന്നതാരമാണ്. നാഗ്പൂരിലെ പിച്ചിനെക്കുറിച്ച് നന്നായി അറിയുന്നയാളും . കേരളത്തിലേക്ക് വന്നിട്ട് അധികകാലമായിട്ടില്ലെങ്കിലും ബാറ്റിംഗിലും ബൗളിംഗിലും ടീമിന്റെ നട്ടെല്ലായി മാറിക്കഴിഞ്ഞു. ഗുജറാത്തിന് എതിരായ സെമിയിൽ അവസാന ദിവസം 29 റൺസ് നേടാൻ അനുവദിക്കാതെ മൂന്നുവിക്കറ്റുകളും എറിഞ്ഞിട്ടത് സർവാതെയായിരുന്നു.
933
സീസണിലെ ഒൻപത് മത്സരങ്ങളിൽ നിന്നായി 933 റൺസ് നേടിയ യഷ് റാത്തോഡിന് 17 റൺസ് കൂടി നേടാനായാൽ ഈ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാകാം.
66
വിക്കറ്റുകൾ നേടിയ ഹർഷ് ദുബെയ്ക്ക് മൂന്ന് വിക്കറ്റുകൾ കൂടി നേടിയാൽ രഞ്ജി ചരിത്രത്തിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന താരമെന്ന റെക്കോഡും സ്വന്തമാക്കാം.
350
ഐക്യകേരളപ്പിറവിക്ക് ശേഷം കേരളം കളിക്കുന്ന 350-ാമത് രഞ്ജി ട്രോഫി മത്സരം.
സച്ചിൻ ബേബി ഇന്ന് 'സെഞ്ച്വറി"യിലെത്തും
കേരള ക്യാപ്ടൻ സച്ചിൻ ബേബി ഇന്ന് കളത്തിലിറങ്ങുമ്പോൾ തന്നെ 'സെഞ്ച്വറി"യിലെത്തും. സച്ചിന്റെ 100-ാമത് ഫസ്റ്റ് ക്ളാസ് മത്സരമാണ് ഇന്നത്തേത്. 157 ഇന്നിംഗ്സുകളിൽ നിന്ന് 39.50 ശരാശരിയിൽ 5649 റൺസും 12 വിക്കറ്റുകളും ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിൽ സച്ചിൻ ബേബി നേടിയിട്ടുണ്ട്. 14 സെഞ്ച്വറികൾക്കും 28 അർദ്ധസെഞ്ച്വറികൾക്കും ഉടമ. 250 നോട്ടൗട്ടാണ് ഉയർന്ന സ്കോർ.
കേരളത്തിന് വേണ്ടി 100 ഫസ്റ്റ്ക്ളാസ് മത്സരങ്ങൾ കളിക്കുന്ന മൂന്നാമത്തെ താരമാകും സച്ചിൻ ബേബി. കെ.എൻ അനന്ത പത്മനാഭൻ (105),രോഹൻ പ്രേം(102) എന്നിവർമാത്രമാണ് സച്ചിന് മുന്നിലുള്ളത്.
ടീമുകൾ ഇവരിൽ നിന്ന്
കേരളം : സച്ചിൻ ബേബി(ക്യാപ്ടൻ), അക്ഷയ് ചന്ദ്രൻ,ബേസിൽ തമ്പി,ആദിത്യ സർവാതെ,ജലജ് സക്സേന,രോഹൻ കുന്നുമ്മൽ,മുഹമ്മദ് അസ്ഹറുദ്ദീൻ,സൽമാൻ നിസാർ,എം.ഡി നിതീഷ്, ഷോൺ റോജർ, അഹമ്മദ് ഇമ്രാൻ, ഏദൻ ആപ്പിൾ ടോം, ശ്രീഹരി എസ്.നായർ,ബേസിൽ എൻ.പി,ഷറഫുദ്ദീൻ,വൈശാഖ് ചന്ദ്രൻ,ആനന്ദ് കൃഷ്ണൻ,വരുൺ നായനാർ.
വിദർഭ : അക്ഷയ് വാദ്കർ(ക്യാപ്ടൻ),അഥർവ തയ്ദെ,കരുൺ നായർ, യഷ് റാഥോഡ്, നചികേത് ഭുട്ടെ, ഹർഷ് ദുബെ, യഷ് താക്കൂർ, യഷ് കദം, അക്ഷയ് കാർനേവാർ,മോഖാദേ,വാംഖഡെ,ആകാശ് കോംബേ, ധ്രുവ് ഷോറേ, നാൽകണ്ഡേ,സിദ്ധാർത്ഥവാദ്, ഡാനിഷ് മലേവർ,പാർത്ഥ് രഖാദേ.
8 തവണയാണ് കേരളവും വിദർഭയും രഞ്ജി ട്രോഫിയിൽ ഏറ്റുമുട്ടിയത്. ഇതിൽ രണ്ട് കളികളിൽ വീതം കേരളവും വിദർഭയും വിജയം കണ്ടു. നാലു മത്സരങ്ങൾ സമനിലയിൽ.
2002/03 സീസണിലെ ആദ്യ മത്സരത്തിലും 2007/08 സീസണിലുമായിരുന്നു കേരളത്തിന്റെ വിജയങ്ങൾ.
വിദർഭയുടെ വിജയങ്ങൾ രണ്ടും നോക്കൗട്ട് റൗണ്ടിലായിരുന്നു. 2017/18ലെ ക്വാർട്ടർ ഫൈനലിലും 2018/19ലെ സെമിയിലുമായിരുന്നു വിദർഭയുടെ വിജയങ്ങൾ.
ഏറെക്കാലമായി സ്വപ്നം കണ്ടിരുന്ന കാര്യമാണ് രഞ്ജിഫൈനൽ. ഈ കളിയിലും ജയിച്ച് നമുക്ക് കിരീടമുറപ്പിക്കാമെന്ന് പ്രതീക്ഷയുണ്ട്. ടീമംഗങ്ങളെല്ലാം തികഞ്ഞ ആത്മവിശ്വാസത്തിലാണ്.
- സച്ചിൻ ബേബി
കേരളം ഫൈനലിലെത്തിയതിൽ സന്തോഷമുണ്ട്. നല്ല പ്രകടനം കാഴ്ചവച്ചാലേ ഫൈനലിലെത്താനാകൂ. കഴിഞ്ഞ സീസണിലെ പിഴവുകൾ തിരുത്തി വിദർഭ ഇക്കുറി കിരീടം നേടണമെന്നാണ് ആഗ്രഹം
- കരുൺ നായർ, വിദർഭ താരം.
കേരളത്തിന്റെ ക്രിക്കറ്റ് ചരിത്രം മാറാനുള്ള സമയം ആഗതമായിരിക്കുന്നു. 1983 ലോകകപ്പ് ഇന്ത്യൻ ക്രിക്കറ്റിനെ മാറ്റിയതുപോലെ ഈ ഫൈനൽ ജയിക്കാനായാൽ കേരള ക്രിക്കറ്റും മാറും
- കെ.എൻ അനന്തപത്മനാഭൻ, മുൻ കേരള രഞ്ജി ക്യാപ്ടൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |