
ധാക്ക : ബംഗ്ലാദേശ് ക്രിക്കറ്റർ മുഷ്ഫിഖുർ റഹിം ഏകദിനത്തിൽ നിന്ന് വിരമിച്ചു. ഏറ്റവും കൂടുതൽ ഏകദിനങ്ങൾ കളിച്ച ബംഗ്ലാദേശി താരമായ മുഷ്ഫിഖുർ ചാമ്പ്യൻസ് ട്രോഫിയിലെ ടീമിന്റെ ദയനീയ പ്രകടനത്തിനു പിന്നാലെയാണ് തന്റെ തീരുമാനമറിയിച്ചത്. മുപ്പത്തേഴുകാരനായ മുഷ്ഫിഖുർ രണ്ടു പതിറ്റാണ്ടോളം നീണ്ട കരിയറിൽ ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ ബംഗ്ളാദേശി താരം എന്ന റെക്കാഡിനും ഉടമയാണ്.
2006ൽ സിംബാബ്‌വെയ്ക്കെതിരെയാണ് ഏകദിന അരങ്ങേറ്റം. ചാമ്പ്യൻസ് ട്രോഫിയിൽ ന്യൂസിലാൻഡിന് എതിരെ അവസാന മത്സരം. 274 മത്സരങ്ങളിൽ 36.42 ശരാശരിയിൽ 7795 റൺസാണ് സമ്പാദ്യം. ഇതിൽ ഒൻപതു സെഞ്ചറികളും 49 അർദ്ധസെഞ്ചറികളും ഉൾപ്പെടുന്നു. സ്ട്രൈക്ക് റേറ്റ് 79.70 . ബംഗ്ലദേശ് താരങ്ങളിൽ 8357 റൺസുമായി തമിം ഇക്ബാൽ മാത്രമാണ് ഏകദിന റൺവേട്ടയിൽ മുഷ്ഫിഖുറിന് മുന്നിലുള്ളത്. 144 റൺസാണ് ഏകദിനത്തിലെ ഉയർന്ന സ്കോർ. വിക്കറ്റ് കീപ്പറായ മുഷ്ഫിഖുർ റഹിം 243 ക്യാച്ചുകളും 56 സ്റ്റമ്പിംഗുകളുമായി 299 പുറത്താക്കലുകളിലും പങ്കാളിയായിട്ടുണ്ട്.
ചാമ്പ്യൻസ് ട്രോഫിയിൽ ന്യൂസിലാൻഡിനെതിരെ അഞ്ച് പന്തിൽ രണ്ടു റൺസാണ് മുഷ്ഫിഖുറിന് നേടാനായത്. ബംഗ്ലാദേശ് ഈ കളി അഞ്ച് വിക്കറ്റിനു തോൽക്കുകയും ചെയ്തു. അതിനു തൊട്ടുമുമ്പ് ഇന്ത്യയ്‌ക്കെതിരായ മത്സരത്തിൽ അക്ഷർ പട്ടേലിന്റെ പന്തിൽ മുഷ്ഫിഖുർ ഗോൾഡൻ ഡക്കായിരുന്നു.
ബംഗ്ളാദേശ് ക്രിക്കറ്റ് ടീമിന് അന്താരാഷ്ട്ര തലത്തിൽ വലുതായി ഒന്നും നേടാനായിട്ടില്ലായിരിക്കാം. പക്ഷേ രാജ്യത്തിനായി കളത്തിലിറങ്ങുമ്പോഴൊക്കേയും നൂറുശതമാനത്തിൽ കൂടുതൽ പ്രകടനം പുറത്തെടുക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്.
- മുഷ്ഫിഖുർ റഹിം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |