
റാവൽപിണ്ടി: ചാമ്പ്യൻസ് ട്രോഫിയിൽ ഇന്നലെ റാവൽപിണ്ടിയിൽ നടക്കേണ്ടിയിരുന്ന ആതിഥേയരായ പാകിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള ഗ്രൂപ്പ് എയിലെ മത്സരം മഴമൂലം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചു. ആദ്യ രണ്ട് മത്സരങ്ങളിലും തോറ്റ ഇരുടീമും മത്സരം ഉപേക്ഷിച്ചതിനെത്തുടർന്ന് വീതം വച്ച് കിട്ടിയ ഓരോ പോയിന്റുമായി ടൂർണമെന്റ് അവസാനിപ്പിച്ചു. നിലവിലെ ചാമ്പ്യന്മാർ കൂടിയാണ് പാകിസ്ഥാൻ. 29 വർഷത്തിന് ശേഷം ഒരു ഐ.സി.സി ടൂർണമെന്റിന് വേദിയായ പാകിസ്ഥാന് ആദ്യ റൗണ്ടിൽ തന്നെ പുറത്താകലെന്ന നാണക്കേട് ഏറ്റുവാങ്ങേണ്ടി വന്നു. ഒരു മത്സരത്തിൽപ്പോലും മുഹമ്മദ് റിസ്‌വാന്റെ നേതൃത്വത്തിലുള്ള പാകിസ്ഥാന് ജയിക്കാനായില്ല. ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരാണ് പാകിസ്ഥാൻ. ഒരു പോയിന്റ് വീതമാണെങ്കിലും നെറ്റ് റൺറേറ്റിൽ പാകിസ്ഥാനേക്കാൾ മുന്നിലുള്ള ബംഗ്ലാദേശ് മൂന്നാം സ്ഥാനത്തായി.
ഞായറാഴ്ച ഇന്ത്യയോട് 6 വിക്കറ്റിന് തോറ്റതിന് പിന്നാലെ വലിയ വിമർശനമാണ് എല്ലായിടത്തു നിന്നും പാകിസ്ഥാൻ ടീമിന് നേരെ ഉയരകുന്നത്. ആദ്യ മത്സരത്തിൽ ന്യൂസിലാൻഡിനോട് 60 റൺസിനായിരുന്നു പാകിസ്ഥാന്റെ തോൽവി. മറുവശത്ത് ഷാന്റൊയുടെ നേതത്വത്തിലുള്ള ബംഗ്ലാദേശും ഒരു ജയം പോലുമില്ലാതെയാണ് ടൂർണമെന്റിൽ നിന്ന് മടങ്ങുന്നത്. റാവൽപിണ്ടി വേദിയായി നിശ്ചിയിച്ച തുടർച്ചയായ രണ്ടാം മത്സരമാണ് മഴമൂലം ഉപേക്ഷിച്ചത്. നേരത്തേ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്ക മത്സരവും മഴമൂലം ഒരു പന്തുപോലും എറിയാതെ ഉപേക്ഷിച്ചിരുന്നു.
ഇന്നത്തെ മത്സരം
അഫ്‌ഗാൻ - ഓസ്ട്രേലിയ
(ഉച്ച കഴിഞ്ഞ് 2.30 മുതൽ, സ്റ്റാർ സ്പോർട്സ് ചാനലുകളിലും സ്‌പോർട്‌സ് 18ലും ഹോട്ട് സ്റ്റാറിലും തത്സമയം)
അടപടലം പാകിസ്ഥാൻ
3- തുടർച്ചയായ മൂന്നാമത്തെ ഐ.സി.സി ടൂർണമെന്റിൽ നിന്നാണ് പാകിസ്ഥാൻ ആദ്യ റൗണ്ടിൽ തന്നെ പുറത്താകുന്നത്. 2003ലെ ഏകദിന ലോകകപ്പിലും കഴിഞ്ഞ ട്വന്റി-20 ലോകകപ്പിലും പാകിസ്ഥാൻ ആദ്യ റൗണ്ടിൽ തന്നെ പുറത്തായിരുന്നു.
0- 29 വർഷത്തിന് ശേഷം ആതിഥേയരായ ഐ.സി.സി ടൂർണമെന്റിൽ നിന്ന് ഒരു ജയം പോലുമില്ലാതെയാണ് പാകിസ്ഥാന്റെ പുറത്താകൽ
2.3 കോടി - ആദ്യ റൗണ്ടിലെ പുറത്തായ പാകിസ്ഥാന് 265,00 ഡോളർ (2.3 കോടി ഇന്ത്യൻ രൂപ) ആണ് സമ്മാനത്തുകയായി കിട്ടുക.
53- 8 വർഷത്തിന് ശേഷം നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ കഴിഞ്ഞ തവണത്തേക്കാൾ സമ്മാനത്തുകയിൽ 53 ശതമാനത്തിന്റെ വർദ്ധനവാണുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |