SignIn
Kerala Kaumudi Online
Friday, 23 October 2026 5.51 PM IST

'സർവ'ശക്തി‌യു‌മെടുത്ത് ലീഡറാകാൻ ലീഡിനായി

d

നാഗ്പൂർ: രഞ്ജി ട്രോഫി ഫൈനലിൽ വിദർഭയ്‌ക്കെതിരെ ഒന്നാം ഇന്നിം‌ഗ്‌സ് ലീഡിനായി കേരളം പൊരുതുന്നു. വിദർഭയെ ഒന്നാം ഇന്നിം‌ഗ്‌സിൽ 379 റൺസിന് ഓൾഔട്ടാക്കിയ കേരളം രണ്ടാം ദിനം കളി നിറുത്തുമ്പോൾ ഒന്നാം ഇന്നിം‌ഗ്‌സിൽ 131/3 എന്ന നിലയിലാണ്. ഏഴ് വിക്കറ്റ് കൈയിലിരിക്കേ നിർണായകമായ ഒന്നാം ഇന്നിംഗ്‌സ് ലീഡിനായി കേരളത്തിന് 249 റൺസ് കൂടിവേണം. അർദ്ധ സെഞ്ച്വറി തികച്ച് 66 റൺസോടെ ആദിത്യ സർവാതെയും ഏഴ് റൺസുമായി ക്യാ‌പ്‌ടൻ സച്ചിൻ ബേബിയുമാണ് ക്രീസിൽ.

ഗുഡ് ബൗളംഗ്

രാവിലെ നാല് വിക്ക​റ്റിന് 254 റൺസെന്ന നിലയിൽ ഒന്നാം ഇന്നിംഗ്‌സ് പുനരാരംഭിച്ച വിദർഭയ്‌ക്ക് 125 റൺസ് കൂടി ചേർക്കുന്നതിനിടെ 6 വിക്കറ്റുകൾ നഷ്‌ടമാവുകയായിരുന്നു.

സെഞ്ച്വറി നേടി ഒന്നാം ദിനം വിർദർഭയെ പ്രതിസന്ധിയിൽ നിന്ന് രക്ഷിച്ച ഡാനിഷ് മലേവാറിന്റെ വിക്ക​റ്റാണ് ആദ്യം നഷ്ടമായത്. 153 റൺസെടുത്ത മലേവാറിനെ ബേസിൽ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. 285 പന്തുകളിൽ 15 ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതായിരുന്നു മലേവാറിന്റെ ഇന്നിം‌ഗ്‌സ്. 25 റൺസുമായി ബാ​റ്റിം‌ഗ് തുടരുകയായിരുന്ന യഷ് ഥാക്കൂറിനെയും ബേസിൽ തന്നെ മടക്കി. അപകടകാരിയായ യഷ് റാഥോഡിനെ (3) ഏദൻ ആപ്പിൾ ടോമും പുറത്താക്കി. ക്യാ‌പ്‌ടൻ അക്ഷയ് വാഡ്കറുടെയും നചികേത് ഭൂട്ടെയുടെയും നിർണായകമായ ചെറുത്തുനില്പുകളാണ് വിദർഭയെ 350 കടത്തിയത് . അക്ഷയ് വാഡ്കർ 23ഉം നചികേത് ഭൂടെ 32ഉം റൺസെടുത്തു. കേരളത്തിന് വേണ്ടി നിധീഷും ഏദൻ ആപ്പിൾ ടോമും മൂന്ന് വിക്ക​റ്റുകൾ വീതം വീഴ്‌ത്തി. ബേസിൽ രണ്ടും ജലജ് സക്‌സേന ഒരു വിക്ക​റ്റും നേടി.

വിറച്ചെങ്കിലും വീഴാതെ

മറുപടി ബാ​റ്റിംഗിന് ഇറങ്ങിയ കേരളത്തിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. ആദ്യ ഓവറിൽ തന്നെ റണ്ണെടുക്കാതെ രോഹൻ കുന്നുമ്മൽ പുറത്തായപ്പോൾ അക്ഷയ് ചന്ദ്രൻ 14 റൺസും നേടി മടങ്ങി. ഇരുവരെയും ദർശൻ നൽക്കണ്ടെ ക്ലീൻബൗൾഡാക്കുകായിരുന്നു. മൂന്നാം വിക്ക​റ്റിൽ ആദിത്യ സർവാതെയും അഹമ്മദ് ഇമ്രാനും (37) ചേർന്നുള്ള 93 റൺസ് കൂട്ടുകെട്ടാണ് കേരളത്തെ കരകയ​റ്റിയത്. പരിചിതമായ സാഹചര്യങ്ങളുടെ ആനുകൂല്യം മുതലാക്കി ആത്മവിശ്വാത്തോടെ ബാ​റ്റ് വീശീയ ആദിത്യ സർവാതെ ഇടംകൈയൻ സ്പിന്നർ ഹർഷ് ദുബൈ അടക്കമുള്ള വിദർഭ ബൗളർമാരെ സമർഥമായി നേരിട്ട് കേരളത്തെ മുന്നോട്ടു കൊണ്ടുപോയി. 90 പന്തുകളിൽ നിന്നാണ് സർവാതെ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കിയത്. സർവാതെയ്‌ക്ക് മികച്ച പിന്തുണ നല്കിയ അഹ്മദ് ഇമ്രാൻ അവസാന സെക്ഷനിലാണ് പുറത്തായത്. തുടർന്ന് സച്ചിനും സർവാതെയും വിക്കറ്റുകൾ നഷ്ട‌മാക്കാതെ കേരളത്തെ രണ്ടാം ദിനം കടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, RANJI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360