
അനോറ്റ: കോപ്പ ഡെൽ റേ ആദ്യ പാദ സെമിയിൽ റയൽ സോസിഡാഡിനെ ബ്രസീലിയൻ താരം എൻഡ്രിക്ക് നേടിയ ഗോളിൽ 1-0ത്തിന് കീഴടക്കി റയൽ മാഡ്രിഡ്. സോസിഡാഡിന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ 19-ാം മിനിട്ടിൽ ജൂഡ് ബെല്ലിംഗ്‌ഹാമിന്റെ തകർപ്പൻ അസിസ്‌റ്റിൽ നിന്നാണ് എൻഡ്രിക്ക് റയലിന്റെ ജയമുറപ്പിച്ച ഗോൾ നേടിയത്. ഇടവേളയ്‌ക്ക് തൊട്ടുമുൻപ്
മാഡ്രിഡ് ഡിഫൻഡർ റൗൾ അസൻസിയയ്‌ക്കെതിരെ സോസിഡാഡിന്റെ കാണികൾ പ്രകോപനപരമായ വാക്കുകൾ ഉപയോഗിച്ചതിന്റെ പേരിൽ മത്സരം അൽപ്പനേരം തടസപ്പെട്ടു. 'അസൻസിയോ ഡൈ' എന്ന് കാണികൾ നിരന്തരം ഉച്ചത്തിൽ വിളിക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്തവരുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന ആരോപണത്തെ തുടർന്ന് 22 കാരനായ അസൻസിയോയ്‌ക്കെതിരെ അന്വേഷണം നടക്കുകയാണ്. റയലിന്റെ മത്സരം നടക്കുന്ന പലവേദികളിലും അസൻസിയോയ്‌ക്കെതിരെ കാണികൾ മുദ്രാവാക്യം വിളിക്കാറുണ്ട്.
ഒരു മഞ്ഞക്കാർഡ് കൂടി കണ്ട അസൻസിയോയ്‌ക്ക് പകരം രണ്ടാം പകുതിയിൽ ലൂകാസ് വാസ്‌കസിനെ കോച്ച് ആൻസലോട്ടി കളത്തിലിറക്കിയിരുന്നു. ഏപ്രിൽ 2നാണ് രണ്ടാം പാദം.
പീറ്റേഴ്‌സൺ ഡൽഹിയുടെ മെന്റർ
ന്യൂഡൽഹി: അടുത്ത ഐ.പി.എൽ സീസണിലേക്ക് ഡൽഹി ക്യാപിറ്റൽസിന്റെ മെന്ററായി മുൻ ഇംഗ്ലണ്ട് താരവും കമന്റേറ്ററുമായ കെവിൻ പീറ്റേഴ്സണെ തിരഞ്ഞെടുത്തു. 44കാരനായ പീറ്റേഴ്‌സൺ ആദ്യമായാണ് ഒരു ഐ.പി.എൽ ടീമിന്റെ പരിശീലക സംഘത്തിൽ എത്തുന്നത്. നേരത്തേ ഡൽഹി ടീമിന്റെ മുൻ ക്യാപ്‌ടൻ കൂടിയാണ് പീറ്റേഴ്‌സൺ. ഡെയർഡെവിൾസ് എന്നായിരുന്നു അന്ന് ഡൽഹി ടീമിന്റെ പേര്.
അണ്ടർ 7 ചെസ്സ്
തിരുവനന്തപുരം: കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ രൂപീകരിച്ച സ്റ്റേറ്റ് ചെസ്സ് ടെക്നിക്കൽ കമ്മിറ്റി നടത്തുന്ന തിരുവനന്തപുരം ജില്ലാ അണ്ടർ 7 കുട്ടികളുടെ സെലക്ഷൻ ചാമ്പ്യൻഷിപ്പ് മാർച്ച് 2 ഞായറാഴ്ച പേട്ട എൽ.പി സ്കൂളിൽ സ്കൂളിൽ നടക്കും. 01/01/2018 ന് ശേഷം ജനിച്ചവർക്കാണ് ടൂർണമെന്റിൽ പങ്കെടുക്കാൻ അർഹതയുള്ളത്. കളിക്കാർ ഓൺലൈൻ വഴി (ഗൂഗിൾ ഫോം) ഇന്ന് രാത്രി 10ന് മുൻപ് പേര് രജിസ്റ്റർ ചെയ്യണം. സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതല്ല.
മത്സരാർത്ഥികൾ രാവിലെ 9.00ന് പേട്ട എൽ.പി സ്കൂളിൽ എത്തിച്ചേരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |